വര്‍ഗീയതയുടെ മുഖം സ്വീകരിച്ച് ഗാര്‍ഡ; റിക്രൂട്മെന്റിന്റെ മുഖഛായ മാറുന്നു.

ഡബ്ലിന്‍: ഗാര്‍ഡ റിക്രൂട്‌മെന്റിന്റെ മുഖഛായ മാറുന്നു. മുന്‍ നിയമനങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് മത ചിഹ്നങ്ങള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിക്കൊണ്ട് തെരഞ്ഞെടുക്കപ്പെടുന്ന പുതിയ ബാച്ചിന്റെ പരിശീലനം ആരംഭിക്കുമെന്ന് ജസ്റ്റിസ് മിനിസ്റ്റര്‍ ചാര്‍ളി ഫ്‌ലെനാഗന്‍ അറിയിച്ചു. സിക്ക് മതക്കാര്‍ക്ക് ടര്‍ബന്‍ ധരിക്കാനും മുസ്ലിം വിഭാഗത്തിലുള്ളവര്‍ക്ക് ഹിജാബ് ഉപയോഗിക്കാനും അനുമതി നല്‍കുന്നതിലൂടെ രാജ്യത്തിന് ബഹുസ്വരതയുടെ മുഖം നല്‍കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

പോലീസ് സംവിധാനം പോലുള്ള പൊതു സര്‍വീസുകളില്‍ മത ധ്രുവീകരണം കൊണ്ടുവരുന്നതിന് ഇതിനോടകം തന്നെ നിരവധി വിമര്‍ശനങ്ങളാണ് ഉയര്‍ന്നു വന്നത്. വരേദ്കര്‍ നയിക്കുന്ന ഭരണ സംവിധാനം അയര്‍ലന്‍ഡില്‍ ഭൂരിപക്ഷ വിഭാഗത്തിന്റെ സംസ്‌കാരം ഇല്ലാതായേക്കാവുന്ന നയങ്ങള്‍ നടപ്പിലാക്കുകയാണെന്ന് വ്യാപക പ്രതിഷേധങ്ങള്‍ ഉയരുകയാണ്. മതേതര രാജ്യങ്ങളില്‍ പോലും നിലവിലില്ലാത്ത മത സ്വാതന്ത്ര്യങ്ങള്‍ നല്‍കി പൊതു സര്‍വീസ് മേഖലയില്‍ നടത്തുന്ന അഴിച്ചുപണി ഐറിഷ് സമൂഹത്തിനും സംസ്‌കാരത്തിനും വിള്ളല്‍ ഉണ്ടാക്കുമെന്ന് നിരവധി അഭിപ്രായ സര്‍വേകളാണ് പുറത്തുവന്നിരിക്കുന്നത്.

ഗാര്‍ഡായിലെ അംഗസംഖ്യ വര്‍ധിപ്പിച്ച് സേനയെ മികച്ച രീതിയില്‍ വാര്‍ത്തെടുക്കുമെന്ന് റിക്രൂട്‌മെന്റ് നടപടികള്‍ ശരിവെച്ചുകൊണ്ട് ഗാര്‍ഡ കമ്മീഷ്ണര്‍ ഡ്രൂ ഹാരിസ് ഉത്തരവിറക്കിയിരുന്നു. ഗാര്‍ഡയെ യൂറോപ്പിലെ ഏറ്റവും മികച്ച പോലീസ് സേനയായി പ്രയോജനപ്പെടുത്തുമെന്നും കമ്മീഷ്ണര്‍ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. പൊതുജനത്തെ സുരക്ഷിതരാക്കാന്‍ നിയോഗിക്കപ്പെടുന്ന പോലീസുകാരുടെ കര്‍മ്മശേഷിയാണ് സര്‍ക്കാര്‍ ഉപയോഗപ്പെടുത്തേണ്ടതെന്ന് പുതിയ നിയമന രീതിയിലെ മാറ്റങ്ങള്‍ ചൂണ്ടിക്കാട്ടി സിന്‍ഫിനും ഫിയാന ഫോളും അഭിപ്രായപ്പെട്ടു.

രാജ്യത്തെ ന്യൂനപക്ഷത്തെ സന്തോഷിപ്പിക്കാനുള്ള നടപടി മാത്രമാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്നതെന്ന് പ്രതിപക്ഷ അംഗങ്ങള്‍ ആരോപിക്കുന്നുണ്ട്. കഴിഞ്ഞ ഗാര്‍ഡ റിക്രൂട്‌മെന്റില്‍ 8 രാജ്യങ്ങളില്‍ നിന്നുള്ളവരെ സേനയില്‍ ഉള്‍പ്പെടുത്തി പോലീസ് സംവിധാനം നവീകരിക്കുന്ന നടപടികള്‍ കൈക്കൊണ്ടതിന് തൊട്ടുപിന്നാലെയാണ് പുതിയ റിക്രൂട്‌മെന്റില്‍ മറ്റൊരു പരിഷ്‌കാരം നടപ്പിലാക്കാന്‍ ജസ്റ്റിസ് വകുപ്പ് തയ്യാറെടുക്കുന്നത്.

ഡികെ

Share this news

Leave a Reply

%d bloggers like this: