എച്ച്.പി.വി വാക്‌സിന്‍ എടുത്ത 650 പെണ്‍കുട്ടികള്‍ പാര്‍ശ്വഫലങ്ങളെ തുടര്‍ന്ന് ചികിത്സയില്‍

ഡബ്ലിന്‍: സ്ത്രീകളില്‍ ഗര്‍ഭാശയ അര്‍ബുദം തടയുന്നതിന് വേണ്ടി നല്‍കുന്ന എച്ച്.പി.വി കുത്തിവെപ്പ് എടുക്കുന്നവരില്‍ പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു തുടങ്ങി. അയര്‍ലണ്ടില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന അര്‍ബുദങ്ങള്‍ക്ക് പ്രധാന കാരണം ഹ്യുമന്‍ പാപ്പിലോമാ വൈറസ് ആണെന്ന് കണ്ടെത്തിയിരുന്നു. ഇത് തടയാന്‍ പ്രതിരോധ കുത്തിവെപ്പ് ആയ എച്ച്.പി.വി വാക്‌സിന്‍ എടുക്കാന്‍ ആരോഗ്യ കേന്ദ്രങ്ങള്‍ നിര്‍ദ്ദേശിച്ചിരുന്നു.

പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുമെന്ന ഭീതിയെ തുടര്‍ന്ന് കുത്തിവെപ്പ് എടുക്കാന്‍ പലരും തയ്യാറായിരുന്നില്ല. എന്നാല്‍ ആരോഗ്യ വകുപ്പിന്റെ ചിട്ടയാര്‍ന്ന പ്രചാരണ പരിപാടിയെ തുടര്‍ന്ന് എണ്‍പത് ശതമാനത്തോളം പേര്‍ ഈ വര്‍ഷം കുത്തി വെയ്പ്പ് സ്വീകരിക്കുകയായിരുന്നു. 650 പെണ്‍കുട്ടികള്‍ വിവിധ ആശുപത്രികളിലായി ചികിത്സ തേടിയ വാര്‍ത്ത ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വാര്‍ത്ത സ്ഥിരീകരിച്ച ആരോഗ്യ വകുപ്പ്, കുത്തിവെപ്പിന് ശേഷമുണ്ടായ പാര്‍ശ്വഫലങ്ങള്‍ മാരകമായവ അല്ല എന്ന മറുപടിയുമായി ആണ് രംഗത്ത് വന്നത്. കുത്തിവെയ്പ്പിനെ തുടര്‍ന്ന് സ്ഥിരമായ തലവേദന, തല കറക്കം, വയറു വേദന, പേശികളില്‍ അനുഭവപ്പെടുന്ന വേദന തുടങ്ങിയ പാര്‍ശ്വഫലങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവര്‍ വിദഗ്ദ്ധ ചികിത്സ തേടുകയായിരുന്നു. എച്ച്.പി.വി വാക്‌സിന്‍ കുത്തിവെയ്ക്കുന്നതിനെതിരെ രാജ്യത്തെ ആരോഗ്യ സംഘടനകള്‍ ഉള്‍പ്പെടെ പല സംഘടനകളും നിശിതമായ വിമര്‍ശനവുമായി രംഗത്ത് എത്തിയിരുന്നു.

2010 നു ശേഷം 6,90,000 ഡോസ് വാക്സിന്‍ രാജ്യത്ത് ആകമാനം വിതരണം ചെയ്തതായാണ് കണക്കുകള്‍. താത്കാലിക പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവുന്നത് സാധാരണമാണെങ്കിലും നിരന്തരമായി അസ്വസ്ഥതകള്‍ അനുഭവപ്പെടുന്നവര്‍ ചികിത്സ തേടിയതിനെ ആരോഗ്യ വകുപ്പ് ഗൗരവമായി കാണുന്നില്ലെന്ന് പരാതികള്‍ ഉയരുന്നുണ്ട്. ഇതുവരെ 2,30,000 പെണ്‍കുട്ടികളാണ് വാക്‌സിന്‍ കുത്തിവെയ്പ്പ് എടുത്തിട്ടുള്ളത്. എന്തുകൊണ്ടാണ് വാക്‌സിന്‍ എടുക്കുന്നവര്‍ക്ക് ഇത്തരം അസ്വസ്ഥതകള്‍ ഉണ്ടാവുന്നതെന്ന് വിശദീകരിക്കാന്‍ ആരോഗ്യ വകുപ്പിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പാര്‍ശ്വഫലങ്ങള്‍ക്ക് ശാസ്ത്രീയമായ അടിസ്ഥാനങ്ങള്‍ ഇല്ലെന്ന നിലപാടിലാണ് ആരോഗ്യ വകുപ്പ്.

 

എ എം

 

Share this news

Leave a Reply

%d bloggers like this: