ഈ വര്‍ഷം അവസാനമാകുമ്പോഴേക്കും 100 റോഡ് അപകട മരണങ്ങള്‍ കൂടി ഉണ്ടാകാമന്ന് ആര്‍എസ്എ

ഡബ്ലിന്‍:   ഈ വര്‍ഷം അവസാനിക്കുമ്പോഴേയ്ക്കും നൂറ് പേരെങ്കിലും റോഡപകടത്തില്‍ മരണപ്പെടുമെന്ന് ഗാര്‍ഡയുടെയും റോഡ് സേഫ്റ്റി അതോറിറ്റിയുടെയും മുന്നറിയിപ്പ്. 2015 ആദ്യ ഏഴ് മാസത്തെ റോഡ് അപകട മരണങ്ങളുടെ നിരക്ക് പുറത്ത് വിട്ടിട്ടുണ്ട്. ഇത് പ്രകാരം കഴിഞ്ഞ വര്‍ഷത്തെ ഇതേ സമയത്തെ അപേക്ഷിച്ച് അപകട മരണങ്ങള്‍ കുറവാണ് . ഏറ്റവും കൂടുതല്‍ അപകടമരണങ്ങള്‍ നടന്നിരിക്കുന്നത് ഞായറാഴ്ച്ചയാണ്.

കഴിഞ്ഞ വര്‍ഷം കൂടുതല്‍ മരണങ്ങള്‍ ആഴ്ച്ചയുടെ മധ്യത്തിലായിരുന്നു നടന്നിരുന്നത്. നിലവില്‍ അപകടമരണങ്ങള്‍ നടക്കുന്നത് കൂടുതലും വൈകീട്ട് നാല് മണിക്കും പത്ത് മണിക്കും ഇടയിലാണ്. റോഡ് അപകട മരണം ഇത് വരെയുള്ള നിരക്ക് നോക്കിയാല്‍ ശുഭപ്രതീക്ഷയ്ക്ക് വക നല്‍കുന്നുണ്ട്. മരണ നിരക്കില്‍ പത്തൊമ്പ് ശതമാനം ആണ് രേഖപ്പെടുത്തിയിരിക്കുന്ന കുറവ് .

പതിനഞ്ച് വയസിന് താഴെയുളളവര്‍ അപകടത്തില്‍ കൊല്ലപ്പെടുന്നത് വളരെ കുറഞ്ഞു.  യുവാക്കളായവരും പ്രായമായവരുമായ ഡ്രൈവര്‍മാര്‍ കൊല്ലപ്പെടുന്നതിലെ ഉയര്‍ന്ന നിരക്ക് തുടരുകയാണ്. കോര്‍ക്കില്‍ ആറ് ഡ്രൈവര്‍മാര്‍ കൊല്ലപ്പെട്ടതാണ് ഒരു മേഖലയില്‍ ഏറ്റവും കൂടുതല്‍ ഡ്രൈവര്‍മാര്‍ കൊല്ലപ്പെട്ട സംഭവം. ഡബ്ലിനില്‍ ഏഴ് പേരാണ് അപകടത്തില്‍ പെട്ട് ജീവന്‍ നഷ്ടപ്പെട്ടവര്‍.

ഏപ്രില്‍ മാസമാണ് ഏറ്റവും കുറച്ച് റോഡ് അപകടം നടക്കുന്നത്. ഈ രീതി 2012മുതല്‍ തുടരുന്നുണ്ട്.  എട്ട് പേരാണ് ഈ മാസം റോഡ് അപകടത്തില്‍ ഇതുവരെ  കൊല്ലപ്പെട്ടത്. ജൂലൈ ആകട്ടെ ഏറ്റവും കൂടുതല്‍ ജീവന്‍ പൊലിഞ്ഞ മാസമാണ്. ഇരുപത് പേര്‍ക്ക് ജീവന്‍ നഷ്ടമായി.

റോഡ് അപകടമരണ നിരക്ക് കുറഞ്ഞതിനെ ഗതാഗത മന്ത്രി പാസ്ക്കല്‍ ഡൊണീഹോ സ്വാഗതം ചെയ്തിട്ടുണ്ട്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 21മരണങ്ങള്‍ കുറവാണ് ഇക്കുറി.വരും മാസങ്ങളില്‍ പരമാവധി കുറച്ച് റോഡ് അപകട മരണങ്ങള്‍ മാത്രം നടക്കുന്നതിന് കൂട്ടായ പ്രവര്‍ത്തനം വേണമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. നിരത്തിലിറങ്ങുമ്പോള്‍ മറ്റുള്ളവരെ കൂടി ബഹുമാനിച്ചും പരിഗണിച്ചും വേണം വാഹനമുപയോഗിക്കാനെന്ന് മന്ത്രി പറയുന്നു.

Share this news

Leave a Reply

%d bloggers like this: