ഉച്ചയ്ക്ക് രണ്ടുമണിക്കും നാലുമണിക്കും ഇടയില്‍ വാഹനം ഓടിക്കുന്നവര്‍ ജാഗ്രതൈ; നിങ്ങള്‍ ചെറിയ ഉറക്കത്തിലേക്ക് വഴുതിവീഴാം

ഡബ്ലിന്‍: ഉച്ചയ്ക്ക് രണ്ടു മണിക്കും നാലു മണിക്കുമിടയില്‍ വാഹനം ഓടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്. ഈ സമയം ചെറിയ ഉറക്കത്തില്‍ പെടാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. കണ്ണ് തുറന്നിട്ടാണെങ്കിലും ചെറിയ ഉറക്കങ്ങളിലാകാനുള്ള സാധ്യത കൂടുതലാണെന്നാണ് പഠനത്തില്‍ പറയുന്നത്.

ഒലിവിയ ഡ്യുന്ന എന്ന സ്ത്രീയെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒരു ഡബ്ലിന്‍ സ്വദേശിക്ക് ഇക്കഴിഞ്ഞ ആഴ്ച രണ്ട് വര്‍ഷം തടവ് ശിക്ഷ ലഭിച്ചിരുന്നു. അപകടത്തില്‍ ഒലിവിയയുടെ 15 മാസം പ്രായമായ കുഞ്ഞിന് പരിക്കും പറ്റി. ഡ്രൈവര്‍ വാഹനമോടിക്കുന്നതിനിടയില്‍ ചെറിയ ഉറക്കത്തില്‍ പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്. സംഭവം എല്ലാവര്‍ക്കും ഒരു പാഠമാകണമെന്ന് വിധി പ്രസ്താവിച്ച ജഡ്ജി പാട്രിക്ക് മെക്കാര്‍ട്ടന്‍ വ്യക്തമാക്കി.

ചെറിയ ഉറക്കത്തിന്റെ ഭീകരതയാണ് ഈ സംഭവം ചൂണ്ടികാട്ടുന്നതെന്നാണ് പഠന റിപ്പോര്‍ട്ടിലുള്ളത്. വാഹനമോടിക്കുമ്പോള്‍ ചെറിയ ഉറക്കം പൊതുവെ എല്ലാവരിലും കണ്ടു വരുന്നതാണെന്നാണ് റോഡ് സുരക്ഷ അതോറിറ്റി പറയുന്നത്. 10 ഡ്രൈവര്‍മാരില്‍ ഒരാള്‍ക്ക് വാഹമോടിക്കുന്നതിനിടയില്‍ ചെറിയ ഉറക്കം അനുഭവപ്പെടുന്നതായി റോഡ് സുരക്ഷ അതോറിറ്റിയുടെ കണക്കുകള്‍ പ്രകാരം വ്യക്തമാണ്.

ഉറക്കം ശരിയാകാതെ വരുമ്പോഴും ക്ഷീണം കാരണവുമാണ് ചെറിയ ഉറക്കങ്ങള്‍ അനുഭവപ്പെടുന്നതിന് കാരണം. ഇത്തരം ചെറിയ ഉറക്കങ്ങള്‍ 10 സെക്കന്‍ഡ് വരെ നീണ്ടുനില്‍ക്കാം. മിക്കപ്പോഴും പുരുഷന്‍മാരാണ് ഉറക്കത്തോട് മല്ലിട്ട് വാഹനമോടിക്കുന്നവര്‍. ഒരേ വഴിയിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് ചെറിയ ഉറക്കങ്ങളില്‍ പെട്ടാലും വഴിയുടെ കാര്യത്തില്‍ സംശയമുണ്ടാകില്ല. എന്നാല്‍ അവര്‍ ആ സമയത്ത് യാത്ര ചെയ്ത കാര്യങ്ങളൊന്നും ഓര്‍മ്മിക്കില്ല. ഇതിനെ ഫെമിലിയര്‍ റൂട്ട് സിന്‍ഡ്രോം എന്നാണ് പറയുന്നത്.

ഇത്തരത്തില്‍ ചെറിയ ഉറക്കം വരുന്ന സമയത്ത് ഡ്രൈവര്‍മാര്‍ വാഹനം നിര്‍ത്തി ഉറങ്ങണമെന്ന് ആര്‍എസ്എ അറിയിച്ചു. അല്ലെങ്കില്‍ സുരക്ഷിതമായ ഒരു സ്ഥലത്ത് വാഹനം നിര്‍ത്തി ഒരു കാപ്പി കുടിക്കാന്‍ പറ്റുമെങ്കില്‍ കുടിച്ച ശേഷം ചുരുങ്ങിയത് 15 മിനിറ്റെങ്കിലും ഇടവേള എടുത്തിട്ടേ യാത്ര തുടരാവൂ എന്നും ആര്‍എസ്എ അറിയിച്ചു.

-എജെ-

Share this news

Leave a Reply

%d bloggers like this: