എസ്.എന്‍.ഡി.പി പാര്‍ട്ടി രൂപീകരിക്കുന്നത് സംബന്ധിച്ച് തീരുമാനം,കൗണ്‍സിലിനെ നിയോഗിച്ചു

ആലപ്പുഴ: എസ്.എന്‍.ഡി.പി യോഗത്തിന്റെ നേതൃത്വത്തില്‍ ഉടന്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കില്ല. പാര്‍ട്ടി രൂപീകരിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ചേര്‍ത്തലയില്‍ ഇന്നു ചേര്‍ന്ന യോഗം കൗണ്‍സിലിനെ നിയോഗിച്ചു. ഭൂരിപക്ഷ സമുദായത്തിലെ സമാന ചിന്താഗതിക്കാരുമായി ആലോചിച്ച് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുമെന്ന് യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.

രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കണമെന്ന ആവശ്യം യോഗത്തില്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് രഹസ്യ വോട്ടിംഗ് നടത്തിയാണ് തീരുമാനം കൈക്കൊണ്ടത്. നാലു പേരൊഴികെ മറ്റുള്ളവരെല്ലാം രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതിനെ പിന്തുണച്ചു. എന്നാല്‍, യോഗ തീരുമാനത്തില്‍ ചെറിയ മാറ്റം വരുത്തി, പാര്‍ട്ടി രൂപീകരിക്കുന്നതിന് മുന്പ് ഭൂരിപക്ഷ സമുദായങ്ങളുടെ അഭിപ്രായം തേടാന്‍ തീരുമാനിക്കുകയായിരുന്നു എന്നും വെള്ളാപ്പള്ളി വിശദീകരിച്ചു.

നവംബര്‍ 15 മുതല്‍ 30വരെ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ സംരക്ഷണ യാത്ര നടത്തും. തിരുവനന്തപുരത്തെ സമാപനചടങ്ങില്‍ ലക്ഷങ്ങളെ പങ്കെടുപ്പിക്കും. നായാടി മുതല്‍ നന്പൂതിരി വരെ ഏത് സമുദായക്കാര്‍ക്കും പങ്കെടുക്കാം. ഭൂരിപക്ഷ സമുദായത്തോടുള്ള അവഗണന തുറന്നു കാട്ടുകയാണ് യാത്രയുടെ ലക്ഷ്യമെന്നും അദ്ദേഹം അറിയിച്ചു.

തദ്ദേശ തിരഞ്ഞെടുപ്പില്‍ എസ്.എന്‍.ഡി.പിയിലെ അംഗങ്ങള്‍ക്ക് സ്വതന്ത്രരായി മത്സരിക്കാനും യോഗം അനുമതി നല്‍കി. പക്ഷേ, മത്സരിക്കുന്നതിന് മുന്പ് യൂണിയനുകളുടെ അനുമതി വാങ്ങിയിരിക്കണമെന്നും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. സംഘടനയെ കൂടുതല്‍ സജീവമാക്കാനും യോഗത്തില്‍ തീരുമാനമായി.

Share this news

Leave a Reply

%d bloggers like this: