‘ഉന്നത കലാലയങ്ങളില്‍ മുന്‍വിധികള്‍ക്ക് ഇരയാകേണ്ടി വന്നവരുടെ നീണ്ട പട്ടികയില്‍ ഒരാളായി രോഹിതും മാറിയിരിക്കുന്നു’ ഹൈദരാബാദ് സര്‍വകലാശാല അധികൃതര്‍ക്ക് ആഗോള ഗവേഷക കൂട്ടായ്മയുടെ തുറന്ന കത്ത്

ഹൈദരാബാദ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഗവേഷകരും അക്കാദമിക് വിദഗ്ധരും ഒപ്പു വച്ച തുറന്ന കത്ത്:

ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് നിലനില്‍ക്കുന്ന ജാതി വിവേചന സംഭവങ്ങളില്‍, പ്രത്യേകിച്ച് അഞ്ച് പിഎച്ച്ഡി ഗവേഷകരായ ദളിത് വിദ്യാര്‍ത്ഥികളെ ഹൈദരാബാദ് യൂണിവേഴ്‌സിറ്റി പക്ഷപാതപരമായി സസ്‌പെന്‍ഡ് ചെയ്ത സംഭവത്തില്‍ എത്രയും വേഗം നീതി നടപ്പിലാക്കണമെന്ന് ഞങ്ങളുടെ ആഗോള ഗവേഷക കൂട്ടായ്മ അടിയന്തരമായി ആവശ്യപ്പെടുന്നു. തങ്ങളുടെ ഭാഗം വിശദീകരിക്കാന്‍ പോലും അവസരം നല്‍കാതെ രാഷ്ട്രീയ സമ്മര്‍ദ്ദം ഉപയോഗിച്ചാണ് ഈ അഞ്ചു വിദ്യാര്‍ത്ഥികളെയും പുറത്താക്കിയിരിക്കുന്നത്. നേരത്തെ ഈ വിദ്യാര്‍ത്ഥികള്‍ക്കുമേല്‍ ആരോപിക്കപ്പെട്ട കുറ്റങ്ങളില്‍ നിന്ന് ഇവരെ വിമുക്തരാക്കി യൂണിവേഴ്‌സിറ്റി അധികാരികള്‍ കൈകൊണ്ട തീരുമാനത്തിന്റെ പ്രത്യക്ഷ ലംഘനമാണ് ഈ നടപടി. ഈ വിദ്യാര്‍ത്ഥികളുടെ ആക്ടിവിസത്തോട് എതിര്‍പ്പുള്ള രാഷ്ട്രീയ വൈരികളാണ് ഇവര്‍ക്കെതിരായ കുറ്റാരോപണങ്ങള്‍ ഉന്നയിച്ചിരുന്നത്.

ഈ മുന്‍വിധിക്ക് വലിയൊരു വില നല്‍കേണ്ടി വന്നിരിക്കുന്നു. അഞ്ച് ഗവേഷണ വിദ്യാര്‍ത്ഥികളില്‍ ഒരാളും ഭാവി വാഗ്ദാനവുമായ രോഹിത് വെമുല ജനുവരി 17ന് ആത്മഹത്യ ചെയ്തു. ഭാവിയിലെ ഒരേ ഒരവസരം തട്ടിപ്പറിക്കുകയും തന്റെ മൂല്യം വെറും വോട്ടും തല്‍ക്ഷണ സ്വത്വവുമായി ചുരുക്കപ്പെട്ടതിലുമുള്ള നിരാശയും ഇച്ഛാഭംഗവും താങ്ങാനാവാതെ രോഹിത് തന്റെ സ്വന്തം ജീവനെടുക്കുകയായിരുന്നു.

ഗവേഷകര്‍ എന്ന നിലയ്ക്ക് ഞങ്ങള്‍ മനസ്സിലാക്കുന്നത് വ്യക്തിപരമായ ഒരു നടപടി ഒരിക്കലും ഇങ്ങനെ ആയിരിക്കില്ല എന്നാണ്. ഈ ആത്മഹത്യ ഒരു വ്യക്തിപരമായ പ്രവര്‍ത്തി അല്ല. ഇന്ത്യയ്ക്ക് ഏറ്റവും വിലപ്പെട്ട യുവതയുടെ ബൗദ്ധികവും വ്യക്തിപരവുമായ വളര്‍ച്ചയെ പരിപോഷിപ്പിക്കുക എന്ന ജനാധിപത്യ ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഏറ്റവും അടിസ്ഥാനപരമായ കടമ നിര്‍വഹിക്കുന്നതിലെ പരാജയമാണിത്. രാജ്യത്തെ ഉന്നത കലാലയങ്ങളില്‍ മുന്‍വിധികള്‍ക്ക് ഇരയാകേണ്ടി വന്നവരുടെ നീണ്ട പട്ടികയില്‍ ഒരാളായി രോഹിതും മാറിയിരിക്കുന്നു. ഈ കലാലയങ്ങളിലെ വ്യാപക വിവേചനങ്ങള്‍ നിരവധി ദളിത് വിദ്യാര്‍ത്ഥികളെയാണ് വിഷാദത്തിലേക്കും ആത്മഹത്യയിലേക്കും തള്ളിവിട്ടിട്ടുള്ളത്. പലരെയും ശാന്തരായി പഠനം നിര്‍ത്തിപ്പോകാന്‍ നിര്‍ബന്ധിതരാക്കുകയും ചെയ്തിട്ടുണ്ട്.

രോഹിതിനൊപ്പം സസ്‌പെന്‍ഡ് ചെയ്ത് മറ്റു നാലു വിദ്യാര്‍ത്ഥികളേയും ഹൈദരാബാദ് യൂണിവേഴ്‌സിറ്റി എത്രയും വേഗം തിരിച്ചെടുക്കുകയും രോഹിതിന്റെ കുടുംബത്തിന് പിന്തുണ നല്‍കുകയും അവന്റെ മരണത്തിലേക്കു നയിച്ച സംഭവങ്ങള്‍ വെളിച്ചത്തു കൊണ്ടുവരാന്‍ പൊലീസ് അന്വേഷണം നടത്തുകയും വേണമെന്നാണ് ദക്ഷിണേഷ്യയിലെ ഗവേഷകരെന്ന നിലയ്ക്ക് ഞങ്ങള്‍ക്ക് ആവശ്യപ്പെടാനുള്ളത്. ഇതു മാത്രം പോര. ഹൈദരാബാദ് യൂണിവേഴ്‌സിറ്റി ഇപ്പോള്‍ നീതി ഉറപ്പുവരുത്തുകയും ഇനിയുണ്ടാകുന്ന അനീതികളെ ശക്തമായി തടയുകയും ചെയ്യേണ്ടതുമുണ്ട്.

രോഹിതിനെ പോലുള്ള വിദ്യാര്‍ത്ഥികളെ സജീവമായി പരിപോഷിപ്പിച്ചെടുക്കേണ്ടത് ഏതൊരു അക്കാദമിക് സ്ഥാപനത്തിന്റെ കാര്യമെടുത്താലും വളരെ പ്രധാനമാണ്. രോഹിതിന്റെ പൊതു ജീവിതവും ആരോഗ്യകരമായ രാഷ്ട്രീയ ചര്‍ച്ചകളും ഈ കലാലയത്തെ അതാക്കി മാറ്റിയിട്ടുണ്ട്. പലപ്പോഴും ശത്രുതാപരവും ജാതീയ അന്തരീക്ഷവുമുള്ള ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് കടന്നു വരുന്ന ഇത്തരം വിദ്യാര്‍ത്ഥകള്‍ക്ക് ആവശ്യമായ പിന്തുണയും വളരാനുള്ള അവസരവും ഉറപ്പുവരുത്താനുള്ള നടപടികള്‍ നിര്‍ബന്ധമായും നടപ്പിലാക്കേണ്ടതുണ്ട്. ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെ വ്യവസ്ഥകളെ പോലെ വിദ്യാര്‍ത്ഥികളെ ജീവിതത്തില്‍ നിന്നും പിന്‍വാങ്ങാന്‍ പ്രേരിപ്പിക്കുന്ന ഒരു യൂണിവേഴ്‌സിറ്റിയില്‍ സമൂലമായ ഒരു അഴിച്ചുപണി ആവശ്യമാണ്.

ഇന്ത്യന്‍ യൂണിവേഴ്‌സിറ്റികളിലെ ജാതി വിവേചനങ്ങളെ പിന്താങ്ങുന്നതില്‍ രാഷ്ട്രീയ നേതാക്കളുടെ പങ്കും ജാതി വിരുദ്ധ വിദ്യാര്‍ത്ഥി പ്രവര്‍ത്തനങ്ങളോട് യൂണിവേഴ്‌സിറ്റി ഭരണകൂടം പുലര്‍ത്തുന്ന ഇരട്ടത്താപ്പും ലോകത്തൊട്ടാകെയുള്ള അക്കാദമിക് പണ്ഡിതന്‍മാര്‍ക്കിടയില്‍ ഇന്ത്യയുടെ പ്രതിച്ഛായയ്ക്ക് നേരിട്ട് മങ്ങലേല്‍പ്പിക്കുന്നുണ്ട്. സ്ഥാപനവല്‍കൃത വിവേചനം അവസാനിപ്പിക്കുകയും ബഹുമാനവും തന്മയീഭാവവും നിറഞ്ഞ അന്തരീക്ഷത്തില്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും വിദ്യാഭ്യാസ നല്‍കുകയും ഇവയെ തകിടം മറിക്കുന്ന രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളെ പ്രതിരോധിക്കുകയും ചെയ്യുക എന്ന കടമ യൂണിവേഴ്‌സിറ്റി നിര്‍വഹിക്കുമെന്ന ഞങ്ങളുടെ പ്രതീക്ഷ പുനസ്ഥാപിച്ചു തരണമെന്നാണ് ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയോട് ഞങ്ങള്‍ക്ക് ആവശ്യപ്പെടാനുള്ളത്. ഞങ്ങള്‍ എല്ലാം വീക്ഷിച്ചുകൊണ്ടിരിക്കുന്നു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഗവേഷകരും അക്കാദമിക് വിദഗ്ധരുമായ 129 പേരാണ് കത്തില്‍ ഒപ്പുവെച്ചിരിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: