ഇറാനെതിരെ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താന്‍ അമേരിക്ക; ഇനിയുള്ളത് കടുത്ത നടപടികളെന്ന് ഡൊണാള്‍ഡ് ട്രംപ്…

ഇറാനുമേല്‍ കൂടുതല്‍ കടുത്ത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താന്‍ അമേരിക്ക ശ്രമം തുടങ്ങി. അമേരിക്കയുടെ സമ്മര്‍ദ്ദത്തില്‍ നിന്ന് ഇറാനെ രക്ഷിക്കാന്‍ യൂറോപ്പ് ഒന്നും ചെയ്തില്ലെങ്കില്‍ ആണവ പദ്ധതികള്‍ വര്‍ദ്ധിപ്പിക്കാന്‍ കൂടുതല്‍ നടപടികള്‍ കൈക്കൊള്ളുമെന്ന് ഇറാനും തിരിച്ചടിച്ചു. സംഘര്‍ഷം കനത്തതോടെ പ്രശ്നത്തിന് രാഷ്ട്രീയ പരിഹാരമാണ് വേണ്ടതെന്ന ആവശ്യവുമായി യു.എ.ഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ രംഗത്തു വന്നു.

ഉപരോധങ്ങളില്‍ നിന്നുള്ള നിരന്തരമായ സാമ്പത്തിക സമ്മര്‍ദ്ദം മൂലമാണ് ഇറാന്‍ ചര്‍ച്ചകള്‍ നടത്താന്‍ ആഗ്രഹിക്കുന്നതെന്ന് ട്രംപ് അവകാശപ്പെട്ടു. എന്നാല്‍ അത് തള്ളിക്കളഞ്ഞ ഇറാന്‍ ഉപരോധം നിലനില്‍ക്കെ ഒരു ചര്‍ച്ചയ്ക്കും തയ്യാറല്ലെന്നും പറഞ്ഞു. അമേരിക്കന്‍ ഡ്രോണ്‍ ഇറാന്‍ വെടിവച്ചിട്ടതോടെ പശ്ചിമേഷ്യ കൂടുതല്‍ സംഘര്‍ഷഭരിതമായിരിക്കുകയാണ്.

കഴിഞ്ഞ ദിവസം, തെക്കന്‍ സൗദി അറേബ്യയിലെ അഭാ വിമാനത്താവളത്തിന് നേരെ ഉണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ ഒരാള്‍ മരിക്കുകയും ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇറാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന യമനിലെ ഹൂദി വിമതര്‍ അക്രമത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. പത്തു ദിവസത്തിനിടെ ഇത് രണ്ടാംതവണയാണ് അഭാ എയര്‍പ്പോര്‍ട്ട് ആക്രമിക്കപ്പെടുന്നത്. തെക്ക്-പടിഞ്ഞാറന്‍ സൗദി തീരത്തുള്ള ജിസാനിലെ വിമാനത്താവളത്തില്‍ ആക്രമണം നടത്തിയതായും അവര്‍ അവകാശപ്പെടുന്നുണ്ട്.

ഇറാന്‍ മേഖലയില്‍ നടത്തുന്ന ഇടപെടല്‍ അവസാനിപ്പിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്നും അമേരിക്കയുടെ ക്ഷമയെ ദൗര്‍ബല്യമായി ഇറാന്‍ കാണരുതെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ പറഞ്ഞു. അതിനിടെ ഇറാനു നേരെ സൈബര്‍ ആക്രമണവും ഉണ്ടായിട്ടുണ്ട്. മിസൈല്‍ നിയന്ത്രിത സാങ്കേതിക സംവിധാനങ്ങളെ ലക്ഷ്യം വെച്ചു കൊണ്ടായിരുന്നു സൈബര്‍ ആക്രമണം എന്നാണ് അമേരിക്ക വിശദീകരിക്കുന്നത്. എന്നാല്‍ സൈബര്‍ ആക്രമണം ഇറാനെ എത്രമാത്രം ബാധിച്ചുവെന്ന കാര്യം വ്യക്തമല്ല.

ആണവായുധ മോഹം ഉപേക്ഷിക്കാന്‍ ഇറാന്‍ തയ്യാറായാല്‍ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി ഇറാന്‍ മാറുമെന്നും, അമേരിക്കന്‍ പ്രസിഡന്റ് ഇറാന്റെ മികച്ച സുഹൃത്തായിരിക്കുമെന്നും ട്രംപ് നേരത്തെ പറഞ്ഞിരുന്നു.

Share this news

Leave a Reply

%d bloggers like this: