ഈസ്റ്റര്‍ ദിനത്തില്‍ കൊളംബോയില്‍ പള്ളികളിലും ഹോട്ടലുകളിലും സ്‌ഫോടനം, കൊല്ലപ്പെട്ടത് 100ലധികം പേര്‍!

കൊളംബോ: ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്കിടെ ശ്രീലങ്കയില്‍ സ്ഫോടന പരമ്പര. നാല് പള്ളികളിലും മൂന്ന് പഞ്ചനക്ഷത്ര ഹോട്ടലുകളിലുമാണ് സ്ഫോടനമുണ്ടായത്. സ്ഫോടനങ്ങളില്‍ നൂറിലധികം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് പോലീസ് വൃത്തങ്ങള്‍ അറിയിക്കുന്നത്. 400ല്‍ അധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമിക്കപ്പെട്ട മൂന്ന് ഹോട്ടലുകളും ഒരു പളളിയും ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയിലാണ്. കൂടാതെ കൊഛികഡെയില സെന്റ് ആന്റണീസ് ചര്‍ച്ചിലും നെഗോമ്‌ബോയിലെ സെന്റ് സെബാസ്റ്റിയന്‍ ചര്‍ച്ചിലും സ്ഫോടനം നടന്നു.

ഷാഗ്രി ലാ, കിംഗ്സ് ബ്യൂറി എന്നീ പഞ്ച നക്ഷത്ര ഹോട്ടലുകളിലാണ് സമാന്തരമായി സ്ഫോടനങ്ങളുണ്ടായത്. പ്രാദേശിക സമയം രാവിലെ 8.45നാണ് സ്ഫോടനങ്ങള്‍ നടന്നത്. ആക്രമണം നടക്കുന്ന സമയം പളളികളിലെല്ലാം ഈസ്റ്റര്‍ ആഘോഷത്തിന്റെ ഭാഗമായുളള പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്ന് കൊണ്ടിരിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ പളളികളില്‍ വലിയ ജനക്കൂട്ടവും ഉണ്ടായിരുന്നു.

സ്ഫോടങ്ങളില്‍ പരിക്കേറ്റവരെ കൊളംബോയിലെ നാഷണല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്ഫോടനത്തിന് പിന്നാലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണ് എന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പറഞ്ഞു. സംഭവത്തേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ശ്രീലങ്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറുമായി ബന്ധപ്പെട്ടിട്ടുണ്ട് എന്നും സുഷമാ സ്വരാജ് പ്രതികരിച്ചു. .

വിദേശത്ത് നിന്നുളള വിനോദ സഞ്ചാരികള്‍ അടക്കമുളളവര്‍ സ്ഫോടനങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് ശ്രീലങ്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അപകടത്തില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നത് ഇതുവരെ വ്യക്തമല്ല. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത എന്നാണ് റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റ മിക്കവരുടേയും നില ഗുരുതരമാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.


Share this news

Leave a Reply

%d bloggers like this: