ഏറ്റവും കൂടുതല്‍ വിധി ന്യായങ്ങള്‍ പ്രസ്താവിച്ച സുപ്രീം കോടതി ജഡ്ജിമാരുടെ പട്ടികയില്‍ ഇടം പിടിച്ച് ജസ്റ്റിസ് കുര്യന്‍ ജോസഫ്

ഏറ്റവും കൂടുതല്‍ വിധികള്‍ എഴുതിയ സുപ്രീം കോടതി ജഡ്ജിമാരുടെ പട്ടികയില്‍ ഇടംനേടി ജസ്റ്റിസ് കുര്യന്‍ ജോസഫ്. പട്ടികയില്‍ ഉള്‍പ്പെടുന്ന ആദ്യമലയാളി ജസ്റ്റിസ് കൂടിയാണ് ഇദ്ദേഹം. അഞ്ചുവര്‍ഷത്തെ സേവനകാലയളവില്‍ 1031 വിധിന്യായങ്ങളാണ് അദ്ദേഹം പ്രസ്താവിച്ചത്. ആയിരത്തിലധികം വിധിന്യായങ്ങള്‍ പുറപ്പെടുവിച്ച പത്ത് ന്യായാധിപന്മാരുടെ പട്ടികയിലാണ് കുര്യന്‍ ജോസഫ് ഇടം നേടിയിരിക്കുന്നത്. സുപ്രീം കോടതിയില്‍ അഞ്ചു വര്‍ഷവും എട്ടു മാസവും നീണ്ട സേവനത്തിനിടെയാണ് അദ്ദേഹത്തിന്റെ റെക്കോഡ്. 2013 മാര്‍ച്ച് എട്ടിനാണ് അദ്ദേഹം സുപ്രീം കോടതി ജസ്റ്റിസായി നിയമിതനാനായത്.

സുപ്രീം കോടതിയില്‍, ഇതുവരെ സേവനം അനുഷ്ഠിച്ച ജസ്റ്റിസുമാര്‍ എഴുതിയ വിധികളുടെ കണക്കിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ പട്ടികയില്‍ പത്താമതാണ് ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ സ്ഥാനം. ഒമ്പത് വര്‍ഷത്തോളം നീണ്ട കാലയളവില്‍ 2692 വിധികള്‍ പുറപ്പെടുവിച്ച ജസ്റ്റിസ് അരിജിത് പാസായത്താണ് പട്ടികയില്‍ മുന്നില്‍. 2001 മുതല്‍ 2009 വരെയായിരുന്നു സുപ്രീം കോടതിയില്‍ അദ്ദേഹത്തിന്റെ സേവനം അനുഷ്ഠിച്ചത്. കെ രാമസ്വാമി (2252), എസ് ബി സിന്‍ഹ (2202), ജെ സി ഷാ (1881), ജി ബി പട്‌നായിക് (1338), പി ബി ഗജേന്ദ്രഗഡ്കര്‍ (1212), കെ എന്‍ വാന്‍ചൂ (1210), പി. സദാശിവം (1145), എം.ഹിദായത്തുള്ള (1097) എന്നിവരാണ് പട്ടികയില്‍ യഥാക്രമം രണ്ടു മുതല്‍ ഒമ്പത് വരെ സ്ഥാനങ്ങളില്‍.

നിലവില്‍ കേരള ഗവര്‍ണറായ ജസ്റ്റിസ് പി സദാശിവം, 2007 മുതല്‍ 2014 വരെയുള്ള സുപ്രീം കോടതി സേവനകാലയളവിലാണ് 1145 വിധികള്‍ പുറപ്പെടുവിച്ചത്. അതുമായി താരമതമ്യപ്പെടുത്തുമ്പോള്‍ അഞ്ചുവര്‍ഷത്തെ സേവന കാലയളവില്‍ തന്നെ ജസ്റ്റിസ് കുര്യന്‍ ജോസഫ് കൂടുതല്‍ വിധികള്‍ പ്രസ്താവിച്ച ന്യായാധിപന്മാരുടെ പട്ടികയില്‍ എത്തിയെന്നതാണ് ശ്രദ്ധേയം.

മുത്തലാഖ്, ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ തുടങ്ങിയ സുപ്രധാന കേസുകളില്‍ ഭരണഘടനാ ബെഞ്ചിന്റെ ഭാഗമായി ജസ്റ്റിസ് കുര്യന്‍ ജോസഫ് വിധികള്‍ വിധിന്യായങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. കുടുംബ തര്‍ക്കങ്ങള്‍, വിവാഹ മോചനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട കേസുകളിലെ അദ്ദേഹത്തിന്റെ വിധിന്യായങ്ങള്‍ ഏറെ ശ്രദ്ധേയമാണ്. അച്ഛനും അമ്മയും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ കോടതി ഇടപെടല്‍ സഹായിച്ചതിനെ തുടര്‍ന്ന് മകന്‍ തനിക്ക് അയച്ച നന്ദി കത്ത് ഒരു വിധിന്യായത്തില്‍ ജസ്റ്റിസ് കുര്യന്‍ ജോസഫ് പ്രസിദ്ധീകരിച്ചിരുന്നു.

വ്യത്യസ്തമായ ഈ വിധിന്യായം കോടതിയുടെ മാനുഷിക ഇടപെടലിന്റെ മാതൃകയായാണ് അന്ന് വാര്‍ത്തകളില്‍ ഇടം നേടിയത്. അഞ്ചു വര്‍ഷത്തെ സേവനത്തിന് ശേഷം ജസ്റ്റിസ് കുര്യന്‍ ജോസഫ് ഈ മാസം 29 ന് സര്‍വീസില്‍ നിന്ന് വിരമിക്കും.കേരളത്തിലെ പ്രളയ ദുരിതാശ്വാസത്തിനായി പണം സ്വരൂപിക്കാന്‍ ഡല്‍ഹിയില്‍ കോടതികള്‍ കേന്ദ്രീകരിച്ചു നടന്ന മുഴുവന്‍ പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍നിരയില്‍ നിന്നതും ജസ്റ്റിസ് കുര്യന്‍ ജോസഫാണ്.

Share this news

Leave a Reply

%d bloggers like this: