ഇസ്രയേല്‍ നേതാക്കളുമായുള്ള കൂടിക്കാഴ്ച; ഇന്ത്യന്‍ വംശജയായ മന്ത്രി പ്രീതി പട്ടേല്‍ തെരേസ മന്ത്രിസഭയില്‍ നിന്ന് പുറത്ത്

 

ഇസ്രയേല്‍ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചകളുടെ പേരില്‍ ഇന്ത്യന്‍ വംശജയായ കണ്‍സര്‍വേറ്റീവ് മന്ത്രി പ്രീതി പട്ടേല്‍ ക്യാബിനറ്റിന് പുറത്തേക്ക്. തെരേസ മേയ് ക്യാബിനറ്റില്‍ ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ് സ്റ്റേറ്റ് സെക്രട്ടറിയായിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസ് അറിയാതെ മുതിര്‍ന്ന ഇസ്രായേല്‍ നേതാക്കളുമായി അനൗദ്യോഗിക കൂടിക്കാഴ്ചകള്‍ നടത്തിയത് വിവാദമായതോടെയാണ് പാര്‍ട്ടിക്കുളളില്‍ പ്രീതിയുടെ രാജിക്കായുള്ള മുറവിളികള്‍ ഉയര്‍ന്നത്. കൂടിക്കാഴ്ചയേക്കുറിച്ചുള്ള വിശദാംശങ്ങള്‍ വെളിപ്പെടുത്തുകയും ഖേദപ്രകടനം നടത്തുകയും ചെയ്തിരുന്നെങ്കില്‍ സ്ഥാനനഷ്ടമുണ്ടാകില്ലായിരുന്നെന്ന് വ്യക്തമായിരുന്നെങ്കിലും ചില കാര്യങ്ങളില്‍ വിശദീകരണം നല്‍കാന്‍ പ്രീതി തയ്യാറാകാതിരുന്നത് തെരേസ മേയെ ചൊടിപ്പിച്ചതായാണ് റിപ്പോര്‍ട്ട്.

ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, ഇസ്രയേല്‍ മന്ത്രിമാര്‍, ബിസിനസുകാര്‍, ലോബിയിസ്റ്റുകള്‍ തുടങ്ങിയവരുമായി പതിനാലോളം അനൗദ്യോഗിക കൂടിക്കാഴ്ചകള്‍ പ്രധാനമന്ത്രി അറിയാതെ നടത്തിയെന്നാണ് റിപ്പോര്‍ട്ട്. പ്രധാനമന്ത്രിക്ക് തല്‍ക്കാലം ഭീഷണിയില്ലെങ്കിലും കാഴ്ചപ്പാ്ട് മാറ്റേണ്ടി വരുമെന്നാണ് ചില മുതിര്‍ന്ന നേതാക്കള്‍ വ്യക്തമാക്കുന്നത്. ഉഗാണ്ട, എത്യോപ്യ എന്നീ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ വിളിച്ചു വരുത്തിയാണ് പ്രീതി പട്ടേലിനോട് രാജി വെക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഒരു സ്റ്റേറ്റ് സെക്രട്ടറി എന്ന നിലയില്‍ പ്രകടിപ്പിക്കേണ്ട ഉയര്‍ന്ന നിലവാരം തന്നില്‍ നിന്ന് ഉണ്ടായില്ലെന്ന് പ്രീതി രാജിക്കത്തില്‍ സ്മ്മതിച്ചു.

2010-ലാണ് ആദ്യമായി എസെക്‌സിലെ വിത്തം പാര്‍ലമെന്റ് മണ്ഡലത്തില്‍നിന്നും എംപിയായി തെരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് 2015-ലും 2017-ലും പാര്‍ലമെന്റംഗമായി. ഡേവിഡ് കാമറൂണ്‍ മന്ത്രിസഭയില്‍ തൊഴില്‍ മന്ത്രാലയത്തിന്റെയും പിന്നീട് ട്രഷറിയുടെയും ചുമതലയുള്ള സഹമന്ത്രിയായിരുന്നു.

 

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: