ഇന്ത്യയുടെ പുത്രി ഉസ്മ ഒടുവില്‍ മടങ്ങിയെത്തി

പാകിസ്ഥാനില്‍ നിര്‍ബന്ധിത വിവാഹത്തിന് വിധേയയായ യുവതി ഇന്ത്യയില്‍ തിരിച്ചെത്തി.
പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ അഭയം തേടിയിരുന്ന ഉസ്മ കോടതിവിധി പ്രകാരം പ്രത്യേക സുരക്ഷാ സംവിധാനത്തില്‍ വാഗാ അതിര്‍ത്തി വഴിയാണ് സ്വന്തം രാജ്യത്തേക്ക് തിരിച്ചെത്തിയത്. വാഗാ അതിര്‍ത്തി വരെ പാക് സുരക്ഷാ സേനയിലെ അംഗങ്ങളും ഇന്ത്യന്‍ ഹൈകമ്മിഷനിലെ ഉദ്യോഗസ്ഥരും ഉസ്മയെ അനുഗമിച്ചിരുന്നു.

ഉസ്മയെ സ്വാഗതം ചെയ്ത് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വീറ്റ് ചെയ്തു. ഇന്ത്യയുടെ പുത്രിക്ക് സ്വദേശത്തേക്ക് സ്വാഗതം. ഈ ദിവസങ്ങളില്‍ അനുഭവിക്കേണ്ടിവന്ന യാതനകള്‍ക്ക് ഞാന്‍ നിന്നോട് ക്ഷമ ചോദിക്കുന്നു’ എന്നായിരുന്നു ട്വീറ്റ്. പാകിസ്ഥാന്‍ അധികൃതര്‍ക്കും ഉസ്മയുടെ അഭിഭാഷകനായ ഷാ നവാസിനും ജസ്റ്റിസ് മൊഹ്‌സിന്‍ അഖ്തര്‍ ഖയാനിക്കും സുഷമ നന്ദി അറിയിക്കുകയും ചെയ്തു.

മലേഷ്യയില്‍ വച്ചാണ് ഡല്‍ഹി സ്വദേശിനിയായ ഉസ്മ അഹമ്മദ് പാക് സ്വദേശിയായ താഹിര്‍ അലിയെ പരിചയപ്പെട്ടത്. മെയ് ഒന്നിനാണ് ഉസ്മ വാഗാ അതിര്‍ത്തി വഴി പാകിസ്ഥാനിലെത്തിയത്. അവിടെയെത്തിയ ശേഷമാണ് താഹീര്‍ വിവാഹിതനും നാലു കുട്ടികളുടെ പിതാവുമാണെന്നു ഉസ്മ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഇന്ത്യയിലേക്ക് മടങ്ങാന്‍ ശ്രമിച്ചെങ്കിലും താഹീര്‍ തോക്കു ചൂണ്ടി വിവാഹം കഴിക്കുകയായിരുന്നു. പിന്നീട് ഇന്ത്യന്‍ ഹൈക്കമ്മിഷന്റെ സഹായത്തോടെ സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഉസ്മ കോടതിയെ സമീപിക്കുകയായിരുന്നു.

വിവാഹത്തിന് ശേഷം താഹിര്‍ അലി തന്നെ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായും യാത്രാരേഖകള്‍ എടുത്തുമാറ്റിയിരുന്നതായും ഉസ്മ കോടതിയെ അറിയിച്ചു. രാജ്യം വിടാന്‍ അനുവദിക്കരുതെന്ന താഹിറിന്റെ അപേക്ഷ തള്ളിയ ഇസ്ലാമാബാദ് ഹൈക്കോടതി ഉസ്മയ്ക്ക് നാട്ടിലേക്ക് മടങ്ങാന്‍ അനുമതി നല്‍കുകയായിരുന്നു. അതിര്‍ത്തി കടക്കുംവരെ ഉസ്മക്ക് പൊലിസ് സംരക്ഷണം നല്‍കണമെന്നും കോടതി ഉത്തരവിട്ടിരുന്നു.

ന്യൂഡല്‍ഹി ജവഹര്‍ഭവനില്‍ ഉസ്മ സുഷമ സ്വരാജുമായി കൂടിക്കാഴ്ച നടത്തി നന്ദി അറിയിച്ചു. മരണക്കെണിയില്‍ നിന്നുമാണ് താന്‍ രക്ഷപെട്ടുവരുന്നതെന്ന് ഉസ്മ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പാകിസ്ഥാനിലേക്ക് കടക്കാന്‍ എളുപ്പമാണെന്നും എന്നാല്‍ അവിടെ നിന്ന് പുറത്ത് വരുന്നതാണ് കഷ്ടമെന്നും ഉസ്മ പറഞ്ഞു. പാകിസ്താനിലെ വിവാഹിതരായ സ്ത്രീകളുടെ അവസ്ഥ മോശമാണെന്നും ഉസ്മ വെളിപ്പെടുത്തി.തന്നെ പോലെ നിരവധി പേര്‍ പാകിസ്ഥാനില്‍ ഇപ്പോഴും കുടുങ്ങി കിടക്കുന്നുണ്ട്. മലേഷ്യ, ഫിലിപ്പീന്‍സ് തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള യുവതികളാണ് ഇത്തരത്തില്‍ പാകിസ്താനില്‍ ഉള്ളതെന്നും ഉസ്മ പറഞ്ഞു.

https://youtu.be/tdNRTlaXso4

 
എ എം

Share this news

Leave a Reply

%d bloggers like this: