എഫ്ബിഐ ജമാല്‍ ഖഷോഗി വധം അന്വേഷിക്കില്ല; യുഎന്‍ ആവശ്യം ട്രംപ് തള്ളി

മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകം എഫ്.ബി.ഐ അന്വേഷിക്കണമെന്ന ഐക്യരാഷ്ട്ര സംഘടനയുടെ അഭ്യര്‍ത്ഥന ഡൊണാള്‍ഡ് ട്രംപ് തള്ളി. സൗദി അറേബ്യയിലേക്കുള്ള അമേരിക്കയുടെ ആയുധ വില്‍പ്പനയെ പ്രതികൂലമായി ബാധിക്കുമെന്ന് കണ്ടാണ് അങ്ങിനെയൊരു തീരുമാനം എടുത്തതെന്നാണ് സൂചന. കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച ഖഷോഗിയുടെ കൊലപാതകത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടിലാണ് യു.എന്‍ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നത്. ‘ഉചിതമായ രീതിയില്‍ അമേരിക്കയ്ക്കുള്ളില്‍ ക്രിമിനല്‍ പ്രോസിക്യൂഷനുകള്‍ നടത്തുകയും വേണ’മെന്നും പറഞ്ഞിരുന്നു. അന്വേഷണത്തിന് എഫ്ബിഐയെ ചുമതലപ്പെടുത്തുമോയെന്ന ചോദ്യത്തിന് ‘ഇത് ഒരുപാട് അന്വേഷിക്കപ്പെട്ട കേസാണെന്നാണ്’ ട്രംപ് മറുപടി പറഞ്ഞത്. ആര് അന്വേഷിച്ചുവെന്ന് വീണ്ടും ചോദിച്ചപ്പോള്‍, ‘എല്ലാവരും’ എന്നായിരുന്നു മറുപടി. അതുമായി ബന്ധപ്പെട്ട് നിരവധി റിപ്പോട്ടുകള്‍ പുറത്തുവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സൗദി ഭരണകൂടത്തിന്റെ സ്ഥിരം വിമര്‍ശകനും വാഷിങ്ടണ്‍ പോസ്റ്റ് ലേഖകനുമായ ജമാല്‍ ഖഷോഗിയെ ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റിനുള്ളില്‍ വച്ചാണ് കൊലചെയ്യപ്പെട്ടത്. ഖാഷോഗിയുടെ വരവിനു മുമ്പും ശേഷവും അജ്ഞാതരായ സൗദികള്‍ തമ്മില്‍ നടത്തിയ സംഭാഷണങ്ങളുടെ അസ്വസ്ഥജനകമായ വിശദാംശങ്ങള്‍ യു.എന്‍ റിപ്പോര്‍ട്ടില്‍ വിശദമായി പരാമര്‍ശിക്കുന്നുണ്ട്. ടര്‍ക്കിഷ് അധികൃതര്‍ നല്‍കിയ ട്രാന്‍സ്‌ക്രിപ്റ്റുകളെ അടിസ്ഥാനമാക്കിയാണ് യു.എന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

ഖഷോഗി കോണ്‍സുലേറ്റിലെത്തിയതിനുശേഷം നടത്തിയ സംഭാഷണങ്ങളുടെ പകര്‍പ്പുകളില്‍ ‘നിങ്ങള്‍ എനിക്ക് മയക്കുമരുന്ന് തരാന്‍ പോവുകയാണോ?’ എന്ന് അദ്ദേഹം ചോദിക്കുന്നുണ്ട്. ‘നിങ്ങളെ അനസ്‌തേഷ്യ ചെയ്യാന്‍ പോവുകയാണ്’ എന്നായിരുന്നു മറുപടി. കൊലപാതകത്തില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ഉന്നതോദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്നതിന് വിശ്വസനീയമായ തെളിവുണ്ടെന്ന് യു.എന്‍. റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ എല്ലാം ട്രംപ് തള്ളിക്കളഞ്ഞു. മിഡില്‍ ഈസ്റ്റിലെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഏറ്റവും മികച്ച രാജ്യമാണു സൗദിയെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ‘അവര്‍ അമേരിക്കയുമായുള്ള ആയുധ ഇടപാടുകള്‍ക്ക് 400 ബില്യണ്‍ മുതല്‍ 450 ബില്യണ്‍ ഡോളര്‍ വരെ ചിലവഴിച്ചിട്ടുണ്ടെന്നും’ ട്രംപ് കൂട്ടിച്ചേര്‍ക്കുന്നു. ട്രംപ് ഭരണകൂടം സൗദി അറേബ്യയ്ക്ക് ആയുധം വില്‍ക്കുന്നത് തടയാന്‍ സെനറ്റ് കഴിഞ്ഞ ആഴ്ച വോട്ട് ചെയ്തിരുന്നു.

Share this news

Leave a Reply

%d bloggers like this: