ഇന്ത്യ -യു.എസ് ആണവകരാറിന്റെ സൂത്രധാരന്‍ ; രാജ്യത്ത് ഏറ്റവും കൂടുതല്‍ കാലം വിദേശ കാര്യ സെക്രട്ടറി ; മോദി സര്‍ക്കാരില്‍ എസ് ജയ്ശങ്കറിന് പരിഗണന ഏറെയാണ്

ന്യൂഡല്‍ഹി : മന്‍മോഹന്‍ സിംഗിന്റെ വിശ്വസ്തനും ഇന്ത്യ -യു.എസ് ആണവകരാറിന്റെ സൂത്രധാരനും 2015 മുതല്‍ 2018 വരെ വിദേശകാര്യ സെക്രട്ടറിയുമായിരുന്ന എസ് ജയശങ്കറിനെ മന്ത്രിസഭയിലേക്ക് തെരഞ്ഞെടുക്കാന്‍ ബി.ജെ .പി സര്‍ക്കാരിന് കൂടുതല്‍ ഒന്നും ആലോചിക്കേണ്ടി വന്നില്ല.

വിദേശകാര്യ മന്ത്രിയായി പരിഗണിക്കുന്നതിന് ജയശങ്കറിന് അനുകൂലമായ ഘടകമെന്നത് രാജ്യത്ത് ഏറ്റവും കൂടുതല്‍ കാലം വിദേശകാര്യ സെക്രട്ടറി പദവി വഹിച്ച വ്യക്തി എന്നതും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശകാര്യ നയങ്ങള്‍ക്കും, അമേരിക്കയുമായുള്ള സഹകരണത്തിനും നിര്‍ണായക പങ്ക് വഹിച്ചതുമാണ്. മന്ത്രിസഭയില്‍ പാര്‍ട്ടിക്ക് പുറത്തുനിന്ന് എത്തുന്ന രണ്ടുപേരില്‍ ഒരാള്‍ എസ് ജയശങ്കറാണ്. മറ്റൊരാള്‍ കഴിഞ്ഞ മന്ത്രിസയിലെ നഗര വികസന മന്ത്രിയായിരുന്ന ഹര്‍ദീപ് പുരിയാണ്.

1977-ലാണ് ജയശങ്കര്‍ ഐ എഫ്എസ്സിലെത്തുന്നത്. പിന്നീട് സിംഗപ്പൂരിന്റെ ഹൈക്കമ്മീഷണറായ ശേഷമാണ് ജയശങ്കര്‍ ചൈനയുടെയും അമേരിക്കയുടെയും ഇന്ത്യന്‍ സ്ഥാനപതിയാകുന്നത്. മന്‍മോഹന്‍ സിങിന്റെ വിശ്വസ്തനെന്നും ആണവ കരാറിന്റെ സൂത്രധാരകനെന്നും എസ് ജയശങ്കറിനെ വിശേഷിപ്പിക്കാറുണ്ട്.

2015 ജനുവരിയിലാണ് വിദേശകാര്യ സെക്രട്ടറിയായി ജയശങ്കര്‍ നിയമിതനായത്. മുന്‍ ചൈനീസ് അംബാസിഡറായിരുന്ന ജയശങ്കര്‍ ഡോക്ലാമില്‍ ഇന്ത്യ ചൈന സംഘര്‍ഷാവസ്ഥ നിലനിന്ന സമയത്ത് പ്രശ്‌നപരിഹാരത്തിന് നിര്‍ണായകമായ ഇടപെടലുകള്‍ നടത്തിയിരുന്നു. ഇത് ജയശങ്കറിനെ ശ്രദ്ധേയനാക്കി.

പിന്നീട് അമേരിക്കന്‍ അംബാസിഡറായി എത്തിയ ജയശങ്കര്‍, ഇന്ത്യ – യുഎസ് ബന്ധത്തിന്റെ നിര്‍ണായക കണ്ണിയായി. പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയുമായി നടത്തിയ ഇടപാടുകളുടെയും മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുമായി നടത്തിയ കൂടിക്കാഴ്ചകളുടെയും ബുദ്ധികേന്ദ്രം ജയശങ്കറായിരുന്നു.

2018-ലാണ് എസ് ജയശങ്കര്‍ വിരമിക്കുന്നത്. നിലവില്‍ ടാറ്റാ ഗ്ലോബല്‍ കോര്‍പ്പറേറ്റ് അഫയേഴ്‌സിന്റെ തലവനാണ് ജയശങ്കര്‍. കഴിഞ്ഞ മാര്‍ച്ചില്‍ പദ്മശ്രീ പുരസ്‌കാരത്തിന് ജയശങ്കര്‍ അര്‍ഹനായിരുന്നു.

Share this news

Leave a Reply

%d bloggers like this: