എ.പി.ജെ അബ്ദുള്‍ കലാമിന്റെ മൃതദേഹം ഡല്‍ഹിയിലെത്തിച്ചു..സംസ്കാരം നാളെ

ന്യൂഡല്‍ഹി : ഇന്നലെ അന്തരിച്ച മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാമിന്റെ മൃതദേഹം ഡല്‍ഹിയിലെത്തിച്ചു. ഉച്ചയ്ക്ക് 12 മണിയോടെ വ്യോമസേനയുടെ പ്രത്യേക വിമാനമായ ‘സൂപ്പര്‍ ഹെര്‍ക്കുലീസി’ലാണ് മൃതദേഹം ഡല്‍ഹിയില്‍ എത്തിച്ചത്. വിമാനത്തിനുള്ളില്‍ മൃതദേഹം ഏറ്റുവാങ്ങുന്ന ചടങ്ങുകള്‍ 15 മിനിട്ടോളം നീണ്ടു. കരനാവികവ്യോമ സേനാ മേധാവികള്‍ ഏറ്റുവാങ്ങിയ മൃതദേഹം ഏറ്റുവാങ്ങി വിമാനത്താവളത്തില്‍ പ്രത്യേകം സജ്ജീകരിച്ച വേദിയിലെത്തിച്ചു. തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി, രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, കരനാവികവ്യോമ സേനാമേധാവികള്‍ തുടങ്ങിയ പ്രമുഖര്‍ കലാമിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

കലാമിന്റെ ബന്ധുക്കളും ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്. ഡല്‍ഹി രാജാജി മാര്‍ഗിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കുന്ന മൃതദേഹത്തില്‍ ഉച്ചയ്ക്ക് ഒന്നര മുതല്‍ മൂന്ന് മണിവരെ രാജ്യത്തെ പ്രമുഖ വ്യക്തികള്‍ ആദരാഞ്ജലി അര്‍പ്പിക്കും. തുടര്‍ന്ന് മൂന്നു മണി മുതല്‍ പൊതുജനങ്ങള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാനുള്ള സൗകര്യമുണ്ട്.

ജന്മനാടായ രാമേശ്വരത്ത് നാളെയാണ് സംസ്‌കാരം.തിങ്കളാഴ്ച വൈകിട്ട് ഏഴുമണിയോടെ മേഘാലയയിലെ ഷില്ലോങ്ങില്‍ ഐ.ഐ.എം. സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെ ഹൃദയാഘാതത്തെത്തുടര്‍ന്ന് അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാത്രി ഒമ്പതുമണിയോടെയാണ് മരണം സ്ഥിരീകരിച്ചത്.

Share this news

Leave a Reply

%d bloggers like this: