”എന്നെപോലെയുളള വിദ്യാര്‍ഥികള്‍ക്ക് ‘ദയാവധ’ത്തിനുളള സൗകര്യങ്ങള്‍ ഒരുക്കിത്തരണം” രോഹിത് വെമുല വൈസ് ചാന്‍സലര്‍ക്ക് എഴുതിയ കത്ത്

ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ ആത്മഹത്യ ചെയ്ത ദളിത് വിദ്യാര്‍ത്ഥി രോഹിത് വെമുല വിദ്യാര്‍ഥികളുടെ വിഷയങ്ങളില്‍ സജീവമായി ഇടപെട്ടിരുന്നു . ക്യാംപസില്‍ ദളിത് വിദ്യാര്‍ഥികളെ ഒറ്റപ്പെടുത്താനുളള നീക്കത്തിനെതിരെ ഹൈദരാബാദ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ക്ക് 2015 ഡിസംബര്‍ 18ന് എഴുതിയ കത്താണിത്. കത്ത് ഫയലില്‍ സ്വീകരിച്ചെങ്കിലും അധികൃതര്‍ ഇതുവരെ മറുപടികൊടുത്തില്ല എന്നാണ് റിപ്പോര്‍ട്ട്

കത്തിന്റെ പൂര്‍ണരൂപം

സര്‍വകലാശാലയിലെ ദളിത് വിദ്യാര്‍ഥികള്‍ നടത്തിയ സ്വാഭിമാന മുന്നേറ്റങ്ങളോട് താങ്കള്‍ കൈക്കൊണ്ട നിലപാടുകളെ ആദ്യമെ അഭിനന്ദിക്കുന്നു. ദളിത് വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയതിന്റെ പേരില്‍ എബിവിപി പ്രസിഡന്റ് ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ താങ്കള്‍ നടത്തിയ പ്രത്യേക ഇടപെടല്‍ ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ടതും, മാതൃകാപരവുമാണ്. അഞ്ചു ദളിത് വിദ്യാര്‍ഥികള്‍ക്ക് ക്യാംപസിനുള്ളില്‍ സാമുഹിക വിലക്ക് കല്‍പ്പിച്ചിരിക്കുകയാണ്. ഡൊണാള്‍ഡ് ട്രംപൊക്കെ താങ്കളുടെ വിധേയത്വത്തിനു മുന്നില്‍ എത്രയോ ചെറിയ ആളാണ്. അതുകൊണ്ടുതന്നെ ഒട്ടും രസകരമല്ലാത്ത രണ്ടു നിര്‍ദേശങ്ങള്‍ ഞാന്‍ മുന്നോട്ട് വെക്കുന്നു.

1. എല്ലാ ദളിത് വിദ്യാര്‍ഥികള്‍ക്കും പ്രവേശന സമയത്ത് പത്തു മില്ലിഗ്രാം വീതം സോഡിയം അസൈഡ് ദയവായി നല്‍കണം. അംബേദ്കറെ വായിക്കണം എന്നുതോന്നുമ്പോള്‍ അവര്‍ക്കത് ഉപയോഗിക്കാന്‍ വേണ്ടിയിട്ടാണ്.

2. മഹാനായ ചീഫ് വാര്‍ഡാ, നിങ്ങളുടെ സുഹൃത്തുക്കളില്‍ നിന്നും എല്ലാ ദളിത് വിദ്യാര്‍ഥികളുടെയും മുറികളിലേക്ക് നല്ലയിനം കയറുകള്‍ കൂടി എത്തിക്കണം

ദളിത് സ്വാഭിമാന മുന്നേറ്റങ്ങളുടെ ഭാഗമായി സര്‍വകലാശാലയിലെ പിഎച്ച്ഡി വിദ്യാര്‍ഥികളായ ഞങ്ങള്‍ വളരെ ദൗര്‍ഭാഗ്യകരമായി ഈയൊരു ഘട്ടം പിന്നിട്ടിരിക്കുകയാണ്. ഇവിടുന്ന് രക്ഷപ്പെട്ട് പുറത്തുകടക്കല്‍ അത്ര എളുപ്പമല്ല. അതുകൊണ്ട് എന്നെപോലെയുളള വിദ്യാര്‍ഥികള്‍ക്ക് ‘ദയാവധ’ത്തിനുളള സൗകര്യങ്ങള്‍ ഒരുക്കിത്തരണമെന്ന് മാത്രം അപേക്ഷിക്കുന്നു. അതുവഴി ക്യാംപസിനും, താങ്കള്‍ക്കും സമാധാനം ഉണ്ടാകട്ടെ എന്നും ആശംസിക്കുന്നു.

Share this news

Leave a Reply

%d bloggers like this: