ഇറ്റാലിയന്‍ പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് ഗിസപ്പെ കോണ്‍ടെ…

ഗിസപ്പെ കോണ്‍ടെ ഇറ്റാലിയന്‍ പ്രധാനമന്ത്രി സ്ഥാനം രാജി വച്ചു. തീവ്ര വലതുപക്ഷ നേതാവായ ഉപപ്രധാനമന്ത്രി മാറ്റിയോ സാല്‍വിനിയെ രൂക്ഷമായി വിമര്‍ശിച്ചാണ് ഗിസപ്പെ കോണ്‍ പാര്‍ലമെന്റില്‍ രാജി പ്രഖ്യാപനം നടത്തിയത്. സാല്‍വിനി അവസരവാദിയാണ് എന്ന് കോണ്‍ടെ പ്രഖ്യാപിച്ചു. ഗവണ്‍മെന്റിനേയും രാജ്യത്തേയും പ്രതിസന്ധിയിലാക്കിയത് സാല്‍വിനിയും കൂട്ടരുമാണ് എന്ന് ഗിസപ്പെ കോണ്‍ടെ കുറ്റപ്പെടുത്തി.

സാല്‍വിനി ഇറ്റാലിയന്‍ ജനതയെ വഞ്ചിച്ചു എന്ന് ഗിസപ്പെ കോണ്‍ടെ ആരോപിച്ചു. സാല്‍വിനിയുടെ ഫാര്‍ റൈറ്റ് ലീഗ് ഇറ്റാലിയന്‍ പൊതുതിരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റമുണ്ടാക്കുമെന്ന തരത്തിലാണ് അഭിപ്രായ സര്‍വേകള്‍ പുറത്തുവന്നിരിക്കുന്നത്. ഗിസപ്പെ കോണ്‍ടെയുടെ പാര്‍ട്ടിയുമായുള്ള സഖ്യം ഈ മാസം ആദ്യം സാല്‍വിനി ഉപേക്ഷിച്ചിരുന്നു. ഗവണ്‍മെന്റ് പാര്‍ലമെന്റില്‍ വിശ്വാസ വോട്ട് തേടണമെന്ന് സാല്‍വിനി ആവശ്യപ്പെട്ടിരുന്നു.

പ്രചാരണത്തില്‍ മത ചിഹ്നങ്ങളെ ഉപയോഗിച്ചതിന് സാല്‍വിനിയെ കോണ്‍ടെ രൂക്ഷമായി വിമര്‍ശിച്ചു. തനിക്ക് കസേരയേക്കാള്‍ വലുത് രാജ്യമാണ് എന്നും കോണ്‍ടെ പറഞ്ഞു. ഇറ്റലിയുടെ ആരോഗ്യ രക്ഷയിലും സാമ്പത്തിക വളര്‍ച്ചയിലൊന്നുമല്ല മറിച്ച് കുടിയേറ്റക്കാരെ തടയുന്നതിലാണ് സാല്‍വിനിക്ക് താല്‍പര്യമെന്ന് കോണ്‍ടെ കുറ്റപ്പെടുത്തി. കുടിയേറ്റക്കാരെ വഹിച്ച കപ്പലിന് ലാംപെഡൂസ ദ്വീപില്‍ നങ്കൂരമിടാനുള്ള അനുമതി നിഷേധിക്കാന്‍ പ്രധാനമന്ത്രി ഗിസപ്പോ കോണ്‍ടെ തയ്യാറായിരുന്നില്ല. ഇതിനെതിരെ മാറ്റിയോ സാല്‍വിനിയും അനുയായികളും ശക്തമായ പ്രചാരണം നടത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഓഗസ്റ്റ് എട്ടിന് കോണ്‍ടെയുടെ പാര്‍ട്ടിയുമായുള്ള (എം ഫൈവ് എസ്) സഖ്യം പിരിയാന്‍ സാല്‍വിനി തീരുമാനിച്ചത്.

അഭിപ്രായ സര്‍വേകളില്‍ 38 ശതമാനം ജനപിന്തുണയുമായി ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നതാണ് തീവ്ര വലതുപക്ഷ നേതാവായ സാല്‍വിനിക്ക് ധൈര്യം നല്‍കുന്നത്. 2018 മാര്‍ച്ചിലെ തിരഞ്ഞെടുപ്പില്‍ 17 ശതമാനം വോട്ട് മാത്രമാണ് സാല്‍വിനിയുടെ പാര്‍ട്ടിക്ക് കിട്ടിയത്. പാര്‍ലമെന്റില്‍ മൂന്നാം സ്ഥാനം.

Share this news

Leave a Reply

%d bloggers like this: