ഇറാഖ് യുദ്ധം:മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍ മാപ്പ് പറഞ്ഞു,ഐഎസിന്റെ വളര്‍ച്ചയ്ക്ക് കാരണം ഇറാഖ് അധിനിവേശം

 

ലണ്ടന്‍: ഇറാഖ് യുദ്ധത്തിന് മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍ ഒടുവില്‍ മാപ്പ് പറഞ്ഞു. ഇറാഖില്‍ തങ്ങളുടെ പദ്ധതികള്‍ പിഴച്ചതായി ടോണി ബ്ലെയര്‍ സമ്മതിച്ചു. ഇറാഖിലും സിറിയയിലും ഇന്ന് ശക്തിപ്രാപിച്ച തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ശാക്തികരണത്തിന് പ്രധാനകാരണം ഇറാഖ് അധിനിവേശമാണെന്ന് മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി കുറ്റസമ്മതം നടത്തി. കഴിഞ്ഞ 12 വര്‍ഷമായി ഇറാഖ് യുദ്ധത്തിന് മാപ്പ് പറയാന്‍ വിസ്സമ്മതിച്ചിരുന്ന ബ്ലെയര്‍ ഇപ്പോള്‍ സിഎന്‍എന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മാപ്പ് പറഞ്ഞിരിക്കുന്നത്.

സര്‍വനാശം വിതയ്ക്കുന്ന ആയുധശേഖരം ഇറാഖിന്റെ പക്കലുണ്ടെന്ന് ആരോപിച്ച് നടന്ന യുദ്ധത്തില്‍ സദ്ദാം ഹുസൈനെ അട്ടിമറിച്ചതാണ് ഇറാഖ് മേഖലയെ അസ്ഥിരമാക്കിയത്. ഇത് സംബന്ധിച്ച് ലഭിച്ച രഹസ്യന്വേഷണ സൂചനകള്‍ തെറ്റായിരുന്നു എന്ന് പിന്നീട് വ്യക്തമായി, അതില്‍ മാപ്പു ചോദിക്കുന്നതായും ടോണി ബ്ലെയര്‍ പറഞ്ഞു. സദ്ദാം ഹുസൈനെ ഇറാഖ് ഭരണത്തില്‍ നിന്നും ഇറക്കുവാന്‍ നടത്തിയ ശ്രമങ്ങളും, അതിനുശേഷമുള്ള പദ്ധതികളും തെറ്റായിരുന്നു. സദ്ദാമിനെ പുറത്താക്കിയവര്‍ക്ക് ഇപ്പോഴത്തെ ഇറാഖിന്റെ അവസ്ഥയില്‍ ഉത്തരവാദിത്തമുണ്ടെന്ന് പരോക്ഷമായി അമേരിക്കയെ കുറ്റപ്പെടുത്തി ടോണി ബ്ലെയര്‍ പറഞ്ഞു.

മുന്‍പ് തന്നെ ബ്രിട്ടീഷ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പ്രകാരമാണ് ഇറാഖിനെ ആക്രമിച്ചതെന്നാണ് അമേരിക്കയുടെ വാദം. അതേ സമയം ഐഎസിന്റെ ശക്തീകരണത്തിന് ഇറാഖ് അധിനിവേശം കാരണമായി എന്ന് പറഞ്ഞാല്‍ തെറ്റ് പറയാന്‍ സാധിക്കില്ലെന്നും ടോണി ബ്ലെയര്‍ പറഞ്ഞു.

-എജെ-

Share this news

Leave a Reply

%d bloggers like this: