ഇന്ത്യ ബംഗ്ലാദേശ് അതിര്‍ത്തി നിര്‍ണയക്കരാര്‍ യാഥാര്‍ഥ്യമായി

ധാക്ക: ഇന്ത്യയും ബംഗ്ലാദേശും തമ്മിലുളള അതിര്‍ത്തി നിര്‍ണയക്കരാര്‍ യാഥാര്‍ഥ്യമായി. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമാണ് അതിര്‍ത്തി നിര്‍ണയക്കരാറില്‍ ഒപ്പുവെച്ചത്. പ്രധാനമന്ത്രിയായ ശേഷം നരേന്ദ്രമോദിയുടെ ആദ്യ ബംഗ്ലാദേശ് സന്ദര്‍ശനത്തിന്റെ ശ്രദ്ധാകേന്ദ്രം ഇരുരാജ്യങ്ങളും തമ്മിലുളള അതിര്‍ത്തിനിര്‍ണയക്കരാറായിരുന്നു.

അതിര്‍ത്തിത്തര്‍ക്കം പരിഹരിക്കാന്‍ ജനവാസകേന്ദ്രങ്ങള്‍ കൈമാറുകയും പരസ്പരധാരണയോടെ അതിര്‍ത്തിയുടെ അതിര്‍വരമ്പുകള്‍ നിശ്ചയിക്കുകയും ചെയ്യുന്ന കരാറില്‍ ഇരു രാജ്യങ്ങളും വൈകിട്ടാണ് ഒപ്പുവെച്ചത്. കരാര്‍ യാഥാര്‍ഥ്യമാകുന്നതോടെ അതിര്‍ത്തിഗ്രാമങ്ങളിലെ ഒട്ടേറെപ്പേരുടെ പൗരത്വപ്രശ്‌നങ്ങള്‍ കൂടിയാണ് പരിഹരിക്കപ്പെടുന്നത്. അതിര്‍ത്തിക്കരാറിന് പുറമേ ജലപാതകളുടെ ഉപയോഗം, കപ്പല്‍ ഗതാഗതം, മനുഷ്യക്കടത്ത് തടയല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട 20 കരാറുകളില്‍ കൂടി ഇരുരാജ്യങ്ങളും ഒപ്പുവെച്ചു.

തുടര്‍ന്ന് കൊല്‍ക്കത്തയില്‍ നിന്ന് ധാക്ക വഴി അഗര്‍ത്തല വരെ പോകുന്ന ബസ് സര്‍വീസും, ധാക്കഗുവാഹത്തി ബസ് സര്‍വീസും നരേന്ദ്രമോദിയും ഹസീനയും ചേര്‍ന്ന് ഫ്‌ലാഗ് ഓഫ് ചെയ്തു.

ബംഗ്ലദേശ് നാഷണലിസ്റ്റ് പാര്‍ട്ടി പ്രസിഡന്റും പ്രതിപക്ഷനേതാവുമായ ബീഗം ഖാലിദ സിയയുമായും ബംഗ്ലാദേശ് പ്രസിഡന്റ് അബ്ദുള്‍ ഹമീദുമായും നാളെ മോദി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ജലകരാറുകളിലടക്കം ഒപ്പുവെച്ചെങ്കിലും ഇന്ത്യബംഗ്ലാദേശ് അതിര്‍ത്തിയിലുളള തീസ്ത നദിയിലെ ജലം പങ്കുവെയ്ക്കുന്നത് സംബന്ധിച്ചുളള തര്‍ക്കം പരിഹരിയ്ക്കാനുളള ധാരണയില്‍ ഇരുരാജ്യങ്ങളും എത്തുമോ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. രാവിലെ ധാക്ക വിമാനത്താവളത്തിലെത്തിയ നരേന്ദ്രമോദിയ്ക്ക് പ്രൗഢഗംഭീരമായ ഗാര്‍ഡ് ഓഫ് ഓണറാണ് ബംഗ്ലാദേശ് സര്‍ക്കാര്‍ ഒരുക്കിയത്.

Share this news

Leave a Reply

%d bloggers like this: