എസ്ബിഐ അക്കൗണ്ടില്‍ പണം നിക്ഷേപിക്കുന്നതിന് സമ്മതപത്രം; ഉത്തരവിനെതിരെ പ്രതിഷേധം

അക്കൗണ്ടില്‍ പണം നിക്ഷേപിക്കുന്നതിന് സമ്മതപത്രം വേണമെന്ന എസ്ബിഐ ഉത്തരവിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മറ്റൊരാളുടെ അക്കൗണ്ടില്‍ പണം നിക്ഷേപിക്കണമെങ്കില്‍ അക്കൗണ്ട് ഉടമയുടെ സമ്മതപത്രം വേണമെന്ന ഉത്തരവ് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് എസ്ബിഐ നടപ്പിലാക്കിയത്.ഉത്തരവ് അനുസരിച്ച് മറ്റൊരാളുടെ അക്കൗണ്ടില്‍ പണം നിക്ഷേപിക്കുന്നതിന് അക്കൗണ്ട് ഉടമയുടെ സമ്മതപത്രം സമര്‍പ്പിക്കുകയോ പണമടയ്ക്കുന്ന സ്ലിപ്പില്‍ ഉടമയുടെ ഒപ്പ് രേഖപ്പെടുത്തുകയോ വേണം.

പണമടയ്ക്കുന്നയാള്‍ എസ്ബിഐ ഇടപാടുകാരനാണെങ്കില്‍ സമ്മത പത്രം നല്‍കേണ്ടതില്ല. പകരം സ്വന്തം അക്കൗണ്ട് നമ്പര്‍ സ്ലിപ്പില്‍ രേഖപ്പെടുത്തണം. എസ്ബിഐയുടെ മിക്ക ബ്രാഞ്ചുകളിലും പുതിയ പരിഷ്‌കാരം വ്യക്തമാക്കിബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. അന്യസംസ്ഥാന തൊഴിലാളികള്‍ക്കും വിദേശത്തും മറ്റു സംസ്ഥാനങ്ങളിലും പഠിക്കുന്ന മക്കള്‍ക്ക് പണം അയച്ചു കൊടുക്കുന്ന മാതാപിതാക്കളുമാണ് പുതിയ ഉത്തരവില്‍ ബുദ്ധിമുട്ടനുഭവിക്കുന്നത്. എസ്ബിഐ അക്കൗണ്ടുള്ളവര്‍ എടിഎം കാര്‍ഡുമായി എത്തിയാല്‍ 40000 രൂപ വരെ മറ്റ് എസ്ബിഐ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാം. അടിയന്തിര ആവശ്യങ്ങള്‍ക്ക് പണം നിക്ഷേപിക്കാനെത്തുന്നവരെ മടക്കി അയക്കരുതെന്ന നിര്‍ദേശവും എസ്ബിഐ നല്‍കിയിട്ടുണ്ട്

പുതിയ പരിഷ്‌കാരത്തില്‍ ഇടപാടുകാര്‍ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. എന്നാല്‍ ആര്‍ബിഐയുടെ ഉത്തരവ് പ്രകാരമാണ് പുതിയ മാറ്റമെന്നും ഭാവിയില്‍ എല്ലാ ബാങ്കുകളും ഇത് നടപ്പിലാക്കേണ്ടി വരുമെന്നുമാണ് എസ്ബിഐയുടെ വിശദീകരണം. ആര്‍ബിഐയുടെ നിര്‍ദേശത്തില്‍ അവ്യക്തതകളുണ്ടെന്ന കാര്യവും ബാങ്കുകള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അതില്‍ പ്രധാനം എത്ര രൂപവരെ ഇതര അക്കൗണ്ടിലേക്ക് പണമായി നിക്ഷേപിക്കാമെന്ന കാര്യമാണ്. ഇത് സംബന്ധിച്ച ഒരു വിവരവും നിര്‍ദേശത്തിലില്ല. മെഷീന്‍ വഴി പണം ഡെപ്പോസിറ്റ് ചെയ്യുന്നവരുടെ കാര്യത്തില്‍ നിയന്ത്രണം എങ്ങനെ സാധ്യമാകുമെന്നും വ്യക്തതയില്ല.

 

 

എ എം

Share this news

Leave a Reply

%d bloggers like this: