എയര്‍ ബാഗില്‍ തകരാര്‍; ടൊയോട്ട അയര്‍ലണ്ട് ആറായിരത്തിലധികം വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നു

ഐറിഷ് നിരത്തുകളില്‍ നിന്ന് തങ്ങളുടെ 6,500ലധികം വാഹനങ്ങള്‍ തിരിച്ചുവിളിച്ചു പരിശോധിക്കാന്‍ വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട അയര്‍ലണ്ട് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. എയര്‍ബാഗുകളിലെ ഇന്‍ഫ്ളേറ്ററിന്റെ സാങ്കേതിക പിഴവാണ് ഈ പരിശോധനയ്ക്ക് കാരണം. ടൊയോട്ട അവെന്‍സിസ്, കൊറോള, അവെന്‍സിസ് വേര്‍സോ, യാരിസ്, SC430 എന്നീ മോഡലുകളാണ് ഈ സാങ്കേതിക തകരാര്‍മൂലം തിരിച്ചുവിളിച്ചിരിക്കുന്നത്. ഫെബ്രുവരി 2001 നും ഏപ്രില്‍ 2006 നുമിടയില്‍ വിപണിയിലെത്തിയ ഇത്തരം മോഡല്‍ വാഹനങ്ങളുടെ ഉടമകള്‍ കമ്പനിയുമായി ബന്ധപ്പെടണമെന്ന് ടൊയോട്ട അയര്‍ലണ്ട് വാര്‍ത്താകുറിപ്പില്‍ പ്രസ്താവിച്ചു.

ചൂട് സാഹചര്യങ്ങളില്‍ നേരിടേണ്ടി വന്നാല്‍ എയര്‍ബാഗിലെ ഇന്‍ഫ്ളേറ്റര്‍ സ്വയം പൊട്ടിത്തെറിക്കാനുള്ള സാധ്യതയാണ് കമ്പനി പരിശോധിക്കുന്നത്. അടുത്തിടെ നടന്ന പരിശോധനയില്‍ ഡ്രൈയിങ് ഏജന്റിന്റെ സാന്നിധ്യമില്ലാത്ത പക്ഷം എയര്‍ബാഗ് ഇന്‍ഫ്ളേറ്ററായി ഉപയോഗിച്ചിരിക്കുന്ന അമോണിയം നൈട്രേറ്റ് അപകടകാരിയായി മാറുന്നുണ്ടെന്ന് വിവിധ രാജ്യങ്ങളിലെ ട്രാന്‍സ്പോര്‍ട് അതോറിട്ടികള്‍ നടത്തിയ പഠനങ്ങളില്‍ തെളിഞ്ഞിരുന്നു. മാത്രമല്ല നിലവില്‍ കാറുകളില്‍ ഘടിപ്പിച്ചിട്ടുള്ള 10 കോടിയോളം എയര്‍ബാഗുകള്‍ മാറ്റണമെന്നും വിവിധ രാജ്യങ്ങള്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ പേരില്‍ ലോകവ്യാപകമായി കോടിക്കണക്കിനു കാറുകളാണു വിവിധ നിര്‍മാതാക്കള്‍ തിരിച്ചുവിളിച്ചു പരിശോധിച്ചത്.

ഉപഭോക്താക്കള്‍ക്ക് അടുത്തുള്ള ടൊയോട്ട ഡീലറുമായോ, അംഗീകൃത മെക്കാനിക്കുമായോ ബന്ധപ്പെട്ടാല്‍ സൗജന്യമായി പിഴവ് പരിഹരിച്ചു നല്കുന്നതാണെന്ന് ടൊയോട്ട അയര്‍ലണ്ട് അറിയിച്ചു. വാഹന ഉടമകള്‍ക്ക് 01 419 0222 എന്ന നമ്പറില്‍ ബന്ധപ്പെട്ട് തങ്ങളുടെ വാഹനവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് പരിഹാരം തേടാവുന്നതുമാണ്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: