എഐബി ബാങ്കിന്റെ പേരില്‍ വ്യാജ ഫോണ്‍ കോളുകള്‍; മുന്നറിയിപ്പ് നല്‍കി സുരക്ഷാ ഉദ്യോഗസ്ഥര്‍

ഡബ്ലിന്‍: തങ്ങളുടെ പേരില്‍ ഉപഭോക്താക്കളുടെ ഫോണുകളിലേക്ക് വരുന്ന വ്യാജ സന്ദേശങ്ങള്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കി അലൈഡ് ഐറിഷ് ബാങ്ക് (AIB). രണ്ട് തരത്തിലുള്ള തട്ടിപ്പുകളെ കരുതിയിരിക്കാനാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. നാഷണല്‍ ക്രൈം ഏജന്‍സി, യൂറോപോള്‍, ഇന്റര്‍പോള്‍ തുടങ്ങിയ നിയമ സുരക്ഷാ അധികൃതര്‍ എന്ന വ്യജേനെയാണ് ഒന്നാമതായി തട്ടിപ്പ് ഫോണ്‍കോളുകള്‍ എത്തുക. നിങ്ങളുടെ ഇന്റര്‍നെറ്റ് കണക്ഷനിലൂടെ അനധികൃത ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി പറഞ്ഞാണ് ഇവര്‍ തട്ടിപ്പിന് തുടക്കമിടുക. ഉപഭോക്താക്കളുടെ ഐഡന്റിറ്റി നഷ്ടപ്പെട്ടിട്ടുണ്ടെന്നും യഥാര്‍ത്ഥ ക്രിമിനലുകളെ പിടിക്കാനായി ഉപഭോക്താക്കളുടെ ബാങ്ക് അകൗണ്ട് വിവരങ്ങള്‍ നല്‍കാനും ഇവര്‍ ആവശ്യപ്പെടും. ബാങ്ക് അധികൃതര്‍ക്കോ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കോ നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ നല്‍കരുതെന്നുകൂടി ഫോണ്‍ വിളിക്കുന്നവര്‍ പറയുന്നതോടെ തട്ടിപ്പുകാരുടെ വലയില്‍ നാം വീണിരിക്കും.

നിങ്ങള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന മൊബൈല്‍ ഫോണ്‍, ബ്രോഡ് ബാന്‍ഡ്, സോഫ്റ്റ്വെയര്‍ തുടങ്ങിയവയുടെ സേവനദാതാക്കള്‍ എന്ന വ്യാജേനെ വരുന്ന ഫോണ്‍ കോളുകളിലൂടെയാണ് രണ്ടാമത്തെ തട്ടിപ്പ് നടക്കുന്നത്. നിങ്ങളുടെ കംപ്യൂട്ടറിന്റെയോ ബ്രോഡ്ബാന്‍ഡിന്റെയോ പിഴവുകള്‍ പരിഹരിക്കാനെന്നു പറഞ്ഞാണ് തട്ടിപ്പുകാര്‍ നിങ്ങളെ ബന്ധപ്പെടുക. തുടര്‍ന്ന് പതുക്കെ ഇവര്‍ നിങ്ങളുടെ ബാങ്കിങ് വിവരങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെടും. ഇത്തരം തട്ടിപ്പിനെതിരെയും ജാഗ്രത പാലിക്കാനും ഫോണ്‍കോളുകള്‍ വന്നാല്‍ ബാങ്കിനെ ഉടന്‍ വിവരമറിയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

തട്ടിപ്പുകാര്‍ക്ക് ഇത്തരം ഫോണ്‌കോളുകളിലൂടെ നിങ്ങളുടെ സ്വകാര്യ വിവരങ്ങളും കാര്‍ഡ് നമ്പറുകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ആധികാരികമെന്നു തോന്നുന്ന, എന്നാല്‍ വ്യാജമായ രീതിയില്‍ തന്ത്രപൂര്‍വം കൈക്കലാക്കാന്‍ സാധ്യതയുണ്ട്. ഇമെയില്‍ മുഖേനയോ ഫോണ്‍ സന്ദേശങ്ങള്‍ മുഖേനയോ ബാങ്ക് അക്കൌണ്ട് സംബന്ധിച്ച ഒരു വിശദാംശങ്ങളും ആവശ്യപ്പെടാറില്ലെന്ന് എഐബി അറിയിച്ചു. അതുകൊണ്ട് തന്നെ ബാങ്ക് അക്കൌണ്ട് വിശദാംശങ്ങള്‍ ആവശ്യപ്പെടുനതോ ഇന്റര്‍നെറ്റ് ബാങ്കിംഗ് പ്രൊഫൈലില്‍ ലോഗിന്‍ ചെയ്യാന്‍ ആവശ്യപ്പെടുന്നതോ ആയ ഒരു സന്ദേശങ്ങളോടും പ്രതികരിക്കരുതെന്നും ബാങ്ക് അധികൃതര്‍ അറിയിച്ചു. ആരെങ്കിലും ഫോണ്‍ സന്ദേശങ്ങള്‍ മുഖേന ബാങ്ക് അക്കൌണ്ട് വിശദാംശങ്ങള്‍ ആവശ്യപ്പെടുന്ന എല്ലാ സന്ദര്‍ഭങ്ങളിലും ജാഗ്രത നിര്‍ദ്ദേശം പാലിക്കണമെന്ന് എഐബി ഇടപാടുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: