എസ്തര്‍ അനുഹ്യയെ ബലാത്സംഗം ചെയ്ത കൊലപ്പെടുത്തിയ പ്രതി സനാപിന് വധശിക്ഷ, കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമെന്ന് കോടതി

 

മുംബൈ: സോഫ്റ്റ് വെയര്‍ എഞ്ചിനീയറായിരുന്ന ആന്ധ്രാപ്രദേശ് സ്വദേശിനി എസ്തര്‍ അനുഹ്യയെ മാനഭംഗത്തിരിനിരയാക്കി കൊലപ്പെടുത്തിയ കേസില്‍ പ്രതിക്കു പ്രത്യേക കോടതി വധശിക്ഷ വിധിച്ചു. കാര്‍വേ നഗര്‍ സ്വദേശിയായ ചന്ദ്രബാന്‍ സനാപിനെയാണു മുംബൈയിലെ പ്രത്യേക കോടതി ജഡ്ജി വൃശാലി ജോഷി തൂക്കിക്കൊല്ലാന്‍ വിധിച്ചത്. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണു കേസിനാസ്പദമായ സംഭവമുണ്ടായത്. മുംബൈയില്‍ ഐടി സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന 23-കാരി എസ്തര്‍ അനുഹ്യയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്.

കുര്‍ലയിലെ റെയില്‍വേസ്റ്റേഷനിലെത്തിയ അനുഹ്യയെ ടാക്‌സി ഡ്രൈവറാണെന്ന് തെറ്റിദ്ധരിപ്പിച്ച് ടാക്‌സിയില്ല ബൈക്കില്‍ ഹോസ്റ്റലില്‍ കൊണ്ടുവിടാമെന്നു പറഞ്ഞാണു ചന്ദ്രബാന്‍ സനാപ് കൂട്ടിക്കൊണ്ടു പോയതും, പിന്നീട് പീഡിപ്പിച്ചു കൊലപ്പെടുത്തിയതും. 10 ദിവസങ്ങള്‍ക്കു ശേഷമാണ് മൃതദേഹം അഴുതിയ നിലയില്‍ കണ്ടെത്തിയത്.

2014 ജനുവരി നാലാം തീയതി വിജയവാഡയില്‍ നിന്നുമാണു മുംബൈ എല്‍ടിടിയിലേക്കുള്ള ട്രെയിനില്‍ എസ്തര്‍ അനുഹ്യ കയറിയത്. പിറ്റേന്നു രാവിലെ എല്‍ടിടിയില്‍ എത്തിച്ചേരേണ്ട അനുഹ്യയെ പിതാവ് പലവട്ടം ഫോണില്‍ വിളിച്ചെങ്കിലും ബന്ധപ്പെടുവാന്‍ കഴിഞ്ഞില്ല. ഇതേ തുടര്‍ന്നാണു അനുഹ്യയുടെ പിതാവ് മകളെ കാണിനില്ലെന്ന പരാതിയുമായി പോലീസിനെ സമീപിച്ചത്. മൊബൈല്‍ ഫോണ്‍ സിഗ്നലുകള്‍ പരിശോധിച്ചതില്‍ നിന്നും എസ്തര്‍ അനുഹ്യ ബണ്ഡൂപ് വരെ എത്തിയതായി തെളിഞ്ഞിരുന്നു. ജനുവരി 16 നു മൃതശരീരം കണ്ടെത്തുകയും അത് അനുഹ്യയുടെതാണെന്നു സ്ഥിരീകരിക്കുകയുമായിരുന്നു.

2014 മാര്‍ച്ച് രണ്ടാം തീയതി ക്രൈബ്രാഞ്ച് അനുഹ്യ കേസ് ഏറ്റെടുക്കുകയും പിന്നീട് നടത്തിയ അന്വേഷണത്തില്‍ എസ്തര്‍ അനുഹ്യ മുംബൈ എല്‍ടിടി സ്റ്റേഷനില്‍ എത്തിയതായി തെളിയുകയും ചെയ്തു. എസ്തര്‍ അനുഹ്യ സ്റ്റേഷനില്‍ നില്‍ക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് കണ്ടെത്തി. ഇതാണു പിന്നീട് നിര്‍ണായക തെളിവായത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നും എസ്തര്‍ അനുഹ്യയെ പ്രതി ചന്ദ്രബാന്‍ സനാപ് ബൈക്കില്‍ കൂട്ടിക്കൊണ്ടു പോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചു. പിന്നീട് നടത്തിയ ചോദ്യം ചെയ്യലിലാണ് അനഹ്യ താമസിക്കുന്ന വൈഡബ്യൂസിഎ ഹോസ്റ്റലില്‍ ഇറക്കാം എന്നു പറഞ്ഞു പ്രതി കൂട്ടിക്കൊണ്ടു പോയ ശേഷം വഴിമധ്യേ കഞ്ചുര്‍മാര്‍ഗിലെ ഈസ്‌റ്റേണ്‍ എക്‌സ്പ്രസ് റോഡില്‍ വെച്ച് ബൈക്കിലെ പെട്രോള്‍ തീര്‍ന്നതായി അഭിനയിച്ചു. പിന്നീട് ആളൊഴിഞ്ഞ റോഡിലെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് എസ്തറിനെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. പെണ്‍കുട്ടി എതിര്‍ത്തതോടെ കല്ലുപയോഗിച്ച് തലയില്‍ പ്രഹരിക്കുകയായിരുന്നു. തുടര്‍ന്ന് ദുപ്പട്ട ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് മരണം ഉറപ്പാക്കി. മൃതദേഹം കുറ്റിക്കാട്ടില്‍ ഒളിപ്പിച്ച പ്രതി എസ്തറിന്റെ ലാപ്‌ടോപ് അടങ്ങുന്ന ബാഗുമായി കടന്നു കളഞ്ഞു.
വധശിക്ഷയില്‍ നിന്നും ഒഴിവാക്കുവാന്‍ പ്രതിഭാഗം ഉന്നയിച്ച വാദം വളരെ വിചിത്രമായിരുന്നു. എസ്തര്‍ അനുഹ്യയെ കൊലപ്പെടുത്തി നിമിഷങ്ങള്‍ക്കുള്ളില്‍ പ്രതി സനാപ് ഒരു ജ്യോതിഷിയെ കണ്ടെന്നും വിവരങ്ങള്‍ അയാളോടു പറഞ്ഞു പശ്ചാത്തപിച്ചതായും പ്രതിഭാഗം കോടതിയെ അറിയിച്ചു. ഇതിനെ കുറ്റകൃത്യത്തില്‍ നിന്നും പിന്തിരിയുവാനും തെറ്റുകള്‍ ചെയ്യുന്നതില്‍ നിന്നും തിരികെ നടക്കുവാനും ആഗ്രഹിക്കുന്ന ഒരാളുടെ മാനസിക അവസ്ഥയായി കണ്ടു ശിക്ഷയില്‍ ഇളവ് വേണമെന്നു പ്രതിഭാഗം കോടതിയോടു അപേക്ഷിച്ചു. എന്നാല്‍ വാദങ്ങള്‍ തള്ളിയ കോടതി, സഹോദരനെ പോലെ താന്‍ കാണുകയും ആ ഉറപ്പിന്‍മേല്‍ അയാള്‍ക്കൊപ്പം പോകുകയും ചെയ്ത പെണ്‍കുട്ടിയോടു പ്രതി ചെയ്ത ക്രൂരത മാപ്പര്‍ഹിക്കുന്നതല്ലെന്നു വിധിച്ചു.

വധശിക്ഷ പ്രഖ്യാപിച്ച മുംബൈ കോടതി ജഡ്ജി വൃഷാലി ജോഷി കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്നും മരണം വരെ പ്രതിയെ തൂക്കാന്‍ വിധിക്കുന്നതായും അറിയിച്ചു.

-എജെ-

Share this news

Leave a Reply

%d bloggers like this: