ഇലക്ട്രിക് കാറുകള്‍ കേരളത്തിലും; പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നത് കെഎസ്ഇബി

 

ഇന്ധനവിലവര്‍ധനവും അന്തരീക്ഷമലിനീകരണവും പ്രതിസന്ധിയിലാക്കിയ മലയാളികളെ രക്ഷിക്കാന്‍ വൈദ്യുത ഗതാഗത സംവിധാനവുമായി കെഎസ്ഇബി. പരീക്ഷണാടിസ്ഥാനത്തില്‍ പൂര്‍ണമായും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന രണ്ടു കാറുകള്‍ തിരുവനന്തപുരത്തെ കെഎസ്ഇബി ആസ്ഥാനത്ത് ഓടിത്തുടങ്ങി. പട്ടത്തെ വൈദ്യുതി ഭവനിലാണ് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് രണ്ട് കാറുകള്‍ ഓടാന്‍ തുടങ്ങിയത്. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ആരംഭിക്കുന്നതിന്റെ നടപടിക്രമങ്ങളും പുരോഗമിക്കുകയാണ്.

രണ്ടു മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ 110 കിലോമീറ്റര്‍ വരെ എസിയിട്ട് യാത്ര ചെയ്യാം. പുകയും ശബ്ദവുമില്ലാത്തതിനാല്‍ ഈ രണ്ട് മലിനീകരണവും ഒഴിവാക്കി പ്രകൃതിയെയും ഉപദ്രവിക്കാതിരിക്കാം. ഈ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടാണ് വൈദ്യുതിവത്കൃത ഗതാഗതസംവിധാനം കെഎസ്ഇബി വിഭാവനം ചെയ്തിരിക്കുന്നത്. സര്‍ക്കാരും ബോര്‍ഡും സംയുക്തമായി കണ്ടെത്തുന്ന ഇന്നവേറ്റീവ് ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കുക.

നിലവില്‍ ഗാര്‍ഹികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന എസി പവര്‍ചാര്‍ജിലാണ് കാറുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇതിന് പക്ഷേ എട്ട് മണിക്കൂര്‍ വരെ ചാര്‍ജ് ചെയ്യേണ്ടി വരും. അടുത്ത മാസം 30 ഓടെ തിരുവനന്തപുരത്തിന് പുറമേ കൊച്ചി, കോഴിക്കോട് തുടങ്ങിയ ജില്ലകളിലും ഡിസി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ആരംഭിക്കാനാണ് തീരുമാനം. സോളാര്‍ സംവിധാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ആരംഭിക്കുന്നതോടെ ചെലവ് ഗണ്യമായി കുറയ്ക്കാന്‍ കഴിയുമെന്നും അധികൃതര്‍ പറയുന്നു. പദ്ധതി വിജയമായാല്‍ അന്തരീക്ഷമലിനീകരണത്തിന് പുറമേ ഓരോ ദിവസവും വര്‍ധിക്കുന്ന ഇന്ധനവിലയില്‍ നിന്നുമുള്ള മോചനമായും അത് മലയാളികള്‍ക്ക് മാറും.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: