എം 50യിലെ വേഗപരിധിക്ക് നിയന്ത്രണം വരുന്നു; ഗതാഗതകുരുക്കും വാഹനാപകടവും കുറയുമെന്ന് പ്രതീക്ഷ

ഡബ്ലിന്‍: ഡബ്ലിന്‍ സിറ്റി മേഖലയിലെ ഗതാഗതകുരുക്ക് നിയന്ത്രിക്കുന്നതിനും അപകടങ്ങള്‍ കുറയ്ക്കുന്നതുമായി എം 50യിലെ വാഹനവേഗത 100 km/h നിന്ന് 60-80 km/h ആയി കുറയ്ക്കാന്‍ തീരുമാനിച്ചു. ട്രാന്‍സ്പോര്‍ട്ട് ഇന്‍ഫ്രാസ്ട്രക്ചര്‍ അയര്‍ലണ്ട് നടപ്പാക്കുന്ന പുതിയ പരിഷ്‌കരണം അടുത്ത വര്‍ഷം മുതല്‍ നിലവില്‍ വരും. റോഡുകള്‍ നവീകരിച്ചിട്ടുണ്ടെങ്കിലും വാഹനങ്ങളുടെ തിരക്ക് പ്രതിരോധിക്കാനുള്ള പദ്ധതിയാണ് ട്രാന്‍സ്പോര്‍ട്ട് അധികൃതര്‍ ആലോചിക്കുന്നത്. 2017 ന് ശേഷം 5,100 വാഹനാപകടങ്ങളാണ് രാജ്യത്തെ ഏറ്റവും വലിയ മോട്ടോര്‍വേ ആയ എം 50 ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഓരോ മാസവും 250 ത്തോളം അപകടങ്ങള്‍ക്ക് ഇവിടം സാക്ഷ്യം വഹിക്കാറുണ്ട്.

യാത്രക്കാര്‍ തങ്ങളുടെ വാഹനങ്ങളില്‍ മണിക്കൂറോളം ഗതാഗതകുരുക്കില്‍ അകപ്പെട്ട് കഴിയേണ്ടി വരുന്ന സാഹചര്യവും വര്‍ധിച്ചു വരികയാണ്. രാജ്യത്തിന്റെ സമ്പദ്സ്ഥിതി മെച്ചപ്പെട്ടതിനെ തുടര്‍ന്ന് കുടുതല്‍ പേര്‍ വാഹനങ്ങള്‍ സ്വന്തമാക്കിയതാണ് ഗതാഗതകുരുക്കിനു കാരണമായതെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. വാഹനങ്ങളുടെ വേഗത കുറയുന്നതോടെ നിരന്തരം ഉണ്ടാകുന്ന അപകടങ്ങള്‍ക്ക് ശമനം വരുമെന്ന് കരുതുന്നതായി ഉപഭോകൃ വകുപ്പ് ഡയറക്ടര്‍ AA കൊണര്‍ പ്രസ്താവിച്ചു.

റോഡിലെ തിരക്കനുസരിച്ച് ഓരോ സ്ഥലത്തും വേഗപരിധിക്ക് വ്യത്യാസം വരുത്താനാണ് ഉദ്ദേശിക്കുന്നത്. ഇതിലൂടെ പെട്ടെന്നുള്ള ബ്രെക്ക് പിടിത്തം ഒഴിവാക്കാനാകും. വര്‍ദ്ധിച്ചു വരുന്ന ട്രാഫിക് പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിനായി കൂടുതല്‍ ടോളുകള്‍ ഏര്‍പ്പെടുത്തുന്നതിനും ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി തീരുമാനിച്ചിരുന്നു. ടോളുകള്‍ സ്ഥാപിക്കുന്നതിന് പുറമെ വാഹനങ്ങളുടെ വേഗത നിയന്ത്രണം, ലെയിന്‍ കണ്‍ട്രോള്‍ എന്നിവ വഴിയും കൃത്യമായ ട്രാഫിക് വിവരങ്ങള്‍ ജനങ്ങളിലേക്ക് എത്തിച്ചും ട്രാഫിക് പ്രതിസന്ധികള്‍ ഒഴിവാക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ വിശ്വാസം.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: