എപിജെ അബ്ദുള്‍ കലാം ഓര്‍മ്മയായിട്ട് ഇന്ന് രണ്ടുവര്‍ഷം

യുവതലമുറയെ പ്രതീക്ഷകളുടെ അഗ്‌നിച്ചിറകുകളില്‍ പറന്നുയരാന്‍ സ്വജീവിതം കൊണ്ട് മാതൃക കാണിച്ച മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാം ഓര്‍മ്മയായിട്ട് ഇന്ന് രണ്ടുവര്‍ഷമാകുന്നു. രാജ്യം അഭിമാനം കൊണ്ട ശാസ്ത്രജ്ഞനില്‍ നിന്നും രാജ്യത്തിന്റെ പരമാധികാര പദവിയിലെത്തിയപ്പോഴും, ലാളിത്യവും വിനയവും കൊണ്ട് ജനതയുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ വ്യക്തിത്വമായിരുന്നു എപിജെ അബ്ദുള്‍ കലാം.

ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ മേഖലയെ ഉയരങ്ങളിലേക്കെത്തിച്ച കലാം, പ്രശസ്ത മിസൈല്‍ സാങ്കേതികവിദ്യാ വിദഗ്ദ്ധനും എഞ്ചിനീയറുമായിരുന്നു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റേയും, ബാലിസ്റ്റിക് മിസൈലിന്റേയും വികസനത്തിനും ഏകോപനത്തിനും അബ്ദുള്‍കലാം വഹിച്ച പങ്ക് വിലമതിക്കാനാകാത്തതാണ്. മിസ്സൈല്‍ സാങ്കേതികവിദ്യയില്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ കണക്കിലെടുത്ത് ‘ഇന്ത്യയുടെ മിസ്സൈല്‍ മനുഷ്യന്‍’ എന്ന് കലാമിനെ വിശേഷിപ്പിച്ചിരുന്നു.

രാഷ്ട്രപതിയായിരിക്കുമ്പോള്‍ രാഷ്ട്രപതി ഭവന്റെ ഔപചാരികതകള്‍ പലപ്പോഴും മറികടന്ന വ്യക്തിയായിരുന്നു അബ്ദുള്‍ കാലം. കുട്ടികളുമായി സംവദിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ സന്തോഷം. രാഷ്ട്രപതിഭവന്റെ വാതായനങ്ങള്‍ വിദ്യാര്‍ഥികള്‍ക്കായി അദ്ദേഹം തുറന്നു. ജനകീയനായ രാഷ്ട്രപതിയായി പദവിയുടെ ഔന്നത്യം കാത്തുസൂക്ഷിച്ച അദ്ദേഹം വിവാദങ്ങളില്‍നിന്ന് അകന്നുനിന്നു.

2015ല്‍ ഷില്ലോങ്ങിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ വിദ്യാര്‍ത്ഥികളോട് സംവദിക്കുമ്പോഴായിരുന്നു, കുട്ടികളെ ഏറെ സ്നേഹിച്ചിരുന്ന അബ്ദുള്‍ കലാമിനെ മരണം റാഞ്ചിയെടുക്കുന്നത്.

 

 
എ എം

Share this news

Leave a Reply

%d bloggers like this: