എച്ച്.പി.വി വാക്‌സിന്‍ ഗുരുതര പാര്‍ശ്വഫലങ്ങളുണ്ടാക്കുമെന്ന വാദം എച്ച്എസ്ഇ നിഷേധിച്ചു

 

ഡബ്ലിന്‍: തൊണ്ടയിലുണ്ടാകുന്ന കാന്‍സര്‍ തടയുന്നതിന് നല്‍കുന്ന HPV വാക്‌സിന്‍ ഗുരുതരമായ പാര്‍ശ്വഫലങ്ങളുണ്ടാക്കുമെന്നുള്ള വാദം എച്ച്എസ്ഇ നിഷേധിച്ചു. TV3 തിങ്കളാഴ്ച പ്രക്ഷേപണം ചെയ്ത ഡോക്യുമെന്ററിയിലാണ് HPV വാക്‌സിന്‍ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് സൂചിപ്പിച്ചത്. ഡോക്യുമെന്ററിയില്‍ പ്രത്യക്ഷപ്പെട്ട നാലു കൗമാരക്കാരാണ് മരുന്നിന്റെ പാര്‍ശ്വഫലത്തെക്കുറിച്ച് വിശദമാക്കിയത്. Gardasil എന്നു പേരില്‍ സ്‌കൂളിലെ പെണ്‍കുട്ടികള്‍ക്ക് ദേശീയ തലത്തില്‍ വാക്‌സിനേഷന്‍ നല്‍കിയിരുന്നു. ഇത് ദീര്‍ഘ കാലത്തേക്കുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നാണ് ഡോക്യുമെന്ററിയില്‍ പെണ്‍കുട്ടികള്‍ പറയുന്നത്.

കഴിഞ്ഞവര്‍ഷം സ്‌കൂളില്‍ നിന്ന് വാക്‌സിന്‍ സ്വീകരിച്ചപ്പോള്‍ ചുഴലിപോലെ കോച്ചിപ്പിടുത്തം, തലവേദന, കാഴ്ച മങ്ങല്‍, ഛര്‍ദി തുടങ്ങിയവ ഉണ്ടായെന്ന് മീത് കൗണ്ടിയിലെ 14 വയസുകാരിയായ അബെ കോലോഹന്‍ പറയുന്നു. രണ്ടു ദിവസത്തിന് ശേഷവും ചുഴലി പോലെ അസുഖമുണ്ടായി. ഹോസ്പിറ്റലില്‍ 6 ദിവസം അഡ്മിറ്റായെന്നും എന്താണ് അസുഖമെന്ന് കണ്ടുപിടിക്കാതെ തിരിച്ചയച്ചുവെന്നും അബെ പറയുന്നു. ആറു മാസത്തിന് ശേഷവും അബെ ന്യൂറോജിസ്റ്റിനെ കാണാനിരിക്കുകയാണെന്നും ഡോക്യുമെന്ററിയില്‍ സൂചിപ്പിച്ചിരുന്നു.

എന്നാല്‍ ഈ വാക്‌സിന് ഗുരുതരമായ അലര്‍ജി വളരെ അപൂര്‍വ്വം സന്ദര്‍ഭങ്ങളില്‍ മാത്രമേ ഉണ്ടാകൂ എന്നും വാക്‌സിന്‍ നല്‍കുന്ന സമയത്ത് മാത്രമേ സാധാരണ പാര്‍ശ്വഫലങ്ങള്‍ അനുഭവപ്പെടുകയുള്ളൂ എന്നുമാണ് എച്ച്എസ്ഇ പ്രസ്താവനയിറക്കിയിരിക്കുന്നത്. കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള പാര്‍ശ്വഫലങ്ങള്‍ കുത്തിവെയ്‌പ്പെടുക്കുന്ന ഭാഗത്തുള്ള ചുവപ്പും തടിപ്പും പിന്നെ പനിയുമാണ്. ഇത്തരം ലക്ഷണങ്ങള്‍ മിക്ക പ്രതിരോധ കുത്തിവെയ്്്പ്പിനുശേഷവും ഉണ്ടാകാറുണ്ട്.

യുഎസ്എ, യുകെ, ആസ്‌ട്രേലിയ, വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ ഉള്‍പ്പെടെയുള്ള ഇന്റര്‍നാഷണല്‍ റെഗുലേറ്ററി അതോറിറ്റി എല്ലാ വാക്‌സിന്റെയും പാര്‍ശ്വഫലങ്ങള്‍ പഠനവിധേയമാക്കാറുണ്ട്. Gardasil ന് മികച്ച സുരക്ഷ നല്‍കാനാകുമെന്ന് ഐറിഷ് റെഗലേറ്റേഴ്‌സ് വ്യക്തമാക്കിയിട്ടുള്ളതാണെന്നും എച്ച്എസ്ഇ പറയുന്നു. അയര്‍ലന്‍ഡിലെ പ്രതിരോധ കുത്തിവെയ്പ് പദ്ധതികളില്‍ നാഷണല്‍ ഇമ്മ്യൂണൈസേഷന്‍ അഡൈ്വസറി കമ്മിറ്റി (NIAC) നിര്‍ദേശിച്ചിട്ടുള്ള വാക്‌സിനാണിതെന്നും എച്ച്എസ്ഇ വ്യക്തമാക്കി. അയര്‍ലന്‍ഡില്‍ പ്രതിവര്‍ഷം 100 ലേറെ സ്ത്രീകള്‍ സെര്‍വിക്കല്‍ കാന്‍സര്‍ മൂലം മരിക്കുന്ന സാഹചര്യത്തില്‍ 2010 മുതല്‍ 1,70,000 പെണ്‍കുട്ടികള്‍ക്ക് ഈ പ്രതിരോധ വാക്‌സിന്‍ നല്‍കിയിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: