എഴുപത്തി ഒന്നാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ലോകമെമ്പാടുമുള്ള ഇന്ത്യക്കാര്‍; അയര്‍ലണ്ടില്‍ പ്രത്യേക ആഘോഷ പരിപാടികള്‍

സ്വതന്ത്ര ഭാരതത്തിന്റെ മണ്ണില്‍ ത്രിവര്‍ണ പതാക പാറിക്കളിക്കുന്ന പുലരിയില്‍ ഇന്ന് എഴുപത്തി ഒന്നാം സ്വാതന്ത്ര്യദിനം. ആധുനിക ഭാരതത്തിന്റെ ശില്പികളെ സ്മരിച്ചു കൊണ്ട്.. സ്വാതന്ത്യത്തിനായി ജീവനര്‍പ്പിച്ച മഹാത്മാക്കളുടെ ത്യാഗത്തിനു മുന്‍പില്‍ ശിരസു നമിക്കുന്ന ഈ ദിനത്തില്‍. നൂറുകോടിമതേതര ജനതയുടെ ആശയും പ്രതീക്ഷയുമായ ഭാരതാംബയ്ക്ക് ജനകോടികള്‍ പ്രണാമമര്‍പ്പിക്കും. വന്ദേമാതരവും ജനഗണമനയും അലയടിക്കുന്ന ഭൂമിയില്‍ നിന്നും അഖണ്ഡതയുടെയും മതേതരത്വത്തിന്റെയും മന്ത്രങ്ങള്‍ ഇനിയും ഉയര്‍ത്തുവാന്‍ രാജ്യം പ്രതിഞ്ജയെടുക്കും.

പ്രൗഡഗംഭീരമായ ചടങ്ങുകളോടെ എഴുപത്തി ഒന്നാം സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ ഇന്ത്യ ഒരുങ്ങി. ന്യൂഡല്‍ഹിയിലെ ചെങ്കോട്ടയില്‍ ഭാരതത്തിന്റെ ത്രിവര്‍ണ ദേശീയപതാക പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉയര്‍ത്തും. തുടര്‍ന്ന് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കും. കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഡല്‍ഹിയില്‍ ഒരുക്കിയിരിക്കുന്നത്. 10,000 ലേറെ പോലീസുകാരാണ് ഡല്‍ഹിയില്‍ സുരക്ഷയ്ക്കായി വിന്യസിക്കപ്പെട്ടിരിക്കുന്നത്. റെഡ് ഫോര്‍ട്ടിലെത്തുന്ന പ്രധാനമന്ത്രിയെ പ്രതിരോധ മന്ത്രി അരുണ്‍ ജെറ്റ്‌ലി സ്വീകരിക്കും. തുടര്‍ന്ന് പോലീസ്, സൈനിക വിഭാഗങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍ പ്രധാനമന്ത്രി പരിശോധിക്കും. വിവിധ സൈനിക വിഭാഗങ്ങള്‍ റെഡ് ഫോര്‍ട്ടിലെ പരേഡില്‍ അണിനിരക്കും.

രാജ്യമെമ്പാടും സ്വാതന്ത്യദിനാഘോഷങ്ങള്‍ സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്. സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരും മുഖ്യമന്ത്രിമാരും മന്ത്രിമാരും ജനപ്രതിനിധികളും ആഘോഷത്തിന് നേതൃത്വം നല്കും. വിവിധ സംഘടകളുടെ നേതൃത്വത്തിലും ആഘോഷങ്ങള്‍ ഉണ്ടാകും.

അയര്‍ലണ്ടിലെ വിവിധ ഭാഗങ്ങളില്‍ സ്വാതന്ത്ര്യ ദിന ആഘോഷങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഇന്ത്യന്‍ വംശജനായ പ്രധാനമന്ത്രി അയര്‍ലണ്ടിനെ നയിക്കുന്നു എന്ന പ്രത്യേകതയും ഈ സ്വാതന്ത്ര്യ ദിനത്തില്‍ ഓര്‍ക്കേണ്ടതാണ്. വിവിധ മലയാളി അസോസിയേഷനുകളും കൂട്ടായ്മകളും ആഘോഷങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: