ഇന്ത്യയുമായുള്ള വ്യാപാരം മണ്ടത്തരമെന്ന് ട്രംപ്; ഇന്ത്യയുമായുള്ള വ്യാപാരത്തില്‍ നടപടികള്‍ സ്വീകരിക്കാനൊരുങ്ങി അമേരിക്കന്‍ ഭരണകൂടം…

വാഷിംഗ്ടണ്‍: പല അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്കും ഇന്ത്യ ഇരട്ടിയിലേറെ ഇറക്കുമതി തീരുവ ചുമത്തുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കുറ്റപ്പെടുത്തി. ഇന്ത്യയില്‍ നിന്നുള്ള അതേ ഉല്‍പ്പന്നങ്ങള്‍ക്കോ അല്ലെങ്കില്‍ സമാനമായ ഉല്‍പ്പന്നങ്ങള്‍ക്കോ അമേരിക്ക ഒരു നികുതിയും ചുമത്താതിരിക്കുമ്പോഴാണ് ഇന്ത്യയുടെ ഈ നടപടിയെന്നും ഇന്ത്യയുമായുള്ളത് മണ്ടന്‍ വ്യാപാരമാണെന്നും അദ്ദേഹം പറഞ്ഞു. ലോകത്തെ ഏറ്റവും കൂടുതല്‍ നികുതി ഈടാക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന് കുറ്റപ്പെടുത്തിയതിന് പിന്നാലെയാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ പുതിയ പ്രസ്താവന. ഇന്ത്യയുമായുള്ള വ്യാപാരത്തിന്റെ കാര്യത്തില്‍ വേണ്ട നടപടികള്‍ കൈക്കൊള്ളേണ്ടതുണ്ടെന്ന് അദ്ദേഹം അമേരിക്കന്‍ ഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കുകയുമുണ്ടായി.

ലാസ് വേഗാസില്‍ നടന്ന റിപ്പബ്ലിക്കന്‍ ജ്യൂയിഷ് കോയിലീഷന്‍ യോഗത്തില്‍ സംസാരിക്കവെയാണ് ട്രംപിന്റെ പുതിയ പ്രസ്താവന. ഇന്ത്യ മഹത്തായ രാജ്യമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി നല്ല സുഹൃത്താണെന്നും പറഞ്ഞാണ് 100 ശതമാനത്തിലേറെ നികുതി ചുമത്തുന്നതായി കുറ്റപ്പെടുത്തിയത്. അതേസമയം, ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കെതിരേ തിരിച്ചും നികുതി ഏര്‍പ്പെടുത്തുന്നതിന് സെനറ്റംഗങ്ങളില്‍ നിന്ന് എതിര്‍പ്പ് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തരുതെന്ന് പറയുന്ന സെനറ്റര്‍മാര്‍ തനിക്കുണ്ടെന്നും ഇത് സ്വതന്ത്ര വ്യാപാരമല്ലെന്നും ട്രംപ് പറയുന്നു. ഇത്തരം മണ്ടന്‍ വ്യാപാരത്തിലൂടെ അമേരിക്കയ്ക്ക് ഒരു വര്‍ഷം 800 ബില്യന്‍ ഡോളറാണ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. ആരാണ് ഈ വൃത്തികെട്ട കരാറുണ്ടാക്കിയത്? ഇവര്‍ക്കൊന്നും വിലപേശാന്‍ അറിയില്ല. ഡെമോക്രാറ്റുകളാണ് ഇത്തരം കരാറുകളില്‍ പലതും ഉണ്ടാക്കിയതെന്നും അദ്ദേഹം ചോദിക്കുന്നു. അവര്‍ (ഇന്ത്യക്കാര്‍) 800 ബില്യന്‍ ഡോളറാണ് ഇതുവഴി ഉണ്ടാക്കിയത്. അത് നാം തിരിച്ചുപിടിക്കുകയാണെന്നും ട്രംപ് പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: