ഇവര്‍ കാരുണ്യത്തിന്റെ മാലാഖമാര്‍

ഇന്ന് ലോക നേഴ്‌സ് ദിനം. ലോകമെമ്പാടുമുള്ള നേഴ്സ് സമൂഹം മെയ് 12 ലോക നേഴ്സസ് ദിനമായി എല്ലാവര്‍ഷവും ആചരിക്കുന്നു. ആധുനിക നഴ്‌സിങിന് അടിത്തറ പാകിയ ഫ്‌ലോറന്‍സ് നൈറ്റിന്‍ഗേലിന്റെ ജന്മദിനമാണ് ലോക നഴ്‌സസ് ദിനമായി ആചരിക്കുന്നത്. 1820 മേയ് 12 നായിരുന്നു ‘വിളക്കേന്തിയ വനിത’ എന്നറിയപ്പെടുന്ന ഫ്‌ലോറന്‍സിന്റെ ജനനം. തൂ വെള്ള വസ്ത്രമണിഞ്ഞ ഭൂമിയിലെ മാലാഖമാര്‍ക്ക് വേണ്ടി നാം ഇന്ന് രാജ്യാന്തര നഴ്സ് ദിനം ആചരിക്കുന്നു Nursing: The Balance of Mind, Body, and സ്പിരിറ്റ് എന്നതാണ് ഈ വര്‍ഷത്തെ നഴ്സസ് ദിനത്തിന്റെ തീം. അതെ, നഴ്സിങ് എന്നാല്‍ മനസ്സിന്റെയും ശരീരത്തിന്റെയും ആത്മാവിന്റെയും ഒരു ബാലന്‍സിങ് തന്നെയെന്നതില്‍ സംശയമില്ല.

ഇറ്റലിയിലെ ഫ്‌ലോറന്‍സ് നഗരത്തിലെ ഒരു ധനിക കുടുംബത്തിലായിരുന്നു ഫ്‌ലോറന്‍സ് നൈറ്റിന്‍ഗേലിന്റെ ജനനം. എല്ലാ സുഖ സൗകര്യങ്ങളും നല്‍കിയാണ് മാതാപിതാക്കള്‍ ഫ്‌ലോറന്‍സിനെ വളര്‍ത്തിയത്. എന്നാല്‍ പാവപ്പെട്ടവരെയും രോഗികളെയും ശുശ്രൂഷിക്കാനായിരുന്നു ഫ്‌ലോറന്‍സിന് താല്‍പ്പര്യം. അതിനായി അവര്‍ ആ കാലത്ത് ഏറ്റവും മോശപ്പെട്ട ജോലിയായി കരുതിയിരുന്ന നഴ്‌സിങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്രീമിയന്‍ യുദ്ധ കാലത്ത് മുറിവേറ്റ പട്ടാളക്കാരെ ശുശ്രൂഷിക്കുന്നതിനായി ഫ്‌ലോറന്‍സ്, അവര്‍ തന്നെ പരിശീലനം നല്‍കിയ 38 നേഴ്സുമാരോടൊന്നിച്ച് സ്‌കൂട്ടാരിയിലെ പട്ടാള ക്യാമ്പിലേക് പോയി. അവിടുത്തെ അവരുടെ കഠിനാധ്വാനമാണ് അവരെ ലോകം അറിയുന്ന വനിതയാക്കി തീര്‍ത്തത്. പകല്‍ ജോലി കഴിഞ്ഞാല്‍ രാത്രി റാന്തല്‍ വിളക്കുമായി ഓരോ രോഗിയെയും നേരിട്ട് കണ്ടു അവര്‍ സുഖാന്വേഷണം നടത്തി. വിളക്ക് കയ്യിലേന്തിവരുന്ന അവര്‍ രോഗികള്‍ക്ക് മാലാഖയായി.

പിന്നീട് ഫ്‌ലോറന്‍സ് നഴ്‌സിങ് പരിശീലനത്തിനായി ഒരു കേന്ദ്രം ആരംഭിച്ചു. നിരവധിപേര്‍ക്ക് അവിടെ പരിശീലനം നല്‍കി. 1883ല്‍ വിക്ടോറിയ രാജ്ഞി ഫ്‌ലോറന്‍സിന് റോയല്‍ റെഡ് ക്രോസ്സ് സമ്മാനിച്ചു. 1907ല്‍ ഓര്‍ഡര്‍ ഓഫ് മെറിറ്റ് നേടുന്ന ആദ്യത്തെ വനിതയായി. ആതുര ശുശ്രൂഷ രംഗത്തിന് സമൂഹത്തില്‍ മാന്യതയുണ്ടാക്കിയ ‘വിളക്കേന്തിയ മാലാഖ’ 1910 ആഗസ്റ്റ് 13ന് അന്തരിച്ചു. ഇന്ന്, നഴ്‌സിങ് രംഗത്ത് വിപ്ലവം തീര്‍ത്ത ഫ്‌ലോറന്‍സ് നൈറ്റിങ്‌ഗേലിന്റെ ജന്മദിനം ലോകം അന്തര്‍ദേശീയ നഴ്സസ് ദിനമായി ആചരിക്കുകയാണ്. ഒരു കാലത്ത് ഗള്‍ഫ് രാജ്യങ്ങളിലേയ്ക്ക് ആരംഭിച്ച നഴ്‌സുമാരുടെ കുടിയേറ്റം പിന്നീട് അമേരിക്ക, ഓസ്‌ട്രേലിയ, കാനഡ, ബ്രിട്ടണ്‍, അയര്‍ലണ്ട് എന്നീ രാജ്യങ്ങളിലേയ്ക്ക് വ്യാപിച്ചു. ലോകമെങ്ങും നേഴ്സിങ് സേവനത്തിന്റെ പര്യായമായി മലയാളി വനിതകള്‍ മാറുമ്പോഴും കേരളത്തിലും ഇന്ത്യയിലും ഈ വിഭാഗത്തിന്റെ പ്രാധാന്യം പൊതുസമൂഹം വേണ്ടവിധം തിരിച്ചറിയുന്നില്ലെന്നാണ് സമീപകാലസംഭവങ്ങള്‍ തെളിയിക്കുന്നത്.

കുറഞ്ഞ ശമ്പളം, കൂടുതല്‍ സമയം ജോലി, ബോണ്ടുകള്‍, ആശുപത്രി അധികൃതരില്‍ നിന്നുള്ള പീഡനങ്ങള്‍, അനാരോഗ്യ കരമായ ജീവിത സാഹചര്യങ്ങള്‍ എല്ലാം ഇവരുടെ നിത്യ പ്രശ്നങ്ങളാണ്. പക്ഷേ പുഞ്ചിരിക്കിടയിലും കണ്ണീര്‍ പൊഴിയുന്നുണ്ട്. എങ്കിലും പരിഭവങ്ങളില്ലാതെ എല്ലാം സഹിക്കുകയാണ് ഇവര്‍. ആതുരസേവന രംഗത്ത് ഇന്ന് മലയാളി വനിതകള്‍ ലോകമെങ്ങും സാന്നിദ്ധ്യമറിയിക്കുകയാണ്. ലോകരാജ്യങ്ങളിലാകെ മലയാളി നേഴ്‌സുമാര്‍ തങ്ങളുടെ കര്‍മ്മപഥങ്ങളില്‍ സ്തുത്യര്‍ഹമായ സേവനമാണ് നടത്തുന്നത്. അന്താരാഷ്ട്ര നേഴ്‌സസ് ദിനത്തിന്റെ ചരിത്രം കേരളത്തിന്റെ ആതുരശുശ്രൂഷാ രംഗത്തിന്റെചരിത്രം കൂടി പറയുന്നതാണ്. ആഗോളതലത്തില്‍ നഴ്സുമാരുടെ കണക്കെടുത്താല്‍ 75 ശതമാനവും കേരളത്തില്‍ നിന്നുളളവരാണെന്നു കാണാം ഇന്ത്യയിലെ മൊത്തം 18 ലക്ഷം നഴ്സുമാരില്‍ 12 ലക്ഷവും മലയാളികളാണെന്നതും അഭിമാനിക്കാവുന്ന ഒന്നാണ്.

ലിനി എന്ന പേര് ഓര്‍ക്കാതെ ഇനി ഒരുമലയാളിക്കും ഒരു നഴ്സ്ദിനം പോലും കടന്നു പോകില്ല എന്നതുറപ്പാണ്. നിപ എന്ന മാരകവൈറസ് മനുഷ്യ ജീവന്‍ അപഹരിച്ചുകൊണ്ടിരിക്കുമ്പോള്‍ സ്വന്തം ജീവന്‍ കളഞ്ഞ് കര്‍മരംഗത്ത് ദീപമായ കേരളക്കരയുടെ മാലാഖ. ഈ ദിനത്തില്‍ ലിനിക്കും കുടുംബത്തിനും നന്നുടെ സ്നേഹാദരവ് അര്‍പ്പിക്കാം. ഒപ്പം ലോകത്തിന്റെ നാനാഭാഗങ്ങളിലായി ആതുരസേവനരംഗത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ നഴ്സുമാര്‍ക്കും റോസ് മലയാളത്തിന്റെ ആശംസകള്‍.

Share this news

Leave a Reply

%d bloggers like this: