എം.എം.കാല്‍ബുര്‍ഗിയുടെ കൊലപാതകത്തിന് പിന്നാലെ യുക്തിവാദി പണ്ഡിതന് ബജ്‌റംഗ് ദള്‍ നേതാവിന്റെ വധ ഭീഷണി

ബംഗളൂരു: എഴുത്തുകാരനായ എം.എം.കാല്‍ബുര്‍ഗിയുടെ കൊലപാതകത്തിന് പിന്നാലെ യുക്തിവാദി പണ്ഡിതന് ബജ്‌റംഗ് ദള്‍ നേതാവിന്റെ വധ ഭീഷണി. ബജ്‌റംഗ് ദള്‍ ദക്ഷിണ കന്നഡ ജില്ലയിലെ ബന്ത്വാള്‍ സെല്‍ കോകണ്‍വീനറായ ഭുവിത് ഷെട്ടിയാണ് ട്വിറ്ററില്‍ കൊലവിളി നടത്തിയത്.

ഷെട്ടിയുടെ ട്വീറ്റ് ഇങ്ങനെ: ‘യു.ആര്‍. അനന്തമൂര്‍ത്തിയ്ക്ക് ശേഷം ഇപ്പോള്‍ എം.എം.കാല്‍ബുര്‍ഗി. ഹിന്ദുത്വത്തെ കളിയാക്കുന്നവന്‍ പട്ടിയെപ്പോലെ മരിയ്ക്കും.പ്രിയപ്പെട്ട കെ.എസ്. ഭഗവാന്‍,? താങ്കളാണ് അടുത്തത്.’

തീവ്ര ഹിന്ദുത്വ സംഘടനകളാണ് കൊലപാതകത്തിന് പിന്നിലെന്നതിന്റെ തെളിവാണ് ഷെട്ടിയുടെ ട്വീറ്റെന്ന് സംസ്ഥാനത്തുടനീളം പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ച പുരോഗമന സംഘടനാ നേതാക്കള്‍ പറഞ്ഞു. ദേഷ്യം പ്രകടിപ്പിക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന് ഭുവിത് ഷെട്ടി പ്രതികരിച്ചു. ഹിന്ദു വിരുദ്ധ പ്രസ്താവനകളുടെ പേരില്‍ ആക്രമിക്കപ്പെടുമെന്ന് ഭഗവാന് തന്നെയറിയാം. അതിനര്‍ത്ഥം താനോ സംഘടനയോ അദ്ദേഹത്തെ കൊല്ലും എന്നല്ലെന്നും ഷെട്ടി പറഞ്ഞു.

സാമുദായിക സംഘര്‍ഷം വളര്‍ത്താന്‍ ശ്രമിച്ചതിനും വധഭീഷണിയ്ക്കും മാംഗളൂരു പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തു. എന്നാല്‍ സംഭവശേഷം ഷെട്ടിയുടെ ട്വിറ്റര്‍ അക്കൗണ്ട് ലഭ്യമാകുന്നില്ല. ട്വീറ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

Share this news

Leave a Reply

%d bloggers like this: