ഇ-ഹെല്‍ത്ത് പദ്ധതി ഒരു മാസത്തിനകം, ഒറ്റ ക്ലിക്കില്‍ രോഗിയുടെ ആരോഗ്യ വിവരമറിയാം

 
തിരുവനന്തപുരം: രോഗിയുടെ ആരോഗ്യവിവരം മുഴുവന്‍ ഡോക്ടര്‍ക്ക് ഒറ്റ ക്ലിക്കില്‍ മനസിലാക്കാനാവുന്ന ‘ഇ ഹെല്‍ത്ത്’ പദ്ധതി ഒരു മാസത്തിനകം. സംവിധാനമൊരുങ്ങുന്നത് സര്‍ക്കാര്‍ ആശുപത്രികളില്‍. ഇതിനായി ആരോഗ്യവകുപ്പ് പ്രത്യേക സോഫ്റ്റ് വെയര്‍ തയ്യാറാക്കി. പൊതുജനങ്ങളുടെ ആരോഗ്യവിവരങ്ങള്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ഉദ്യോഗസ്ഥര്‍ വീടുകളിലെത്തി ശേഖരിക്കും. ഇത് സോഫ്‌റ്റ്വെയറില്‍ ഉള്‍പ്പെടുത്തും. ഡോക്ടര്‍ക്ക് രോഗിയുടെ ഇലക്ട്രോണിക് മെഡിക്കല്‍ റെക്കോഡ് (ഇ.എം.ആര്‍) ലഭിക്കാന്‍ ഏതെങ്കിലും ഒരു തിരിച്ചറിയല്‍ നമ്പര്‍ നല്‍കിയാല്‍ മതി. ആധാര്‍, ബാങ്ക് അക്കൗണ്ട്, തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, മൊബൈല്‍ തുടങ്ങിയവ ഇതിനായി ഉപയോഗിക്കും.

പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ മുതലുള്ള എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സംവിധാനം ഉപയോഗിക്കാന്‍ കഴിയും. എല്ലായിടത്തും ഇന്റര്‍നെറ്റ് കണക്ഷനും ആവശ്യത്തിന് കംപ്യൂട്ടറുകളും ഉറപ്പാക്കും. അതുവരെയുള്ള രോഗങ്ങള്‍, പ്രധാന ചികിത്സകള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കും. ഇത് ചികിത്സ എളുപ്പമാക്കും. ഓരോ തവണ ഡോക്ടറെ സമീപിക്കുമ്പോഴും ഏറ്റവും പുതിയ ചികിത്സാവിവരങ്ങള്‍ ആശുപത്രിയില്‍ നിന്ന് അപ്‌ലോാഡ് ചെയ്യും. തിരുവനന്തപുരം, കൊല്ലം, എറണാകുളം, മലപ്പുറം, ഇടുക്കി, ആലപ്പുഴ, കാസര്‍കോട് ജില്ലകളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്നത്.

സ്വകാര്യ ആശുപത്രികളില്‍ ചികിത്സതേടുന്ന സമയത്തും വിവരങ്ങള്‍ ഉപയോഗപ്പെടുത്താനാകും. ഇതിനായി പ്രത്യേക പാസ്വേര്‍ഡ് ഉപയോഗിക്കണം. ഓരോരുത്തരുെടയും ആരോഗ്യവിവരങ്ങള്‍ ഓണ്‍ലൈന്‍വഴി പൂര്‍ണമായി ലഭിക്കുന്ന സാഹചര്യം വരുമ്പോള്‍ ചികിത്സാരംഗത്ത് കാര്യമായ മാറ്റമുണ്ടാകുമെന്ന് ഇഹെല്‍ത്ത് അഡീഷണല്‍ പ്രോജക്ട് ഡയറക്ടര്‍ എന്‍. ശ്രീധര്‍ പറഞ്ഞു.

പദ്ധതി നടത്തിപ്പിനായി 94 കോടിയാണ് കേന്ദ്രം അനുവദിച്ചിട്ടുള്ളത്. ഇതില്‍ പ്രാരംഭഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി 47 കോടി ലഭിച്ചിട്ടുണ്ട്. ആദ്യം നടപ്പാക്കുന്ന ഏഴു ജില്ലകളിലെയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഉടന്‍ പരിശീലനം നല്‍കും.
-എജെ-

Share this news

Leave a Reply

%d bloggers like this: