ഇന്നുമുതല്‍ അതി തീവ്രമഴ; ചെറുതോണിയുടെ ഒരുഷട്ടര്‍ 11 മണിയോടെ തുറക്കും, സംസ്ഥാനത്ത് ദുരന്ത നിവാരണ സേനയെ വിന്യസിച്ചു

ലക്ഷദ്വീപിന് സമീപം അറബിക്കടലില്‍ ഇന്നലെ ഉച്ചയോടെ രൂപപ്പെട്ട ന്യൂനമര്‍ദം ഇന്ന് വൈകുന്നേരമോ ഞായറാഴ്ച പുലര്‍ച്ചെയോടെയൊ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. കാറ്റ് ലക്ഷദ്വീപില്‍ വടക്കുപടിഞ്ഞാറേക്കു ഒമാന്‍ തീരത്തേക്ക് നീങ്ങുന്നതിനാല്‍ സംസ്ഥാനത്തെ നേരിട്ട് ബാധിക്കില്ല. എന്നാല്‍, ന്യൂനമര്‍ദം കാരണം കേരളതീരത്ത് ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്നും അറിയിച്ച് പറയുന്നു. ചുഴലിക്കാറ്റായി മാറിയശേഷം വടക്കുപടിഞ്ഞാറേക്കു നീങ്ങും. ഈ സാഹചര്യത്തില്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കടലിലുള്ളവര്‍ തിരിച്ചെത്തണമെന്നും മുന്നറിയിപ്പ് പറയുന്നു. ശനിയാഴ്ചമുതല്‍ ചൊവ്വാഴ്ചവരെ ശക്തമായ മഴയാണ് കേരളത്തില്‍ പ്രതീക്ഷിക്കുന്നത്. ഞായറാഴ്ച 24 മണിക്കൂറില്‍ 21 സെന്റീമീറ്റര്‍വരെ പെയ്യാനുള്ള സാധ്യതയും വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. അതിശക്തമായ മഴകാരണം ശനി, ഞായര്‍ ദിവസങ്ങളില്‍ കേരളത്തിലെ മലയോര മേഖലകളില്‍ ഉരുള്‍പൊട്ടലിനും താഴ്ന്ന സ്ഥലങ്ങളില്‍ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം പറയുന്നു.

അതേസമയം, അതീവ ജാഗ്രതാ നിര്‍ദേശം നിലനില്‍ക്കുന്ന ഇടുക്കി ജില്ലയില്‍ മുന്‍കരുതലിന്റെ ഭാഗമായി ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ ഇന്ന് തുറന്നേക്കും. രാവിലെ 11 മണിയോടെ അണക്കെട്ടിന്റെ ഒരു ഷട്ടര്‍ ഉയര്‍ത്തി 50 ക്യുമെക്സ് വെള്ളം പുറത്തേക്ക് ഒഴുക്കാനാണ് നീക്കം. ഇക്കാര്യത്തിലെ അന്തിമ തീരുമാനം 10-30 ന് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ അവലോകന യോഗം തീരമാനമെടുക്കും. ചെറുതോണി പുഴ, പെരിയാര്‍ തീരത്തുള്ളവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ഇടുക്കി ജില്ലാ കലക്ടര്‍ അറിയിച്ചു. നേരത്തെ വെള്ളിയാഴ്ച വൈകിട്ട് ഷട്ടര്‍ തുറക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നതിനെ തുടര്‍ന്നു മാറ്റിവയ്ക്കുകയായിരുന്നു.

കല്ലാര്‍കുട്ടി ഡാമിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഡാമിന്റെ അഞ്ച് ഷട്ടറുകള്‍ ഘട്ടം ഘട്ടമായി തുറന്ന് 90 ക്യൂമെക്സ് വരെ ജലം മുതിരപ്പുഴയിലൂടെ പാംബ്ല ജലസംഭരണിയിലേക്ക് ഒഴുക്കിവിടും. ശനിയാഴ്ച രാവിലെ 10 മുതല്‍ നടപടി ആരംഭിക്കുമെന്നും മുതിരപ്പുഴയാറിന്റെ ഇരുകരകളിലുമുള്ളവര്‍ അതീവ ജാഗ്രത പുലര്‍ത്തണം. തുടര്‍ന്ന് പാംബ്ല ജലസംഭരണിയിലെ ജലവിതാനം നിയന്ത്രിക്കുന്നതിനായി ലോവര്‍ പെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ ശനിയാഴ്ച രാവിലെ 10 മണി മുതല്‍ ഘട്ടം ഘട്ടമായി തുറന്ന് 150 ക്യുമെക്സ് വരെ ജലം പെരിയാറിലേക്ക് തുറന്നു വിടും. പെരിയാറിന്റെ കരകളിലുള്ളവരും അതീവ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ കലക്ടര്‍ അറിയിക്കുന്നു.

തോട്ടപ്പള്ളി സ്പില്‍വേയുടെ ഷട്ടറുകള്‍ ഉയര്‍ത്താനും തീരുമാനം ആയിട്ടുണ്ട്. വയനാട്ടിലെ ബാണാസുര അണക്കെട്ടിന്റെ ഒരു ഷട്ടര്‍ 10 സെന്റീമീറ്റര്‍ ഉയര്‍ത്തി. ഇന്നലെ കോഴിക്കോട് പുതുപ്പാടി കണ്ണപ്പന്‍കുണ്ട് വനമേഖലയിലുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മട്ടിക്കുന്ന് മലയില്‍ ശക്തമായ മലവെള്ളപ്പാച്ചില്‍ അനുഭവപ്പെടിരുന്നു. കഴിഞ്ഞ പ്രളയത്തിലും ഉരുള്‍പൊട്ടലുണ്ടായ പ്രദേശമാണിത്.

കനത്ത മഴക്കുള്ള സാധ്യത മുന്നില്‍ കണ്ട് വിശദമായ മുന്നൊരുക്കങ്ങളാണ് സര്‍ക്കാര്‍ ഇതു വരെ കൈക്കൊണ്ടിട്ടുള്ളത്. ഇതിന്റെ ഭാഗമായി ഞായറാഴ്ച ഇടുക്കിയിലും മലപ്പുറത്തും റെഡ് അലര്‍ട്ടും, പത്തനംതിട്ട, വയനാട് ജില്ലകളില്‍ ഞായറാഴ്ച വരെയും പാലക്കാട്ട് തിങ്കളാഴ്ചവരെയും ഓറഞ്ച് അലര്‍ട്ട് ബാധകമാക്കിയിരുന്നു. ഇടുക്കിയിലും മലപ്പുറത്തും തിങ്കളാഴ്ച ഓറഞ്ച് അലര്‍ട്ടുണ്ട്. അതിനിടെ അടിയന്തിര സാഹചര്യങ്ങള്‍ നേരിടാന്‍ ദുരന്തനിവാരണ സേനയുടെ കൂടുതല്‍ സംഘം സംസ്ഥാനത്തെതി. 45 പേരടങ്ങുന്ന അഞ്ച് സംഘങ്ങളാണ് എത്തിയിട്ടുള്ളത്. ഇവരെ ഇടുക്കി, വയനാട്, മലപ്പുറം ജില്ലകളില്‍ നാല് സംഘങ്ങളെ വിന്യസിക്കും. ഒരു ടീം തൃശ്ശൂരില്‍ ക്യാമ്പുചെയ്യും. മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പുനല്‍കാനും തിരിച്ചുവിളിക്കാനുമായി നാവികസേനയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും രണ്ട് ഡോണിയര്‍ വിമാനങ്ങളും മൂന്നു കപ്പലുകളും രംഗത്തുണ്ട്.

എ എം

Share this news

Leave a Reply

%d bloggers like this: