എയര്‍ബസ് എ 380 കളുടെ കാലം അവസാനിക്കുന്നു? സൂപ്പര്‍ ജംബോകളോട് മുഖം തിരിച്ച് എയര്‍ലൈനുകള്‍

 

ലോകത്തെ ഏറ്റവും വലിയ യാത്രാ വിമാനങ്ങളായ എയര്‍ബസ് എ 380യുടെ സുവര്‍ണ്ണകാലം അവസാനിക്കുന്നു. എയര്‍ലൈന്‍ കമ്പനികള്‍ ഈ മോഡലുകള്‍ക്ക് പിന്നാലെ പായുന്നത് അവസാനിപ്പിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍.. 2017 ഈ മോഡലുകള്‍ക്ക് അത്ര നല്ല വര്‍ഷമായിരുന്നില്ലെന്നാണ് എയര്‍ബസ് സെയില്‍സ് ടീം നല്‍കുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്. 2036വരെ പ്രതിവര്‍ഷം 70 വിമാനങ്ങള്‍ വിറ്റഴിക്കാമെന്നായിരുന്നു കമ്പനിയുടെ പ്രതീക്ഷ. എന്നാല്‍ കഴിഞ്ഞ വര്‍ഷം പുതിയ ഓര്‍ഡറുകള്‍ ലഭിച്ചില്ലെന്ന് മാത്രമല്ല, രണ്ട് ഓര്‍ഡറുകള്‍ റദ്ദാക്കപ്പെടുകയും ചെയ്തു.

നിലവില്‍ ഒരു വര്‍ഷം 27 എയര്‍ക്രാഫ്റ്റുകളാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചു ഡെലിവറി ചെയ്തിരുന്നത്. എന്നാലിത് 2018 ല്‍ 12 ഉം, 2019 മുതല്‍ എട്ടും എന്ന് വെട്ടികുറച്ചിരിക്കുകയാണ് യൂറോപ്പ്യന്‍ വിമാനനിര്‍മ്മാണ കമ്പനി.

കഴിഞ്ഞ മാസം 127 വിമാനങ്ങളാണ് എയര്‍ബസ് കൈമാറിയത്. അവയില്‍ ഭൂരിഭാഗവും എ 320 മോഡലുകളായിരുന്നു. വെറും ഒരു എ 380 മാത്രമാണ് വിറ്റുപോയത്. അതേ സമയം സൂപ്പര്‍ ജംബോ വിഭാഗത്തില്‍ എതിരാളിയായ ബോയിംഗിന്റെ 747-8 മോഡലുകളില്‍ കമ്പനിക്ക് 26 എണ്ണത്തിന്റെ ടാര്‍ജറ്റ് മാത്രമാണ് ഉള്ളതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ശാസ്ത്രത്തിന്റെയും എന്‍ജിനീയറിംഗിന്റെയും മനോഹരമായ സമന്വയമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്ന എ 380 വിമാനക്കമ്പനികള്‍ ഒഴിവാക്കുന്നു എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.

എമിറേറ്റ്സ് മാത്രമാണ് നിലവില്‍ ഈ വിമാനങ്ങളോട് പ്രാമുഖ്യം കാണിക്കുന്നത്. എമിറേറ്റ്സുമായുള്ള ഇടപാടുകളെങ്കിലും നിലനിര്‍ത്തിയില്ലെങ്കില്‍ സംരംഭം അടച്ചുപൂട്ടേണ്ടി വരുമെന്ന് എയര്‍ബസ് നേതൃത്വം വിലയിരുത്തുന്നു. എയര്‍ബസിന്റെ എതിരാളികളായ അമേരിക്കന്‍ കമ്പനി ബോയിങ്ങിന്റെ അവസ്ഥയും വ്യത്യസ്തമല്ല. 2008 ല്‍ പുറത്തിറങ്ങിയ ഇവരുടെ ജംബോ ജെറ്റ് 747 ന്റെ പാസഞ്ചര്‍ എയര്‍ക്രാഫ്റ്റ് മോഡലിന്റെ ഉല്‍പ്പാദനം നിര്‍ത്തിവച്ചിരിക്കുകയാണ്. A 747 ന്റെ കാര്‍ഗോ വേര്‍ഷന്‍ മാത്രമേ ബോയിങ് ഇപ്പോള്‍ നിര്‍മ്മിക്കുന്നുള്ളു. ഒറ്റയടിക്ക് 600 യാത്രക്കാരെ വരെ കൊണ്ടുപോകുന്ന സൂപ്പര്‍ ജംബോകളേക്കാള്‍, ഇതിന്റെ നേര്‍പകുതി ആളെ കൊള്ളുന്ന ഇടത്തരം വിമാനങ്ങള്‍ക്കാണ് വ്യോമയാന മാര്‍ക്കറ്റില്‍ നിലവില്‍ ഡിമാന്‍ഡ്.

 

 

 

 

ഡികെ

 

 

Share this news

Leave a Reply

%d bloggers like this: