ഉഗ്രന്‍ ഫീച്ചറുകളുമായി ജിമെയിലിന്റെ രൂപകല്‍പന അടിമുടി മാറുന്നു.

ഗൂഗിളിന്റെ ഇമെയില്‍ സേവനമായ ജിമെയില്‍ പുതിയ രൂപകല്‍പനയിലെത്തുന്നു. വരുന്ന ആഴ്ചകളില്‍ പുതിയ രൂപകല്‍പന പ്രാബല്യത്തില്‍ വരുമെന്ന് ഗൂഗിള്‍ വ്യക്തമാക്കി. ജിമെയിലിന്റെ വെബ് പതിപ്പിലാണ് പുതിയ മാറ്റങ്ങളുണ്ടാവുക. ടെക് വെബ്സൈറ്റ് ആയ ദി വെര്‍ജ് പുതിയ രൂപകല്‍പനയുടെ സ്‌ക്രീന്‍ഷോട്ട് പുറത്തുവിട്ടു.

ജിമെയിലിലെ പുതിയ മാറ്റങ്ങള്‍ നിലവില്‍ പരീക്ഷണഘട്ടത്തിലാണ്. കാഴ്ചയില്‍ തന്നെ കാര്യമായ മാറ്റം നമുക്ക് അനുഭവപ്പെടും. പുതിയ ചില ഫീച്ചറുകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.

സ്മാര്‍ട് റിപ്ലൈ

ഗൂഗിള്‍ വെബില്‍ സ്മാര്‍ട് റിപ്ലൈ സംവിധാനം അവതരിപ്പിക്കുകയാണ് ഗൂഗിള്‍. ജിമെയിലിന്റെ മൊബൈല്‍ പതിപ്പില്‍ ഇത് ലഭ്യമാണ്. അതായത് ഇമെയിലുകള്‍ക്കുള്ള മറുപടി നിര്‍ദ്ദേശങ്ങള്‍ റിപ്ലൈ ബോക്സിന് താഴെയായി ജിമെയില്‍ പ്രദര്‍ശിപ്പിക്കും. ഇതില്‍ യോജ്യമായത് നമുക്ക് തിരഞ്ഞെടുക്കാം.

സ്നൂസ് ഫീച്ചര്‍

ഇന്‍ബോക്സില്‍ നിന്നും താല്‍കാലികമായി ഇമെയിലുകള്‍ തടയുന്ന പുതിയ ‘സ്നൂസ്’ ഫീച്ചറും ജിമെയിലില്‍ അവതരിപ്പിച്ചിട്ടുണ്ട്. തുടര്‍ച്ചയായി വരുന്ന ഇമെയില്‍ സന്ദേശങ്ങളെ താല്‍പര്യമില്ലെങ്കില്‍ മാറ്റി നിര്‍ത്താന്‍ ഈ ഫീച്ചറിലൂടെ നിങ്ങള്‍ക്ക് സാധിക്കും. സ്നൂസ്, സ്മാര്‍ട് റിപ്ലൈ ഫീച്ചറുകള്‍ ജിമെയിലിന്റെ ഇന്‍ബോക്സ് എന്ന ആപ്ലിക്കേഷനില്‍ ലഭ്യമാണ്.

പുതിയ സൈഡ് ബാര്‍

ജിമെയില്‍ ഇന്‍ബോക്സ് വിന്‍ഡോയുടെ വലതുഭാഗത്തായി പുതിയ സൈഡ് ബാര്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ ഗൂഗിള്‍ കലണ്ടര്‍, കീപ് നോട്ട്, ടാസ്‌കുകള്‍ എന്നിവ ലഭ്യമാവും. ഗൂഗിളിന്റെ ഉപകാര പ്രദമായ ചില സേവനങ്ങളെ ജിമെയിലുമായി ബന്ധിപ്പിക്കുകയാണ് ഇവിടെ.

മൂന്ന് വ്യത്യസ്ത ലേ ഔട്ടുകള്‍

നമുക്ക് ഇഷ്ടാനുസരണം തിരഞ്ഞെടുക്കാവുന്ന മൂന്ന് ലേ ഔട്ടുകള്‍ ജിമെയില്‍ നല്‍കുന്നുണ്ട്. അതില്‍ ഡോക്യുമെന്റുകള്‍, ഫോട്ടോകള്‍ എന്നിവ എടുത്തുകാണിക്കുന്നതാണ് ജിമെയിലിന്റെ സ്ഥിരം ലേ ഔട്ട്. ഇന്‍ബോക്സ് ആപ്ലിക്കേഷനില്‍ ഈ രിതിയാണുള്ളത്. ഇങ്ങനെ അറ്റാച്ച് മെന്റുകള്‍ എടുത്തുകാണിക്കാത്തതാണ് രണ്ടാമത്തേത്. ആദ്യ പേജില്‍ തന്നെ ഒരുപാട് സന്ദേശങ്ങള്‍ കാണാന്‍ സാധിക്കുന്ന ലേ ഔട്ടാണ് മൂന്നാമത്തേത്. നിലവിലെ ജിമെയില്‍ ഡിസൈനിന് സമാനമാണ് ഇത്.

എന്തായാലും അടിമുടി ഒരു മാറ്റത്തിനും ഏകോപനത്തിനും ഒരുങ്ങുകയാണ് ഗൂഗിള്‍ സേവനങ്ങള്‍ എന്ന് വ്യക്തം. സ്മാര്‍ട് സംവിധാനങ്ങളുടെ രംഗപ്രവേശവും ഈ രൂപകല്‍പനാ മാറ്റവുമെല്ലാം അതിന് മുന്നോടിയാണ്.

ഡികെ

Share this news

Leave a Reply

%d bloggers like this: