ഇറാന്‍ ലോകത്തിന് തന്നെ ഭീഷണിയാകുമെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ; ഇറാനെതിനെ അതിശക്തമായ ഉപരോധം ഏര്‍പെടുത്തിയേക്കും

ടെഹ്റാന്‍ : വ്യവസ്ഥകള്‍ ലംഘിച്ച് ഇറാന്‍ യുറേനിയും സമ്പുഷ്ടീകരണം കൂട്ടിയാല്‍ ശക്തമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. വിലക്കുകള്‍ ലംഘിച്ച് യുറേനിയം സമ്പുഷ്ടീകരണം കൂട്ടുമെന്ന ഇറാന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് അമേരിക്കയുടെ മുന്നറിയിപ്പ്. തീരുമാനത്തില്‍ നിന്ന് ഇറാന്‍ പിന്നോട്ട് പോയില്ലെങ്കില്‍ കൂടുതല്‍ മേഖലകളിലേക്ക് കൂടി ഉപരോധം വ്യാപിപ്പിക്കും. ഇറാന്റെ പ്രവൃത്തികള്‍ ലോകത്തിന് തന്നെ അപകടകരമാണെന്നും പോംപിയോ ട്വിറ്ററില്‍ കുറിച്ചു.

2015-ലെ ആണവ കരാറിലെ വ്യവസ്ഥകള്‍ പ്രകാരം അനുവദനീയമായ അളവിനേക്കാള്‍ അധികം യുറേനിയം സമ്പുഷ്ടീകരിക്കാനുള്ള ശ്രമങ്ങള്‍ ഇറാന്‍ തുടരുകയാണ്. അണുബോംബ് നിര്‍മ്മിക്കില്ല എന്നതാണ് കരാറിലെ ഏറ്റവും ശ്രദ്ധേയമായ വ്യവസ്ഥകളില്‍ ഒന്ന്. അന്താരാഷ്ട്ര ഉപരോധം ഭാഗികമായി എടുത്തുകളയുന്നതിന് പകരമായി ആണവ പദ്ധതികള്‍ വന്‍തോതില്‍ ചുരുക്കുമെന്നും ഇന്റര്‍നാഷണല്‍ ആറ്റോമിക് എനര്‍ജി ഏജന്‍സി (ഐഎഇഎ)-യുടെ പരിശോധനകള്‍ക്ക് വേണ്ടി സമര്‍പ്പിക്കുമെന്നും കരാറില്‍ വ്യവസ്ഥയുണ്ടായിരുന്നു.

ഇപ്പോള്‍ ആയുധ നിര്‍മാണത്തിനാവശ്യമായ വിധം യുറേനിയം സമ്പുഷ്ടീകരണത്തിലേക്ക് ഇറാന്‍ നീങ്ങുകയാണെന്ന് ഐക്യരാഷ്ട്ര സംഘടന മുന്നറിയിപ്പ് നല്‍കുന്നു. 2015-ലെ ആണവക്കരാറനുസരിച്ച് ഇറാന് കൈവശം വയ്ക്കാവുന്ന പരമാവധി യുറേനിയം 202.8 കിലോഗ്രാമാണ്. എന്നാല്‍, 300 കിലോഗ്രാമില്‍ കൂടുതല്‍ ആണവ ഇന്ധനം ഇറാന്‍ ശേഖരിച്ചതായാണ് യുഎന്നിന്റെ കീഴിലുള്ള രാജ്യാന്തര ആണവോര്‍ജ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്.

ഇഷ്ടമുള്ളത്ര അളവില്‍ യുറേനിയം സമ്പുഷ്ടീകരിക്കാനാണ് തീരുമാനമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനി വ്യക്തമാക്കിയിരുന്നു. . അങ്ങിനെ സംഭവിച്ചാല്‍ അത് ഇറാന് കനത്ത തിരിച്ചടിയാകുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ആണവ കരാര്‍ ദുര്‍ബലമായാല്‍ ഉണ്ടായേക്കാവുന്ന അപകടത്തെകുറിച്ചും തുടര്‍ന്നുള്ള പ്രത്യാഘാതങ്ങളെക്കുറിച്ചും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഹസ്സന്‍ റൂഹാനിയുമായി ചര്‍ച്ച നടത്തി. പ്രശ്‌നത്തില്‍ ഇടപെടാന്‍ യൂറോപ്യന്‍ യൂണിയനുമേലും ഇറാന്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. എന്നാല്‍ യൂണിയന് കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചിട്ടില്ല.

Share this news

Leave a Reply

%d bloggers like this: