ഇന്ത്യ-പാക് വാക് പോര് മുറുകുന്നു…

ന്യൂഡല്‍ഹി : പാക്കിസ്ഥാന്‍ സൈനിക മേധാവി ജനറല്‍ റഹീല്‍ ഷരീഫിന്റെ കശ്മീരുമായി ബന്ധപ്പെട്ട പ്രതികരണത്തിന് ശക്തമായ മറുപടിയുമായി ഇന്ത്യ രംഗത്ത്. ‘പാക്കിസ്ഥാനും ജമ്മു കശ്മീരും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടെങ്കില്‍ അത് പാക്കിസ്ഥാന്റെ നിയമവിരുദ്ധമായ ഇടപെടലില്‍ നിന്നും പാക്ക് അധീന കശ്മീരിനെ മോചിപ്പിച്ച് ഇന്ത്യയുടെ ഭാഗമാക്കാം എന്നതുമാത്രമാണ്’ കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു. കശ്മീര്‍ എന്നും ഇന്ത്യയുടെ അവിഭാജ്യ ഘടകമായിരുന്നുവെന്നും അത് എന്നും അങ്ങിനെ തന്നെ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

കശ്മീരെന്നത് വിഭജനത്തിന്റെ പൂര്‍ത്തിയാക്കാത്ത അജന്‍ഡയാണെന്നാണ് സൈനിക മേധാവി ജനറല്‍ റഹീല്‍ ഷരീഫ് പറഞ്ഞത്. നിരപരാധികളാണ് അനീതിക്കും അക്രമത്തിനും കശ്മീരില്‍ ഇരയാകുന്നത്. കശ്മീരിനെക്കുറിച്ച് ഒരു പ്രമേയം കൊണ്ടുവന്നാല്‍ സമാധാനമുണ്ടാകില്ല. വിഷയം മാറ്റിവയ്ക്കാനാകില്ല. ഐക്യരാഷ്ട്ര സംഘടനയുടെ പ്രമേയങ്ങളനുസരിച്ചു കശ്മീര്‍ വിഷയം പരിഹരിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നുവെന്നും പാക്കിസ്ഥാന്‍ സൈനിക മേധാവി പറഞ്ഞു. ഈ പ്രസ്താവനയ്ക്കാണ് ജിതേന്ദര്‍ സിങ് മറുപടി നല്‍കിയിരിക്കുന്നത്.

ഇനിയൊരു യുദ്ധമുണ്ടായാല്‍ ഇന്ത്യയ്ക്കു താങ്ങാനാകില്ല. അങ്ങനെയൊരു അബദ്ധം ഇന്ത്യയുടെ ഭാഗത്തു നിന്നുണ്ടായാല്‍ അത് സഹിക്കാനാകാത്ത പ്രത്യാഘാതമുണ്ടാക്കുമെന്നും റഹീല്‍ ഷരീഫ് പറഞ്ഞു. ഏത് ആക്രമണം നേരിടാനും പാക്കിസ്ഥാന്റെ സൈന്യം സജ്ജമെന്നും സൈനിക മേധാവി വ്യക്തമാക്കിയിരുന്നു.

Share this news

Leave a Reply

%d bloggers like this: