ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസ്: ആദ്യ രണ്ട് പ്രതികളായ പൊലീസുകാര്‍ക്ക് വധശിക്ഷ

സംസ്ഥാന പൊലീസില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ ആദ്യ രണ്ട് പ്രതികള്‍ക്ക് വധശിക്ഷ. ഒന്നാം പ്രതി ജിതകുമാര്‍, രണ്ടാം പ്രതി ശ്രീകുമാര്‍ എന്നിവര്‍ക്കാണ് വധശിക്ഷ വിധിച്ചിരിക്കുന്നത്. ഇതിന് പുറമെ രണ്ട് ലക്ഷം രൂപ പിഴയും ഇവര്‍ക്ക് വിധിച്ചിട്ടുണ്ട്. തിരുവനന്തപുരം സിബിഐ കോടതി ജഡ്ജി ജെ നാസറാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.

അഞ്ചും ആറും ഏഴും പ്രതികളായ ഡിവൈഎസ്പി ടി അജിത് കുമാര്‍, മുന്‍എസ്പി ടികെ സാബു, മുന്‍ എസ്പി ഹരിദാസ് എന്നിവര്‍ക്ക് മൂന്ന് വര്‍ഷം വീതമാണ് തടവുശിക്ഷ വിധിച്ചിരിക്കുന്നത്. ഇവര്‍ക്കെതിരെ ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്.

കേസില്‍ മൊത്തം ഏഴ് പൊലീസുകാരാണ് പ്രതികളായി ഉണ്ടായിരുന്നത്. കേസിലെ ആറ് പ്രതികളും കുറ്റക്കാരാണെന്ന് കഴിഞ്ഞ ദിവസം കോടതി വിധിച്ചിരുന്നു. മൂന്നാം പ്രതി സോമന്‍ വിചാരണക്കാലയളവില്‍ മരിച്ചിരുന്നു. നാലാം പ്രതി വിപി മോഹനനെ കോടതി നേരത്തെ കുറ്റവിമുക്തനാക്കിയിരുന്നു. വധശിക്ഷ ലഭിച്ച രണ്ട് പേരുള്‍പ്പെടെ മൂന്ന് പൊലീസുകാരും നിലവില്‍ സര്‍വീസില്‍ ഉള്ളവരാണ്.

കെ ജിതകുമാര്‍ നിലവില്‍ ഡിസിആര്‍ബി എഎസ്ഐയും എസ്വി ശ്രീകുമാര്‍ നര്‍ക്കോട്ടിക് സെല്‍ സിവില്‍ പൊലീസ് ഓഫീസറും അജിത് കുമാര്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയും ആണ്. ടികെ ഹരിദാസ്, ഇകെ സാബു എന്നിവര്‍ എസ്പിമാരായി വിരമിച്ചു. സംഭവം നടക്കുമ്പോള്‍ ആദ്യ രണ്ട് പ്രതികള്‍ ഫോര്‍ട്ട് പൊലീസ് സ്റ്റേഷനിലെ പൊലീസുകാരായിരുന്നു. അജിത് കുമാര്‍ സ്റ്റേഷനിലെ എസ്ഐയും സാബു സിഐയും ഹരിദാസ് അസിസ്റ്റന്റ് കമ്മീഷണറും ആയിരുന്നു.

സംസ്ഥാനചരിത്രത്തില്‍ ആദ്യമായാണ് സര്‍വീസിലുള്ള പൊലീസുകാര്‍ക്ക് ഇത്തരത്തില്‍ വധശിക്ഷ വിധിക്കുന്നത്. 2005 സെപ്തംബര്‍ 27ന് തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്റ്റേഷനിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മോഷ്ടാവെന്ന് സംശയിച്ച് പിടിച്ചുകൊണ്ടുവന്ന ഉയദകുമാര്‍ ലോക്കപ്പ് മര്‍ദ്ദനത്തിനിടെ കൊല്ലപ്പെടുകയായിരുന്നു. തുടയിലെ രക്തധമനി പൊട്ടിയതാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. കേസിലെ 55 സാക്ഷികളില്‍ 34 പേരെ തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ ചെയ്തതിന് ശേഷമാണ് കേസ് തുടരന്വേഷണത്തിനായി സിബിഐയെ ഏല്‍പ്പിച്ചത്.

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: