ഇന്നലെ രാജി വച്ച നിതീഷ് കുമാര്‍ ഇന്ന് വീണ്ടും ബിഹാര്‍ മുഖ്യമന്ത്രി

ഇന്നലെ രാജി വച്ച ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഇന്ന് വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ബിജെപി പിന്തുണയോടെ നിതീഷ് കുമാറിന്റെ ജനതാദള്‍ യുണൈറ്റഡ് (ജെഡിയു) ഇന്ന് വീണ്ടും മന്ത്രിസഭ രൂപീകരിച്ചിരിക്കുകയാണ്. മുന്‍ ബിജെപി ജെഡിയു സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായിരുന്ന ബിജെപിയുടെ സുശീല്‍കുമാര്‍ മോദി തന്നെയാണ് പുതിയ ഉപമുഖ്യമന്ത്രി. അധികാരമേറ്റ് രണ്ട് ദിവസത്തിനുള്ളില്‍ വിശ്വാസം തേടണമെന്നാണ് ഗവര്‍ണര്‍ നിതീഷ് കുമാറിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

നിയമസഭയിലെ ഏറ്റവും വലിയ കക്ഷിയായ തങ്ങളെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കാത്ത ഗവര്‍ണര്‍ കേസരിനാഥ് ത്രിപാഠിയുടെ നടപടിയില്‍ ആര്‍ജെഡി പ്രതിഷേധം അറിയിച്ചിരുന്നു. ആര്‍ജെഡി നിയമസഭാ കക്ഷി നേതാവ് തേജസ്വി യാദവ് ഗവര്‍ണറെ നേരിട്ട് കണ്ടാണ് പ്രതിഷേധം അറിയിച്ചത്. ഒരുമിച്ചുനിന്ന് ജനവിധി തേടി അധികാരത്തിലെത്തിയശേഷം സഖ്യം പിരിഞ്ഞ സാഹചര്യത്തില്‍ പുതിയ തിരഞ്ഞെടുപ്പ് നടത്തി സര്‍ക്കാര്‍ രൂപീകരിക്കണമെന്ന് ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് നടത്താന്‍ ലാലു നിതീഷിനെ വെല്ലുവിളിച്ചു.

കോണ്‍ഗ്രസ്, ആര്‍ജെഡി കൂടി ഉള്‍പ്പെട്ട മഹാസഖ്യമായിരുന്നു കഴിഞ്ഞ ദിവസം വരെ ബിഹാറില്‍ ഭരണത്തിലിരുന്നത്. അഴിമതി ആരോപണത്തില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുന്ന ആര്‍ജെഡിയുമായുള്ള സഖ്യം അവസാനിപ്പിക്കാനുള്ള തീരുമാനമായിരുന്നു ബുധനാഴ്ച വൈകിട്ട് പൊടുന്നനെയുള്ള നിതീഷിന്റെ രാജിയില്‍ കലാശിച്ചത്. രാജി പ്രഖ്യാപിച്ച ഉടനെ തക്കംപാര്‍ത്തിരുന്ന ബിജെപി നിതീഷിന് പിന്തുണയുമായി രംഗത്തെത്തുകയായിരുന്നു. തുടര്‍ന്ന് മൂന്ന് വര്‍ഷം മുന്‍പ് ഉപേക്ഷിച്ച ബിജെപി ബന്ധം വീണ്ടും ആരംഭിക്കാന്‍ നിതീഷ് തീരുമാനിക്കുകയായിരുന്നു.

മഹാസഖ്യം തകര്‍ത്തുകൊണ്ടുള്ള പ്രഖ്യാപനം ബുധനാഴ്ച വൈകിട്ടോടെയാണ് നിതീഷ് നടത്തിയത്. സഖ്യവുമായി മുന്നോട്ട് പോകാനാകില്ലെന്നും രാജിവെക്കുകയായണെന്നുമായിരുന്നു നിതീഷിന്റെ വാക്കുകള്‍. ഉപമുഖ്യമന്ത്രിയായിരുന്ന തേജസ്വി യാദവിനെ പ്രതിയാക്കി സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്നുണ്ടായ അഭിപ്രായഭിന്നതകളാണ് സഖ്യത്തിന്റെ തകര്‍ച്ചയില്‍ കലാശിച്ചത്. തേജസ്വി രാജിവെക്കണമെന്ന് നിതീഷ് ആവശ്യപ്പെട്ടെങ്കിലും ആര്‍ജെഡി അത് കൈക്കൊണ്ടില്ല. തേജസ്വി രാജിവെക്കില്ലെന്നും സഖ്യം തുടരുമെന്നുമായിരുന്നു ബുധനാഴ്ച ഉച്ചയ്ക്കും ലാലു പ്രസാദ് യാദവ് പറഞ്ഞത്. എന്നാല്‍ രാജിയില്ലെന്ന തീരുമാനം വന്ന് നിമിഷങ്ങള്‍ക്കകം നിതീഷ് രാജിപ്രഖ്യാപിക്കുകയായിരുന്നു.

2014 ല്‍ നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതോടെയാണ് നിതീഷ് കുമാര്‍ ബിജെപിയുമായുള്ള രാഷ്ട്രീയബന്ധം അവസാനിപ്പിച്ചത്. തുടര്‍ന്ന് ബിജെപിക്കെതിരെ മതേതര ചേരി എന്ന സങ്കല്‍പ്പമാണ് മഹാസഖ്യത്തിലേക്ക് നയിച്ചത്. അഴിമതി ആരോപണങ്ങള്‍ നേരിടുന്ന ആര്‍ജെഡിയുമായി നിതീഷിന് എത്രകാലം ഒത്തുപോകാനാകും എന്നത് അന്നുതന്നെ ഏവരും സംശയം പ്രകടിപ്പിച്ചിരുന്നു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: