എന്റെ സഹോദരിയെ കണ്ടുകിട്ടാന്‍ നിങ്ങള്‍ക്കെന്നെ സഹായിക്കാനാവുമോ? തുറന്ന കത്തുമായി ഒരു മാസം മുന്‍പ് കേരളത്തില്‍ കാണാതായ ഐറിഷ് യുവതിയുടെ സഹോദരി

അയര്‍ലണ്ടില്‍ നിന്നും മാര്‍ച്ച് 21ന് പോത്തന്‍കോട് ആശുപത്രിയില്‍കേരളത്തില്‍ വിഷാദ രോഗത്തിനുള്ള ചികിത്സയ്‌ക്കെത്തിയ ലിഗ സ്‌ക്രോമേന്‍ എന്ന അയര്‍ലണ്ട് സ്വദേശിനിയായ യുവതിയെ മാര്‍ച്ച് 14നാണ് കാണാതായത്. പോത്തന്‍കോട് പോലീസില്‍ പരാതി നല്‍കിയെങ്കിലും ഇതുവരെയായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. തന്റെ സഹോദരിയെ കണ്ടെത്താന്‍ സഹായിക്കണം എന്നും പോലീസ് അനാസ്ഥയില്‍ എന്തുചെയ്യണം എന്നതിനെ കുറിച്ച് വേണ്ട നിര്‍ദേശങ്ങള്‍ തരണം എന്നും അഭ്യര്‍ത്ഥിച്ചു തുറന്ന കത്ത് എഴുതുകയാണ് സഹോദരി ഇല്‍സെ സ്‌ക്രോമേന്‍.

സര്‍/മാഡം

എന്റെ സഹോദരി, ലിഗ സ്‌ക്രോമേന്‍ ഇന്ത്യയില്‍, കേരളത്തില്‍ വെച്ചു കഴിഞ്ഞ 3 ആഴ്ചയായി കാണാതായിരിക്കുന്നു. എന്റെ സഹോദരിയെ സഹായിക്കാന്‍ 6 ആഴ്ച്ച നീളുന്ന ഒരു ആയുര്‍വേദ പരിപാടിയുടെ (post traumatic depression) ഭാഗമായിട്ടാണ് ഞങ്ങള്‍ കേരളത്തില്‍ എത്തിയത്. പോലീസിന്റെ ഭാഗത്തുനിന്നുള്ള പിഴവ് മൂലം സഹോദരിയെ കാണാതായി 10 ദിവസങ്ങള്‍ക്ക് ശേഷമാണ് വേണ്ട അന്വേഷണം പോലും ആരംഭിച്ചത്. അവര്‍ ഞാന്‍ പറഞ്ഞത് കേള്‍ക്കുകയോ, എന്റെ സഹോദരി പല രീതിയിലും ദുര്‍ബലയാണ് എന്ന വസ്തുത കണക്കിലെടുക്കുകയോ ചെയ്തില്ല.

മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും കൂടി ഞങ്ങളിത് പരസ്യമാക്കുകയും പാര്‍ലമെന്റ് അംഗങ്ങളും മന്ത്രിമാരും അടക്കമുള്ളവരുടെ മുന്നില്‍ ഞാന്‍ കരയുകയും ചെയ്തതിന് ശേഷം ഒടുവില്‍ അവര്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. എല്ലാ ഭാഗത്തുനിന്നുമുള്ള സമ്മര്‍ദ്ദമം വന്നപ്പോള്‍ പ്രത്യേക അന്വേഷണ സംഘം ഉണ്ടാക്കി. ഇന്നുവരെയും അവര്‍ക്കൊരു തുമ്പും കിട്ടിയിട്ടില്ല.

ഞാന്‍ ഒരു ഹേബിയസ് കോര്‍പസ് നല്കി. അന്വേഷണം ഊര്‍ജിതമാക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്കി. ഇതൊരു ക്രിമിനല്‍ കേസാകാനുള്ള സാധ്യതയുണ്ടെന്ന് പോലീസിനെ ബോധ്യപ്പെടുത്തുക വലിയ വെല്ലുവിളിയാണ്. അതായത് എന്റെ സഹോദരിയെ തട്ടിക്കൊണ്ടുപോവുകയും മനുഷ്യക്കടത്തിന് ഇരയാക്കുകയും ചെയ്തിരിക്കാം എന്ന്. ഇത്തരം കാര്യങ്ങള്‍ കേരളത്തില്‍ നടക്കില്ല എന്നവര്‍ ആവര്‍ത്തിക്കുന്നു. അതെന്തുകൊണ്ടാണെന്ന് എനിക്കറിയാം. ഞാന്‍ കണ്ടതില്‍ വെച്ചു ഏറ്റവും മര്യാദക്കാരായ, ഹൃദയ വിശാലതയുള്ള, മനുഷ്യരാണ് കേരളീയര്‍. നിരവധി പേര്‍ എന്റെ സഹോദരിയുടെ സുരക്ഷിതമായ തിരിച്ചുവരവിനായി പ്രാര്‍ത്ഥിക്കുന്നു. നിര്‍ഭാഗ്യവശാല്‍, ഒരുതരത്തിലുള്ള കുറ്റകൃത്യങ്ങളും ഇല്ലെണോ കുറ്റവാളി സംഘങ്ങളെക്കുറിച്ച് ആര്‍ക്കുമറിയില്ലെന്നോ അല്ല ഇതിനര്‍ത്ഥം.

ഇതിനെക്കുറിച്ച് കേട്ട ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള ജനങ്ങളുടെ പിന്തുണ എന്നെ ശക്തയും എന്റെ സഹോദരിയെ കണ്ടുകിട്ടാന്‍ ഇനിയും സാധ്യതയുണ്ടെന്ന വിശ്വാസത്തിലും ആക്കി നിര്‍ത്തുന്നു. അതെങ്ങനെ നടക്കും എന്നെനിക്കറിയില്ല.

ഇനിയെന്ത് ചെയ്യണം എന്നറിയാത്ത ഒരവസ്ഥയിലാണ് ഞാനെത്തി നില്‍ക്കുന്നത്. അന്താരാഷ്ട്ര മാധ്യമങ്ങളില്‍ നിന്നും ഞങ്ങള്‍ പിന്തുണ ആവശ്യപ്പെടുന്നുണ്ട്. പോലീസ് അവരുടെ കടമ നിര്‍വഹിക്കാത്തതിലുള്ള ചില വിവരങ്ങള്‍ നാല്‍കാതെ വെക്കുന്നുണ്ട്, കാരണം അവ ഞങ്ങള്‍ക്കെതിരായി തിരിയാന്‍ കാരണമാകരുത് എന്നതുകൊണ്ട്. എങ്കിലും ഇങ്ങനെയൊന്ന് ഒരാള്‍ക്കും ഒരിയ്ക്കലും സംഭവിച്ചുകൂടാ എന്ന് ഞാന്‍ ശക്തമായി കരുതുന്നു. ഒരു വ്യക്തിയോ, വിനോദ സഞ്ചാരിയോ പൌരനോ ആകട്ടെ, പോലീസിന്റെ അവഗണന മൂലം കഷ്ടപ്പെടാന്‍ ഇടയാകരുത്. ജനങ്ങളെ സംരക്ഷിക്കുകയും സഹായിക്കുകയുമാണ് അവരുടെ കടമ.

എന്റെ പ്രിയപ്പെട്ട സഹോദരിക്ക് എന്തു സംഭവിച്ചു എന്നറിയാത്ത, എവിടെയാണവള്‍, എന്തൊക്കെ ദുരിതമായിരിക്കും അവള്‍ സഹിക്കുന്നത് എന്നറിയാത്ത ഈ അവസ്ഥ ഹൃദയം തകര്‍ക്കുന്നതാണ്. അവളെക്കുറിച്ച് ആലോചിക്കുകയും അവളുടെ സുരക്ഷക്കും സുഖത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യാത്ത ഒരു നിമിഷം പോലും എനിക്കില്ല.

പ്രിയപ്പെട്ടവര്‍ ഒരടയാളവുമില്ലാതെ അപ്രത്യക്ഷരായ എല്ലാ മനുഷ്യര്‍ക്കും ഒന്നുമറിയാതിരിക്കുന്ന അവസ്ഥ ഹൃദയം തകരുന്നതിനേക്കാള്‍ ഭീകരമാണ്. ഒരു സഹായവും കിട്ടാതിരിക്കുന്നത് അവരുടെ വേദനയെ എത്ര കൂടുതല്‍ കഠിനമാക്കും എന്നു ഞാനിപ്പോള്‍ മനസിലാക്കുന്നു.

എന്റെ സഹോദരി ലിഗയെ കണ്ടുകിട്ടാനും പൊലീസിന്റെ അനാസ്ഥക്കെതിരെ ആവശ്യമായത് ചെയ്യാനും നിങ്ങള്‍ക്കെന്നെ സഹായിക്കാനാകുമോ?

ഇത് ഞാന്‍ ഇതുവരെ നേരിടാത്ത തരത്തിലുള ഒരു സങ്കീര്‍ണമായ പ്രശ്‌നമാണ്. ഒരു മാര്‍ഗനിര്‍ദേശം ഞാന്‍ ശരിക്കും വിലമതിക്കുന്നു.

ആത്മാര്‍ത്ഥതയോടെ,
ഇല്‍സെ സ്‌ക്രോമേന്‍

Share this news

Leave a Reply

%d bloggers like this: