‘ഇബ്‌സ’ അഴിമതി ആരോപണത്തെ തുടര്‍ന്ന് ഓസ്ട്രിയന്‍ മന്ത്രിസഭയില്‍ കൂട്ടരാജി…

‘ഇബ്‌സ’ അഴിമതി ആരോപണത്തെ തുടര്‍ന്ന് ആസ്ട്രിയ മന്ത്രിസഭയില്‍ നിന്ന് കൂട്ടരാജി. തീവ്രവലതുപക്ഷ കക്ഷിയായ ഫ്രീഡം പാര്‍ട്ടി (എഫ്.പി.ഒ) യിലെ എല്ലാ മന്ത്രിമാരും രാജിവെച്ചു. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായിരുന്ന വൈസ് ചാന്‍സലര്‍ ഹെയിന്‍സ് ക്രിസ്റ്റ്യന്‍ സ്ട്രാച്ചെ അഴിമതി നടത്തിയതുമായി ബന്ധപ്പെട്ട തെളിവുകളാണ് പുറത്തുവന്നത്. തുടര്‍ന്ന് അദ്ദേഹം നേരത്തെതന്നെ രാജിവെച്ചിരുന്നു.

സര്‍ക്കാര്‍ വക കരാറുകള്‍ സംഘടിപ്പിച്ചു നല്‍കാമെന്നു റഷ്യക്കാരിയായ വ്യവസായ സംരംഭകയോട് സ്ട്രാച്ചെ രഹസ്യമായി സമ്മതിക്കുന്നതിന്റെ വിഡിയോ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. ഇബ്‌സയിലെ ഒരു ആഡംബര റിസോര്‍ട്ടില്‍ വെച്ചാണ് അദ്ദേഹം അജ്ഞാതയായ യുവതിയുമായി കൂടിക്കാഴ്ച നടത്തിയത്. സര്‍ക്കാര്‍ രേഖകള്‍ ചോര്‍ത്തി നല്‍കുന്നതിന്റെ ദൃശ്യങ്ങളും വിഡിയോയില്‍ ഉണ്ടായിരുന്നു. 2017-ലാണ് രാജിക്കാസ്പദമായ സംഭവങ്ങള്‍ നടന്നത്. രണ്ട് ജര്‍മന്‍ പത്രങ്ങളാണ് ആദ്യം വാര്‍ത്ത പുറത്തുവിട്ടത്.

കുംഭകോണത്തെകുറിച്ച് ‘പൂര്‍ണ്ണവും സുതാര്യവുമായ അന്വേഷണം’ നടത്തണമെന്ന് ഓസ്ട്രിയന്‍ പ്രസിഡന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് നിലവിലെ ഓസ്ട്രിയന്‍ ചാന്‍സലര്‍ സെബാസ്റ്റ്യന്‍ കുര്‍സ് പറഞ്ഞു. എഫ്.പി.ഒ ആഭ്യന്തര മന്ത്രാലയം വിട്ടൊഴിഞ്ഞാല്‍ മാത്രമേ അഴിമതിയെകുറിച്ച് സുതാര്യമായ അന്വേഷണം സാധ്യമാകൂ എന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ വാദിച്ചു. സെപ്റ്റംബറിലാണ് പുതിയ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. അതുവരെ ‘വിദഗ്ദ്ധരെയോ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയോ മന്ത്രി സ്ഥാനത്തേക്ക് നിയോഗിച്ചേക്കും.

ഓസ്ട്രിയന്‍ പീപ്പിള്‍സ് പാര്‍ട്ടിയും തീവ്രവലതുപക്ഷ കക്ഷിയായ ഫ്രീഡം പാര്‍ട്ടിയും സഖ്യത്തിലുള്ള സര്‍ക്കാരാണ് ഓസ്ട്രിയ ഭരിക്കുന്നത്. സര്‍ക്കാര്‍ പിരിച്ചുവിട്ട് പുതിയ തെരഞ്ഞെടുപ്പിനെ നേരിടണം എന്ന നിലപാടിലാണ് പീപ്പിള്‍സ് പാര്‍ട്ടി. നേരത്തെ രാജിവെക്കാന്‍ വിമുഖതകാട്ടിയ ആഭ്യന്തരമന്ത്രി ഹെര്‍ബെര്‍ട്ട് കിക്ക്ള്‍ പീപ്പിള്‍സ് പാര്‍ട്ടിയെ രൂക്ഷമായി വിമര്‍ശിച്ചു രംഗത്തെത്തി. അധികാരത്തോടുള്ള ആര്‍ത്തി മൂത്താണ് അവര്‍ തങ്ങളോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടതെന്ന് കിക്ക്ള്‍ പറഞ്ഞു. നേരത്തെ ഹെര്‍ബെര്‍ട്ട് കിക്ക്‌ളും സെബാസ്റ്റ്യന്‍ കുര്‍സും തമ്മില്‍ രൂക്ഷമായ വാദപ്രതിവാദങ്ങള്‍ നടന്നിരുന്നു. അതേതുടര്‍ന്നാണ് കിക്ക്ള്‍ ആഭ്യന്തരമന്ത്രിസ്ഥാനം രാജിവെച്ചത്. അദ്ദേഹം രാജിവെച്ചതോടെ മറ്റുമന്ത്രിമാരും കൂട്ടമായി രാജിവെച്ചു.

Share this news

Leave a Reply

%d bloggers like this: