ഇസ്ലാമിക് സ്റ്റേറ്റില്‍ നിന്നും സിറിയയെ പൂര്‍ണ്ണമായി മോചിപ്പിച്ച് അമേരിക്ക; അവസാനമായി നിലനിന്നിരുന്ന സ്ലീപ്പര്‍ സെല്ലുകളുടെയും പതനം ഉറപ്പിച്ച് ഡൊണാള്‍ഡ് ട്രംപ്…

ഇസ്ലാമിക് സ്റ്റേറ്റില്‍ നിന്നും സിറിയയെ പൂര്‍ണ്ണമായി മോചിപ്പിച്ചിരിക്കുന്നു എന്ന് കഴിഞ്ഞ ദിവസം അമേരിക്ക പ്രഖ്യാപിച്ചു. ഇറാഖിലും സിറിയയിലും ആധിപത്യം സ്ഥാപിച്ചിരുന്ന ഐസിസിന്റെ അവസാന വേരും ഇന്നലെ രാത്രിയോടെ സിറിയയില്‍ നിന്നും അറുത്തെറിഞ്ഞതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. സിറിയയില്‍ ഐഎസ് നിയന്ത്രണത്തിലുള്ള അവസാന ടൗണും ഇന്നലെ രാത്രിയാണ് അമേരിക്കന്‍ സേന പിടിച്ചെടുത്തിരിക്കുന്നത്. ലോകത്തെ മുഴുവന്‍ ഇസ്ലാമിക വല്‍ക്കരിക്കാന്‍ ഇറങ്ങി അനേകം പേരുടെ ജീവന്‍ എടുത്ത ഐസിസിന് ഇത്തരത്തില്‍ അകാലചരമം സംഭവിച്ചിരിക്കുകയാണ്.

ഇന്നലെ രാത്രിയോടെയാണ് ഡൊണാള്‍ഡ് ട്രംപ് ഐഎസ് ന്റെ പതനത്തെക്കുറിച്ച് വാര്‍ത്ത പുറപ്പെടുവിച്ചത്. ഇതിന് ശേഷവും മുന്‍കരുതലെന്നോണം 400 യുഎസ് സൈനികര്‍ സിറിയയില്‍ തുടരുമെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. സിറിയയിലെ ഭൂപടം എടുത്ത് കാട്ടി അതിലെ ശേഷിക്കുന്ന ഐഎസ് ടെറിട്ടെറി എടുത്ത് കാട്ടിയാണ് ട്രംപ് വിജയ വാര്‍ത്ത അറിയിച്ചത്. സിറിയയുടെ കിഴക്ക് ഭാഗത്തുള്ള ബാഗൗസ് ഗ്രാമത്തില്‍ നിന്നാണ് ഐസിസിന്റെ അവസാന കേന്ദ്രവും കൂടി യുഎസ് സേന തൂത്തെറിഞ്ഞിരിക്കുന്നത്.

ഐസിസിനെ പൂര്‍ണമായും തൂത്തെറിഞ്ഞുവെന്ന അവകാശവാദം ഇതിന് മുമ്പും ട്രംപ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ സിറിയയില്‍ ഐസിസിന്റെ സ്ലീപ്പര്‍ സെല്ലുകള്‍ നിലനിന്നിരുന്നു. അവയെ കൂടിയാണ് ഇപ്പോള്‍ യുഎസ് സേന നിശ്ശേഷം ഇല്ലാതാക്കിയിരിക്കുന്നത്. ഐസിസ് ലാന്‍ഡ് മൈനുകള്‍ നിക്ഷേപിച്ച് ഭീഷണി ഉയര്‍ത്തിയിരുന്ന ഐസിസിന്റെ കസ്റ്റഡിയിലുള്ള ചെറു പ്രദേശവും രഹസ്യ ടണലുകളും കൂടിയാണ് ഇന്നലെ യുഎസ് സേന പിടിച്ചെടുത്തിരിക്കുന്നത്. ഇതിന് പുറമെ ഇവിടെ ഒളിച്ചിരുന്ന ജിഹാദികളെ കൂടി പിടികൂടിയിട്ടുമുണ്ട്. ഈ ദൗത്യത്തിന് സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സുകളും യുഎസ് സേനയ്ക്ക് കടുത്ത പിന്തുണയേകിയിരുന്നു.

ഇന്നലത്തെ നീക്കത്തിന്റെ ഭാഗമായി ഏറ്റ് മുട്ടലുകളോ കൊലപാതകങ്ങളോ ഒന്നുമുണ്ടായില്ലെന്നും ബാഗൗസിലെ വിജയത്തെ തുടര്‍ന്ന് സിറിയന്‍ സേനയിലെ സൈനികര്‍ പാടുകയും ഡാന്‍സ് ചെയ്യുകയും വിജയചിഹ്നം കാണിക്കുകയും ചെയ്തിരുന്നുവെന്നാണ് സൈനിക ഉറവിടം വെളിപ്പെടുത്തുന്നത്. ഇത് സംബന്ധിച്ച ഒരു വീഡിയോയും സിറിയന്‍ സേന പുറത്ത് വിട്ടിരുന്നു. ഇവിടം പിടിച്ചെടുക്കുന്നതിന്റെ ഭാഗമായി നിരവധി പേരെ മുന്‍കരുതലായി ഒഴിപ്പിച്ചിരുന്നു.

Share this news

Leave a Reply

%d bloggers like this: