ഇന്നും നാളെയും കനത്ത മഴ….പല ഭാഗങ്ങളിലും ഓറഞ്ച് അലര്‍ട്ട്

ഡബ്ലിന്‍ : വെള്ളിയാഴ്ച്ചയും ശനിയാഴ്ച്ച രാവിലെയും വെള്ളപ്പൊക്ക മുന്നറിയിപ്പ്. രാജ്യമാകെ കനത്ത മഴ ലഭിക്കുകയും ചെയ്യും. 70മില്ലീമീറ്റര്‍ വരെ മഴയാണ് മെറ്റ് ഏയ്റീന്‍ വിവിധ ഭാഗങ്ങളില്‍ മഴ പെയ്യുമെന്ന് പ്രവചിക്കുന്നത്. കോണാക്ട്, ക്ലെയര്‍, കോര്‍ക്ക്, കെറി, ലിമെറിക് , ട്രിപ്പറേറി എന്നിവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്തു. ഇവിടെ 70 മില്ലീമീറ്റര്‍ വരെ മഴ പ്രതീക്ഷിക്കാം.

ഡബ്ലിന്‍, കാര്‍ലോ, കില്‍ഡെയര്‍, കില്‍കെന്നി, ലോയ്സ്, ലൂത്ത്, വെക്സ്ഫോര്‍ഡ്, വിക് ലോ, മീത്ത് എന്നിവിടങ്ങളില്‍ യെല്ലാ അലര്‍ട്ടും നല്‍കിയിട്ടുണ്ട്. 35 മില്ലീമീറ്റര്‍ മഴയാണ് പ്രതീക്ഷിക്കാവുന്നത്. റോഡുകളില്‍ വെള്ളപ്പൊക്കം ഉണ്ടാകുമെന്ന് എഎ റോഡ് വാച്ച് മുന്നറിയിപ്പ് തരുന്നുണ്ട്. വാഹനങ്ങളുടെ ടയറുകളുടെ മര്‍ദം പരിശോധിക്കാനും ജാഗ്രത പാലിക്കാനും നിര്‍ദേശിക്കുകയും ചെയ്തു. ടയര്‍ മാറ്റേണ്ടതാണെങ്കില്‍ അതിന് മുതിരാനും അപകടകരമായ യാത്ര ഒഴിവാക്കാനും ആവശ്യപ്പെടുകയും ചെയ്തു. വിന്‍ഡോ വൈപ്പറുകള്‍ പ്രവര്‍ത്തന സജ്ജമായിരിക്കണം. വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ഇവ മാറ്റിയിരിക്കണമെന്നും ഓര്‍മ്മിപ്പിച്ചു.

കൂടുതല്‍ സമയമെടുത്ത് വേണം യാത്രകള്‍ ചെയ്യാന്‍. വെള്ളപ്പൊക്കം മൂലം വാഹനത്തിനുണ്ടാകുന്ന പ്രശ്നം പൊടുന്നനെ പ്രകടമാകില്ലെന്നും എഎ റോഡ് വാച്ച് വ്യക്തമാക്കുന്നു. ചെളിയിലൂടെ പലരും വാഹനത്തിന് കേട് പറ്റില്ലെന്ന് കരുതി ഡ്രൈവ് ചെയ്യുന്നത് കാണാറുള്ളതായും പിന്നീടാണ് വാഹനം സ്റ്റാര്‍ട്ട്  ചെയ്യാന്‍ ബുദ്ധിമുട്ട് നേരിടുകയെന്നും എഎ റോഡ് വാച്ച് ഓര്‍മ്മപ്പെടുത്തുന്നുണ്ട്. ഹെഡ് ലൈറ്റുകള്‍ മങ്ങിയ തെളിച്ചത്തില്‍ വേണം ഇടാന്‍. കൂടാതെ മുന്നിലുള്ള സൈക്കിള്‍ അടക്കമുള്ള വാഹനവുമായി പതിവില്‍ കവിഞ്ഞ അകലവും പാലിക്കണം. വെള്ളം കയറിയ റോഡിലൂടെ ഡ്രൈവ് ചെയ്യാന്‍ ശ്രമിക്കരുതെന്നും വ്യക്തമാക്കുന്നുണ്ട്. കാല്‍നടയാത്രക്കാരും സൈക്കിള്‍ യാത്രികരും കാണാന്‍ കഴിയുന്ന വിധത്തില്‍ ജാക്കറ്റുകള്‍ ധരിക്കുകയോ റിഫ്ലക്റ്റീവ് ആംബാന്‍ഡ് അണിയുകയോ വേണം.

വാഹനം വേഗത കുറച്ച് കൊണ്ട് പോകുക. സ്റ്റീറിങ് നിയന്ത്രണം കൈവിടാത്ത രീതിയില്‍ വേണം വാഹനമോടിക്കാന്‍. വാഹനത്തിന് സുരക്ഷിതമായ തോതില്‍ മാത്രം വെള്ളമുള്ളൂവെന്ന് അറിയുന്ന റോഡിലൂടെ മാത്രം ഡ്രൈവ് ചെയ്യുക. വെള്ളമുള്ള റോഡിലൂടെയാണ് വാഹനമോടിക്കുന്നതെങ്കില്‍ റോഡിന്‍റെ മധ്യഭാഗത്ത് കൂടെ പോകുക. ഇവിടെയാണ് റോഡിന് ഏറ്റവും ഉയരമുള്ളത്. വരുന്ന വാഹനങ്ങളെ കടന്ന് പോകാന്‍ അനുവദിക്കുക. അതല്ലെങ്കില്‍ തിരയായി വരുന്ന ജലം നിങ്ങളുടെ വാഹത്തിന്‍റെ എയര്‍ ഇന്‍ടേക്കിനെ ബാധിക്കാവുന്നതാണ്. റോഡിന്‍റെ മറുവശം കാണുന്നെങ്കില്‍ മാത്രം വെള്ളമുള്ള റോഡിലൂടെ വാഹനവുമായി മുന്നോട്ട് പോകുക.

Share this news

Leave a Reply

%d bloggers like this: