ഇന്ന് ഹിരോഷിമ ദുരന്തത്തിന്റെ എഴുപത്തിരണ്ടാം വാര്‍ഷികം

ഇന്ന് ഹിരോഷിമ ദിനം. ലോകത്താദ്യമായി അണുബോംബ് വര്‍ഷിച്ചതിന്റെ ഹിരോഷിമ എന്ന മഹാദുരന്തത്തിന് ഇന്ന് എഴുപത്തി രണ്ട് വയസ്സ് തികയുന്നു. 1945 ആഗസ്റ്റ് ആറിന് രാവിലെ 8:15നായിരുന്നു ഹിരോഷിമയില്‍ അമേരിക്ക അണുബോംബ് വര്‍ഷിച്ചത്. ജപ്പാന്റെ ചരിത്രത്തിലെ എക്കാലത്തേയും കറുത്ത അധ്യായമായ ഹിരോഷിമയിലെ അണുബോംബ് വര്‍ഷത്തില്‍ 90000-160000 ഇടയില്‍ ആള്‍നാശം ഉണ്ടായതായാണ് കണക്കാക്കുന്നത്.

ഹിരോഷിമയിലെ ബോംബാക്രമണം മൂലമുണ്ടായ ആണവ വികിരണത്തിന്റെ ദോഷഫലങ്ങള്‍ അനന്തര തലമുറകള്‍ക്കും അനുഭവിക്കേണ്ടി വന്നു.എനോള ഗേ എന്ന അമേരിക്കന്‍ ബോംബര്‍ വിമാനമാണ് ഹിരോഷിമയില്‍ ‘ലിറ്റില്‍ ബോയ്’ എന്ന ആണു ബോംബ് വര്‍ഷിച്ചത്. 70000 പേര്‍ തല്‍ക്ഷണം കൊല്ലപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്. 1945-ല്‍ 250 കോടി ഡോളര്‍ മുടക്കിയാണ് അമേരിക്ക ‘ലിറ്റില്‍ ബോയ്’ എന്ന് പേരുള്ള അണുബോംബ് നിര്‍മ്മിച്ചത്. ഇന്ന് ലോകരാജ്യങ്ങളുടെ കൈവശം പതിനായിരക്കണക്കിന് അണുവായുധങ്ങളാണ് ഉള്ളത്. അണുവായുധങ്ങള്‍ മാത്രമല്ല ശാസ്ത്രലോകം വികസിപ്പിച്ചെടുത്ത ഹൈഡ്രജന്‍ ബോംബുകള്‍ പോലെ പഴയ അണുവായുധങ്ങളേക്കാള്‍ എത്രയോ മടങ്ങ് പ്രഹരശേഷിയുള്ള ആയുധങ്ങള്‍. കോടാനുകോടി രൂപ മുടക്കി സ്വന്തമാക്കാനുള്ള തത്രപ്പാടിലാണ് ലോകരാഷ്ട്രങ്ങളില്‍ പലതും.

ബോംബ് വര്‍ഷത്തിന്റെ റേഡിയേഷന്‍ പിന്നെയും മാസങ്ങളൊളം നില നിന്നു. റേഡിയേഷന്‍ അതിപ്രസരം മൂലം ഒന്നര ലക്ഷത്തോളം ആളുകള്‍ മരിച്ചതായി വിലയിരുത്തപ്പെടുന്നു. അതിലുമധികം ആളുകള്‍ അംഗവൈകല്യം സംഭവിച്ചവരുമായി. മൂന്നു ദിവസത്തിന് ശേഷം ആഗസ്റ്റ് ഒന്‍പതിന് നാഗസാക്കിയിലും അമേരിക്ക അണുബോംബ് വര്‍ഷിച്ചു. ആദ്യ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട അത്രയും തന്നെ ആളുകള്‍ ഈ ആക്രമണത്തിലും കൊല്ലപ്പെട്ടു. അഗസ്റ്റ് 15ന് ജപ്പാന്‍ കീഴടങ്ങല്‍ പ്രഖ്യാപിച്ചു. ഇതോടെ നാലുവര്‍ഷം നീണ്ടുനിന്ന രണ്ടാം ലോകമഹായുദ്ധത്തിന് വിരാമമായി. പിന്നീട് ജപ്പാന്‍ അമേരിക്കയുടെ ഏറ്റവും സഖ്യകക്ഷികളിലൊന്നായി തീര്‍ന്നു എന്നത് വിരോധാഭാസം മാത്രം.

അണു വിഘടന സിദ്ധാന്തം കണ്ടുപിടിച്ചവരും ആറ്റം ബോംബുണ്ടാക്കിയവരും പിന്നില്‍ പ്രവര്‍ത്തിച്ചവരെല്ലാം പിന്നീട് തെറ്റ് ഏറ്റുപറഞ്ഞു. കുറ്റബോധത്താല്‍ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുഴുകി. ശേഷം, ആ നഗരത്തില്‍ ജനിച്ചു വീണ കുഞ്ഞുങ്ങള്‍ പോലും ദുരന്തങ്ങളുടെ നോവ് പേറി. പക്ഷെ ഹിരോഷിമ വരണ്ടുപോയില്ല. പൂത്തു. തളിര്‍ത്തു. ഒരു ജനതയുടെ 70 വര്‍ഷം നീണ്ട അര്‍പ്പണത്തിന്റെ സാക്ഷ്യമാണിന്ന് ഇന്ന് ഈ നഗരം. മനുഷ്യന്റെ ജീവിതതൃഷ്ണയ്ക്കും നിശ്ചയദാര്‍ഢ്യത്തിനും ഏറ്റവും വലിയ ഉദാഹരണമാണ് ഇന്ന് ലോകത്തെ സുന്ദരമായ നഗരങ്ങളിലൊന്നായി അറിയപ്പെടുന്ന ഹിരോഷിമ.

യൂറോപ്പിനെ മാത്രമല്ല, ലോകത്തിന്റെയാകെ ശാക്തിക സന്തുലനത്തെമാറ്റിമറിച്ച ഒന്നായിരുന്നു ജര്‍മനി, ഇറ്റലി, ജപ്പാന്‍ എന്നിവരടങ്ങിയ അച്ചുതണ്ടുശക്തികളും സോവിയറ്റ് റഷ്യ, അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ചൈന എന്നിവരടങ്ങിയ സഖ്യശക്തികളും തമ്മില്‍നടന്ന രണ്ടാം ലോകയുദ്ധം. യുദ്ധപ്രഖ്യാപനമൊന്നും കൂടാതെ ഹിറ്റ്‌ലറുടെ ജര്‍മനി, പോളണ്ടിനെ ആക്രമിച്ചതോടെ 1939 സെപ്റ്റംബര്‍ ഒന്നിന് ആരംഭിച്ചയുദ്ധം 1945 ആഗസ്റ്റ് ആറിനും ഒമ്പതിനുമായി അമേരിക്ക, ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും നടത്തിയ മാരകമായ ആണവ ബോംബിങ്ങിനെ തുടര്‍ന്ന് ആഗസ്റ്റ് 14ന് ജപ്പാന്റെ കീഴടങ്ങലിലൂടെയും സെപ്റ്റംബര്‍ രണ്ടിന് ഒപ്പുവെച്ച കരാറിലൂടെയും അവസാനിച്ചു.

ലോകത്ത് ആണവായുധം ഉപയോഗിച്ച ഒരേയൊരു യുദ്ധമായിരുന്നു രണ്ടാം ലോകയുദ്ധം. അമേരിക്കയുടെ ഈ മാരകമായ ബോംബിങ് ജപ്പാന്റെ കീഴടങ്ങലിനും രണ്ടാം ലോകയുദ്ധത്തിന്റെ അവസാനത്തിനും കാരണമായെങ്കിലും ലക്ഷക്കണക്കിന് സാധാരണ മനുഷ്യരുടെ മരണത്തിനും നരകയാതനകള്‍ക്കും വഴിവെച്ച ആ സംഭവം ഇന്നും ലോകജനതക്ക് നടുക്കുന്ന ഓര്‍മയാണ്.

ദുരന്ത ദു$ഖംപേറി ഓരോ ആഗസ്റ്റ് ആറും ഹിരോഷിമ ദിനമായി ലോകമെങ്ങും ആചരിക്കപ്പെടുമ്പോള്‍ ആണവായുധമുക്ത ലോകത്തിനായി സമാധാന കാംക്ഷികളായ ലോകജനതയുടെ പ്രതീക്ഷകള്‍ക്ക് ചിറകുമുളക്കുന്ന അവസരമായി അവ മാറുകയാണ്. ഇനിയും അത്തരത്തിലുള്ള ഒരു ആണവദുരന്തം താങ്ങാനുള്ള കരുത്ത് ലോകത്തിനില്ല. അന്ന് പ്രയോഗിച്ച ആണവ ബോംബുകളെക്കാള്‍ അനേകമടങ്ങ് പ്രഹരശേഷിയുള്ള ആണവ ബോംബുകള്‍ സുരക്ഷയുടെ പേരുപറഞ്ഞ് രഹസ്യമായും പരസ്യമായും അനേകം രാഷ്ട്രങ്ങള്‍ തങ്ങളുടെ ആയുധപ്പുരകളില്‍ സൂക്ഷിച്ചിരിക്കുന്നു.

ഒരു ബോംബിനുള്ളില്‍ പല ബോംബുകള്‍ – അതാണ് തെര്‍മോ ന്യൂക്ലിയര്‍ ബോംബ് എന്ന ഹൈഡ്രജന്‍ ബോംബ്. അണുബോബിനേക്കാള്‍ 1000 മുതല്‍ 5000 വരെ മടങ്ങ് ശക്തിയേറിയതാണ് ഹൈഡ്രജന്‍ ബോംബ്. എന്നാല്‍ വലിപ്പം വളരെ കുറവുമാണ്. ഫ്രാന്‍സ്, ബ്രിട്ടന്‍, റഷ്യ, ചൈന, ഇസ്രയേല്‍, പാകിസ്ഥാന്‍, ഉത്തര കൊറിയ, ഇന്ത്യ, തുടങ്ങിയ രാഷ്ട്രങ്ങള്‍ അണുപരീക്ഷണങ്ങള്‍ നടത്തി തങ്ങളുടെ കൈവശം നൂറുകണക്കിന് അണുബോംബുകള്‍ ഉണ്ടെന്ന പ്രഖ്യാപനം നടത്തിക്കഴിഞ്ഞു.

ലോകം ഏറ്റവും കൂടുതല്‍ ആശങ്കയോടുകൂടി കാണുന്ന മറ്റൊന്നാണ് ഭീകരസംഘടനകളുടെ കൈവശംപോലും അണുവായുധങ്ങള്‍ ഉണ്ടെന്ന പ്രഖ്യാപനങ്ങള്‍ നടത്തി അവര്‍ ലോകത്തെ വെല്ലുവിളിച്ചുകൊണ്ടിരിക്കുന്ന സംഭവങ്ങള്‍. അമേരിക്കയും ഉത്തര കൊറിയയും ഹൈഡ്രജന്‍ ബോംബുകളുടെ പരീക്ഷണം നടത്തി പരസ്പരം ഏറ്റുമുട്ടല്‍ ഭീഷണികള്‍ നടത്തി ലോകത്തെ ഓരോ ദിവസവും മുള്‍മുനയില്‍ നിര്‍ത്തുകയാണ്.

ഭ്രാന്തമായ ചിന്താഗതികള്‍ പുലര്‍ത്തുന്ന രാഷ്ട്രനേതാക്കളും സ്വയം ചാവേറുകളായിപ്പോലും മനുഷ്യരെ കൊന്നൊടുക്കാന്‍ വെമ്പല്‍കൊള്ളുന്ന തീവ്രവാദി ഗ്രൂപ്പുകളും ആണവായുധങ്ങള്‍ കരസ്ഥമാക്കാനും അതു പ്രയോഗിക്കാനുമുള്ള സാധ്യതയുടെ ഭീഷണി നിലനില്‍ക്കുമ്പോള്‍ സമ്പൂര്‍ണനാശത്തിനു വഴിതെളിക്കുന്ന ഒരു ആണവായുധ പ്രയോഗത്തിന്റെ ചിന്തകള്‍പോലും സമാധാനകാംക്ഷികളായ ലോകജനതയെ ചകിതരാക്കുന്നു.

ഹിരോഷിമ ദിനം ഇന്ന് സമാധാനത്തിന്റെയും ആണവ നിരായുധീകരണത്തിന്റെയും സന്ദേശം പരത്തുന്ന ദിനമാണ്. 2020ഓടെ ആണവായുധങ്ങളില്ലാത്ത ഒരു ലോകം എന്ന ലക്ഷ്യം കൈവരിക്കാന്‍ ഉദ്ദേശിച്ച് സജീവമായ ചര്‍ച്ചകളും മന$സാക്ഷി ഉണര്‍ത്തുന്ന പ്രചാരണപ്രവര്‍ത്തനങ്ങളും തുടര്‍നടപടികളും ഈ ദിനത്തില്‍ നടക്കുന്നു. ആണവായുധങ്ങളുടെ കരിനിഴലില്‍നിന്ന് ലോകം മോചിതമാകണം. രാസായുധങ്ങളും ആണവായുധങ്ങളും ഉള്‍പ്പെടെ കൂട്ടനശീകരണത്തിന് ശക്തിയുള്ള എല്ലാ ആയുധങ്ങളും ഇല്ലാതാക്കണം. അതുമാത്രമാണ് സുരക്ഷിത ലോകത്തിലേക്കുള്ള വഴി. ഈ ആയുധങ്ങള്‍ ഉള്ളിടത്തോളം ലോകം മുഴുവന്‍ ഭീതിയുടെ നിഴലിലായിരിക്കും.

ആണവായുധമുക്ത ലോകത്തിനു വേണ്ടിയുള്ള ലോകരാഷ്ട്രങ്ങളുടെ ശ്രമം തുടരുകയാണ്. ഹിരോഷിമയുടെയും നാഗസാക്കിയുടെയും നടുക്കുന്ന ഓര്‍മകള്‍ ഈ പ്രവര്‍ത്തനത്തില്‍ വലിയ പ്രചോദനമായിത്തീരുന്നു. മറ്റൊരു ആണവയുദ്ധത്തിന്റെ വിദൂരസാധ്യതകള്‍പോലും ഇല്ലാതാക്കാനാണ് ആണവ നിരായുധീകരണത്തിന്റെ വക്താക്കള്‍ ശ്രമിക്കുന്നത്. ആണവ നിരായുധീകരണത്തില്‍ ആത്മാര്‍ഥത കാണിക്കാനും നേതൃത്വമേറ്റെടുക്കാനും അമേരിക്ക എന്ന രാഷ്ട്രത്തിനു ബാധ്യതയുണ്ട്.

1945 ജൂലൈയില്‍ ന്യൂമെക്‌സികോയിലെ അലാമോഗാര്‍ഡോവില്‍വെച്ച് ‘ട്രിനിറ്റി’ എന്നപേരില്‍ ലോകത്തെ ആദ്യത്തെ ആണവായുധ പരീക്ഷണം നടത്തി ആണവായുധ യുഗത്തിന് തുടക്കംകുറിച്ചത് അമേരിക്കയാണ്. രണ്ടാമത്തെ ആണവ ബോംബ് 1945 ആഗസ്റ്റ് ആറിന് അമേരിക്ക പൊട്ടിച്ചത് മാനവരാശിയുടെ നെഞ്ചിലായിരുന്നു, ഹിരോഷിമയില്‍. മൂന്നാമത്തെ ബോംബ് നാഗസാക്കിയിലും വര്‍ഷിച്ച് പരീക്ഷണവും പ്രയോഗവും അമേരിക്ക പൂര്‍ത്തിയാക്കി. ഹിരോഷിമയിലും നാഗസാക്കിയിലും നടന്ന ഹീനമായ മനുഷ്യക്കുരുതിക്കെതിരെയും ആണവായുധങ്ങള്‍ക്കെതിരെയും ലോക മനസാക്ഷി ഉണര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ അന്നുമുതല്‍ നടക്കുകയാണ്.

ഒട്ടനവധി അന്താരാഷ്ട്ര ആണവായുധ നിയന്ത്രണക്കരാറുകള്‍ ഇതിനകം ഒപ്പുവെക്കപ്പെട്ടിട്ടുണ്ട്. 1963ല്‍ ജോണ്‍ എഫ്. കെന്നഡിയും നിഖിത ക്രൂഷ്‌ചേവും ഒപ്പുവെച്ച ഭാഗിക ആണവപരീക്ഷണ നിരോധ കരാര്‍, 1968ല്‍ ലോകത്തിലെ അനേകം രാജ്യങ്ങള്‍ ഒപ്പുവെച്ച ആണവ നിര്‍വ്യാപന കരാര്‍ (എന്‍.പി.ടി), ആണവ ബാലിസ്റ്റിക് മിസൈലുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ എസ്.എ.എല്‍.ടി ഒന്നും രണ്ടും കരാറുകള്‍ എന്നിവ ആണവ നിരായുധീകരണ രംഗത്ത് നിര്‍ണായക ചുവടുവെപ്പുകളായിരുന്നു.

എസ്.എ.എല്‍.ടി കരാറുകള്‍ എസ്.ടി.എ.ആര്‍.ടി (സ്ട്രാറ്റജിക് ആംസ് റിഡക്ഷന്‍ ട്രീറ്റി) കരാറുകളിലേക്ക് നയിച്ചു. ’91ല്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷും സോവിയറ്റ് ഭരണാധികാരി മിഖായേല്‍ ഗോര്‍ബച്ചേവും ഒപ്പുവെച്ച എസ്.ടി.എ.ആര്‍.ടി ഒന്നിന്റെ കാലാവധി 2009 ഡിസംബറില്‍ അവസാനിച്ചു. 2010 ഏപ്രില്‍ എട്ടിന് യു.എസ് പ്രസിഡന്റ് ബറാക് ഒബാമയും റഷ്യന്‍ പ്രസിഡന്റ് മെദ്വ്യദെവും തമ്മില്‍ ഒപ്പുവെച്ച പുതിയ എസ്.ടി.എ.ആര്‍.ടി കരാറാണ് വന്‍ശക്തികള്‍ക്കിടയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന ആണവായുധ നിയന്ത്രണക്കരാര്‍. മാനവരാശിയുടെ സുരക്ഷ മുന്‍നിര്‍ത്തി ഹൃദയംതുറന്ന ചര്‍ച്ചകള്‍ നടത്തി ആണവായുധമുക്ത ലോകം എന്ന ലക്ഷ്യം കൈവരിക്കാന്‍ ലോക നേതാക്കള്‍ക്ക് കഴിയട്ടെയെന്നു നമുക്കാശിക്കാം.

വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞപ്പോള്‍ ഹിരോഷിമ ദുരന്തത്തിലേക്ക് വീണ്ടും തിരിഞ്ഞു നോക്കുമ്പോള്‍ ഇനിയൊരു നാഗസാക്കിയും ഹിരോഷിമയും ലോകത്ത് ആവര്‍ത്തിക്കരുതേ എന്നാണ് ലോക ജനതയുടെ പ്രാര്‍ത്ഥന. യുദ്ധങ്ങള്‍ ഒരിക്കലും പ്രശ്നങ്ങള്‍ തീര്‍ക്കില്ല. എല്ലായിടത്തും വിജയിക്കാനായി ലോക രാഷ്ട്രങ്ങള്‍ മനുഷ്യരുടെ ജീവന്‍ വെച്ച് പന്താടരുതെന്നും ഹിരോഷിമ ദുരന്തം ഓര്‍മിപ്പിക്കുന്നു. സ്നേഹവും സമാധാനവുമാണ് രാഷ്ട്രങ്ങളെ കീഴടക്കാനുള്ള ഏറ്റവും നല്ല ആയുധങ്ങള്‍.

 

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: