എസ്. പി ബാലസുബ്രമണ്യം അയര്‍ലണ്ടിലേക്ക്…

ഇന്ത്യന്‍ സംഗീതലോകത്ത്, ഭാഷകളുടെ അതിര്‍വരമ്പുകള്‍ക്കും അതീതനായി ജനമനസ്സുകളില്‍ നിറഞ്ഞുനില്‍ക്കുന്ന സംഗീത ചക്രവര്‍ത്തി ശ്രീ. എസ്. പി ബാലസുബ്രമണ്യം, 2019 ഫെബ്രുവരി 2)o തിയ്യതി, അയര്‍ലണ്ടില്‍ തന്റെ മാസ്മരിക സംഗീതത്തിന്റെ വിരുന്നൊരുക്കാന്‍ എത്തുന്നു. അദ്ദേഹത്തോടൊപ്പം, പിന്തുണയേകാന്‍ അതിപ്രശസ്തമായ ‘ലക്ഷ്മണ്‍ ശ്രുതി ഓര്‍ക്കസ്ട്രയും’ ഉണ്ടായിരിക്കുന്നതാണ്.

‘ഡാഫൊഡില്‍സ്’ ഇന്ത്യന്‍ കള്‍ച്ചറല്‍ കമ്മ്യൂണിറ്റി, അയര്‍ലന്‍ഡ് അവതരിപ്പിക്കുന്ന ഈ ബ്രഹത് സംരംഭത്തിന്റെ (SPB Classics 2019 a Complete Live Event) ഫസ്റ്റ് ലുക്ക് പോസ്റ്ററിന്റെയും, ടീസറിന്റെയും പ്രകാശനവും, ഔദ്യോഗിക വെബ്‌സൈറ്റിന്റെ ലോഞ്ചിങ്ങും 29092018 ശനിയാഴ്ച വൈകീട്ട് ഡബ്ലിന്‍ സയന്റോളജി സെന്ററില്‍ വച്ച് പ്രൗഡ്ഢഗംഭീരമായ സദസ്സിനു മുന്‍പില്‍ നടത്തപ്പെട്ടു. ഐ ടി പ്രൊഫെഷനലും, ഡാഫൊഡില്‍സ് ടീമിലെ സജീവ അംഗവുമായ ബിനില്‍ രൂപകല്‍പന ചെയ്ത ഡാഫൊഡില്‍സിന്റെ വെബ്‌സൈറ്റിന് ഉജ്ജ്വലമായ സ്വീകരണമാണ് വേദിയില്‍ ലഭിച്ചത്. കണ്ണഞ്ചിപ്പിക്കുന്ന പോസ്റ്ററും, ത്രസിപ്പിക്കുന്ന ടീസറും നിറഞ്ഞ ഹര്‍ഷാരവങ്ങളോടെയാണ് സദസ്സ്യര്‍ സ്വീകരിച്ചത്.

ബഹുമാന്യനായ ഇന്ത്യന്‍ എംബസി കൗണ്‍സിലര്‍ ശ്രീ. സോമനാഥ് ചാറ്റര്‍ജിയുടെയും, യൂറേഷ്യ ചെയര്‍മാനും, അയര്‍ലണ്ടിലെ സാംസ്‌കാരിക മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങളില്‍ ഒരാളുമായ ഡോക്ടര്‍ പുരിയുടെയും മഹനീയ സാന്നിധ്യത്തില്‍ നടന്ന വര്‍ണ്ണാഭമായ ചടങ്ങില്‍ അയര്‍ലന്‍ഡിലെ വിവിധ ഇന്ത്യന്‍ കമ്മ്യൂണിറ്റികളുടെയും, ഒപ്പം കേരളത്തില്‍ നിന്നുമുള്ള വിവിധ അസ്സോസ്സിയേഷനുകളുടെയും പ്രതിനിധികള്‍ പങ്കെടുത്തു. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നഡ, പഞ്ചാബി, ഹിന്ദി ഭാഷകള്‍ സംസാരിക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ, പ്രമുഖ അസ്സോസ്സിയേഷനുകളുടെ പ്രതിനിധികള്‍ ഒന്നിച്ചു ചേര്‍ന്നപ്പോള്‍ ഇന്ത്യാ മഹാരാജ്യത്തിന്റെ ഒരു പരിച്ഛേദമായി സയന്റോളജി സെന്റര്‍ മാറുകയായിരുന്നു.

‘ആയുസ്സിന്റെ സ്വപ്നസാക്ഷാല്‍ക്കാരം’ എന്ന് പല പ്രതിനിധികളും വിശേഷിപ്പിച്ച എസ്. പി ബാലസുബ്രഹ്മണ്യം സംഗീതരാവ് വന്‍വിജയമാക്കുന്നതിനാവശ്യമായ മുഴുവന്‍ പിന്തുണയും ചടങ്ങില്‍ പങ്കെടുത്ത വിവിധ സംഘടനാഭാരവാഹികള്‍ വാഗ്ദാനം ചെയ്യുകയുണ്ടായി.

ശ്രീ. രാജേഷ് ഉണ്ണിത്താന്‍ മുഖ്യ അവതാരകനായെത്തിയ യോഗത്തില്‍, ശ്രീ. അന്‍സാര്‍ സ്വാഗതപ്രസംഗം നടത്തി. തുടര്‍ന്ന് ‘ഡാഫൊഡില്‍സ്’ അയര്‍ലണ്ടിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ഒരു ലഘുവിവരണം ശ്രീ. സജേഷ് സദസ്സിനു നല്‍കുകയുണ്ടായി. ചടങ്ങില്‍ പങ്കെടുത്ത ഏവര്‍ക്കും ശ്രീ.ബെന്നി ചെമ്മനം നന്ദി പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: