എസ്എന്‍ഡിപിയെ സിപിഎം വഞ്ചിച്ചുവെന്ന് വെള്ളാപ്പള്ളി നടേശന്‍..ചര്‍ച്ച ആകാമെന്ന് തോമസ് ഐസക്

തിരുവനന്തപുരം: സിപിഎമ്മിന് മുന്നറിയിപ്പുമായി എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വിനാശകാലേ വിപരീത ബുദ്ധിയാണ് സി.പി.എമ്മിനെന്നും അരുവിക്കര തെരഞ്ഞെടുപ്പിലുണ്ടായ അനുഭവം സി.പി.എമ്മിന് വീണ്ടും ഉണ്ടാകുമെന്നും വെള്ളാപ്പള്ളി മുന്നറിയിപ്പ് നല്‍കി.കാലങ്ങളായി സി.പി.എം എസ്.എന്‍.ഡി.പിയെ വഞ്ചിക്കുകയാണ്. മറ്റ് സമുദായങ്ങളെ തൊടാന്‍ സി.പി.എമ്മിന് ഭയമാണ്. എന്‍എസ്എസിനെയും ക്രിസ്ത്യന്‍മുസ്ലിം സംഘടനകളെയും സിപിഎം തഴയുകയാണെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.

ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയാണ് എസ്.എന്‍.ഡി.പിയെന്നാണ് സി.പി.എമ്മിന്റെ ധാരണ. ദേശാഭിമാനിയുടെ പേജുകള്‍ എസ്.എന്‍.ഡി.പിയെ വിമര്‍ശിക്കുന്നതിനായാണ് മാറ്റിവയ്ക്കുന്നതെന്നും വെള്ളാപ്പള്ളി ആരോപിച്ചു. അതേസമയം, ഈഴവ സമുദായത്തെ വഞ്ചിച്ചുവെന്ന ആരോപണം ശരിയല്ലെന്ന് തോമസ് ഐസക് അഭിപ്രായപ്പെട്ടു. വഞ്ചിച്ചുവെന്ന് ആര്‍ക്കെങ്കിലും ആക്ഷേപമുണ്ടെങ്കില്‍ ചര്‍ച്ച ചെയ്യാം. ബി.ജെ.പിയുമായി കൂട്ടുകൂടുന്നതിനുള്ള ചിലരുടെ നീക്കം ദൗര്‍ഭാഗ്യകരമാണ്.

മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന് എതിരെ സമരം ചെയ്ത പാര്‍ട്ടിയാണ് ബി.ജെ.പിയെന്ന് ഓര്‍മിക്കണമെന്നും തോമസ് ഐസക് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

Share this news

Leave a Reply

%d bloggers like this: