ഉയര്‍പ്പിന്‍ സന്ദേശവുമായി ഇന്ന് ഈസ്റ്റര്‍

ലോകത്തിന്റെ പാപങ്ങള്‍ ചുമലിലേറ്റി കുരിശിലേറിയ യേശുദേവന്‍ മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മ്മ പുതുക്കി ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ ഇന്ന് ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. അയര്‍ലണ്ടിലെ വിവിധ സഭകളില്‍ ഓശാന ഞായറോടെ ആരംഭിച്ച ഉപവാസത്തിന്റെയും പ്രാര്‍ത്ഥനയുടേയും വിശുദ്ധ വാരത്തിന് ഇതോടെ സമാപനമാകും. അഗ്‌നി, ജലശുദ്ധീകരണ കര്‍മ്മങ്ങള്‍ക്ക് ശേഷം ഇന്നലെ രാത്രി വൈകി ക്രിസ്തീയ ദേവാലയങ്ങളില്‍ ഉയിര്‍പ്പിന്റെ തിരുകര്‍മ്മങ്ങള്‍ ആരംഭിച്ചിരുന്നു.

കല്ലറയില്‍ നിന്ന് ഉയിര്‍ത്ത് ആകാശത്തേക്കുയരുന്ന യേശുദേവന്റെ ദൃശ്യാവിഷ്‌കാരം തിരുക്കര്‍മ്മങ്ങളുടെ മുഖ്യ ഭാഗമാണ്. ഇതിനുശേഷം ആഘോഷമായ വിശുദ്ധ കുര്‍ബാനയുമുണ്ട്. ഇന്ന് രാവിലെയും വിവിധ സമയങ്ങളിലായി ദേവാലയങ്ങളില്‍ കുര്‍ബാന നടക്കും. അമ്പതുദിവസം നീണ്ടുനിന്ന വിശ്വാസികളുടെ വലിയ നോമ്പിനും ഇന്ന് സമാപനം കുറിക്കും.

ഉയിര്‍പ്പ് തിരുനാള്‍ രാത്രിയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കാര്‍മികത്വത്തില്‍ നടന്ന കുര്‍ബാനയില്‍ പതിനായിരങ്ങളാണ് പങ്കെടുത്തത്.

സ്ത്രീകളെ ബഹുമാനിക്കണമെന്നും ദരിദ്രരേയും അഭയാര്‍ഥികളെയും സംരക്ഷിക്കണമെന്നും മാര്‍പാപ്പ ഈസ്റ്റര്‍ സന്ദേശത്തില്‍ പറഞ്ഞു. കുരിശില്‍ തറച്ച ക്രിസ്തുദേവനെ കാണാന്‍ പോയ മാതാവിന്റെയും മഗ്ദലന മറിയത്തിന്റെയും ബൈബിളിലെ രംഗം ഉപമിച്ചുകൊണ്ടായിരുന്നു മാര്‍പാപ്പയുടെ വാക്കുകള്‍.

മനുഷ്യനിലെ നന്മയും മഹത്വവും നശിച്ചുകൊണ്ടിരിക്കുകയാണെന്നും, എന്നാല്‍ അത് പാടില്ലെന്നും മാര്‍പാപ്പ ഓര്‍മിപ്പിച്ചു. അഴിമതി ലോകത്തു നിന്ന് തുടച്ചു നീക്കണം. മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെട്ട് അടിമകളായി കഴിയേണ്ടിവരുന്ന ദരിദ്രരേയും അഭയാര്‍ഥികളെയും സംരക്ഷിച്ചും സഹായിച്ചുമാവണം ലോകം മുന്നോട്ട് പോകേണ്ടത്- മാര്‍പാപ്പ ആഹ്വാനം ചെയ്തു.

മൂന്നുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ ഇന്ന് ഈസ്റ്റര്‍ ഒരുമിച്ച് ആഘോഷിക്കുന്നത്. ഇതിന് മുന്‍പ് 2014 ഏപ്രില്‍ 20നാണ് ലോകമെങ്ങും ഈസ്റ്റര്‍ ഒരുമിച്ച് ആഘോഷിച്ചത്. ഇനി 2025 ഏപ്രില്‍ 20ന് ഇത് ആവര്‍ത്തിക്കും. 2001, 2004, 2007, 2010, 2011, 2028, 2031, 2034 തുടങ്ങിയ വര്‍ഷങ്ങളിലും ഈസ്റ്റര്‍ ഒരുമിച്ചാണ്. എത്യോപ്യ, എറിട്രിയ, ഈജിപ്ത്, റഷ്യ, ബലാറസ് (ബൈലോറഷ്യ), യുക്രെയ്ന്‍, കസാഖിസ്ഥാന്‍, മൊള്‍ഡോവ, ജോര്‍ജിയ, സെര്‍ബിയ, മാസിഡോണിയ, റുമേനിയ, ബള്‍ഗേറിയ, ഗ്രീസ്, സൈപ്രസ്, തുര്‍ക്കി, സിറിയാ ഇസ്രയേല്‍, ലബനന്‍ തുടങ്ങിയ രാജ്യങ്ങളിലെ 20 കോടിയിലധികം ക്രൈസ്തവര്‍ മിക്കവര്‍ഷവും ഒന്നോ നാലോ അഞ്ചോ ആഴ്ചകള്‍ വൈകിയാണ് ഈസ്റ്റര്‍ ആഘോഷിക്കുന്നത്.

ക്രിസ്തീയ സമൂഹം ലോകം മുഴുവന്‍ ഇന്ന് ആനന്ദോത്സവമായ ഈസ്റ്റര്‍ ആഘോഷിക്കുമ്പോള്‍ യേശു എന്ന എളിമയുടെ ചക്രവര്‍ത്തി പീഡാസഹനത്തിലൂടെ തന്റെ ജനത്തിന് പാപമോചനത്തില്‍ നിന്നും പറുദീസ വാഗ്ദാനം ചെയ്ത മഹത്വം അറിയുക കൂടിയാണ്.രണ്ടു കള്ളന്മാര്‍ക്കു നടുവില്‍ ഒരു സത്യ ദൂതന്റെ ക്രൂശുമരണം എന്ന നേരത്തേ എഴുതപ്പെട്ട വിധിയാണ് യേശുവിലൂടെ നടന്നത്. ക്ഷമിക്കുന്ന സ്നേഹവും ഉപാധിയില്ലാത്ത കാരുണ്യവുംകൊണ്ട് ശത്രുവില്ലാത്ത ലോകത്ത് ജീവിച്ച് മനുഷ്യന് ദൈവമാകാമെന്നു കാണിച്ചു കൊടുത്തതിന്റെ ആഹ്ളാദ തിരുന്നാളാണ് ഈസ്റ്റര്‍. യേശുവിനെപ്പോലെ ആയില്ലെങ്കിലും കുറഞ്ഞ പക്ഷം അദ്ദേഹത്തിന്റെ സന്ദേശം മനസിലാക്കാനുള്ള മനസെങ്കിലും ഉണ്ടാവുന്നതുതന്നെ നന്മയുടെ സ്നാനമാണ്.

എല്ലാ റോസ് മലയാളം വായനക്കാര്‍ക്കും ഉയര്‍പ്പിന്‍ സന്തോഷത്തിന്റെ ഈസ്റ്റര്‍ ആശംസകള്‍

Share this news

Leave a Reply

%d bloggers like this: