എച്ച്.ഐ.വി പകര്‍ത്താന്‍ ശ്രമിച്ച യുവാവിന് ജീവപര്യന്തം ശിക്ഷ

ഡബ്ലിന്‍: എയ്ഡ്സ് രോഗം പിടിപെട്ട യുവാവ് മറ്റുള്ളവരിലേക്ക് രോഗം പടര്‍ത്താന്‍ ശ്രമിച്ചതിന് പരമാവധി ശിക്ഷ നല്‍കാന്‍ ഡബ്ലിന്‍ സെര്‍ക്യൂട്ട് കോടതി ഉത്തരവിട്ടു. രോഗം മറച്ചുവെച്ച് രണ്ട് സ്ത്രീകളുമായി ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ടതാണ് യുവാവിന്മേല്‍ കുരുക്ക് വീണത്. സ്ത്രീകളുടെ പരാതിയിലാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തത്.

2009-ല്‍ എയ്ഡ്സ് രോഗം സ്ഥിരീകരിച്ച യുവാവ് ഇതിനെതിരെയുള്ള പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാന്‍ വിസമ്മതിക്കുകയായിരുന്നു. കോടതിയില്‍ ഇതും ഇയാള്‍ക്കെതിരെ ശക്തമായ തെളിവായി മാറി. യുവാവ് എച്ച്.ഐ.വി ബാധിതന്‍ ആയിരുന്നുവെന്ന് പിന്നീട് തിരിച്ചറിഞ്ഞ സ്ത്രീകള്‍ രോഗം പടര്‍ത്താന്‍ ശ്രമിച്ചു എന്ന കുറ്റത്തിനാണ് കേസ് ഫയല്‍ ചെയ്തത്. എന്നാല്‍ തീര്‍ത്തും സുരക്ഷിതമായ രീതിയിലാണ് താന്‍ ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്ന് യുവാവ് കോടതിയില്‍ മൊഴി നല്‍കി.

അന്താരാഷ്ട്രത്തലത്തിലുള്ള ആന്റി എച്ച്.ഐ.വി വിദഗ്ദ്ധര്‍ നടത്തിയ പരിശോധനയില്‍ സ്ത്രീകളില്‍ രോഗബാധ കണ്ടെത്തിയിരുന്നില്ല; എങ്കിലും രോഗം മറച്ചുവെച്ച് ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെട്ടത് ശരിയായ നടപടിയല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. എയ്ഡ്സ് രോഗ ബാധിതര്‍ ലൈംഗീകബന്ധം പുലര്‍ത്തുന്നവരോട് രോഗവിവരം തുറന്നുപറയണമെന്ന നിയമ വ്യവസ്ഥ അയര്‍ലണ്ടില്‍ ഇല്ലെന്ന് പ്രതി വാദിച്ചുവെങ്കിലും രോഗബാധ ഏല്‍ക്കുന്നവരുടെ ജീവന് വെല്ലുവിളി ഉയര്‍ത്തുന്ന ഈ രോഗാവസ്ഥ ഇയാള്‍ പങ്കാളികളോട് തുടര്‍ന്ന് പറയേണ്ടത് തന്നെയാണ് എന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

അയര്‍ലണ്ടില്‍ വളരെ അപൂര്‍വമായി മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസ് ആണ് ഇതെന്ന് അയര്‍ലണ്ടില്‍ എയ്ഡ്സ് ബാധിതര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന എച്ച്.ഐ.വി അയര്‍ലന്‍ഡ് എന്ന സംഘടന ഈ വാര്‍ത്തയോട് പ്രതികരിച്ചു. അയര്‍ലണ്ടില്‍ ജീവിക്കുന്ന മറ്റു എയ്ഡ്സ് ബാധിതര്‍ക്ക് പ്രതികൂലമായ സാമൂഹിക പശ്ചാത്തലം ഒരുക്കിയെടുക്കാന്‍ കഴിയുന്ന കേസ് ആണ് ഇതെന്ന് സംഘടന അഭിപ്രായപ്പെട്ടു. അയര്‍ലണ്ടില്‍ അയ്യായിരത്തോളം വരുന്ന എയ്ഡ്സ് ബാധിതര്‍ കൃത്യമായി പ്രതിരോധ മരുന്നുകളും കൗണ്‍സിലിംഗ് സേവനങ്ങളും പ്രയോജനപ്പെടുത്തുന്നവരാണ്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: