ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രിയായി ആക്ഷേപഹാസ്യ ചിത്രം ന്യൂട്ടണ്‍

 

അമിത് മസൂര്‍കര്‍ സംവിധാനം ചെയ്ത രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രം ന്യൂട്ടണ്‍ ആണ് ഇത്തവണ മികച്ച വിദേശ ചിത്രം വിഭാഗത്തില്‍ ഓസ്‌കാര്‍ പുരസ്‌കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി. ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യ സെലക്ഷന്‍ കമ്മിറ്റിയാണ് തീരുമാനം പ്രഖ്യാപിച്ചത്. തെലുങ്കിലെ നിര്‍മ്മാതാവ് സിവി റെഡ്ഡിയാണ് സമിതി അദ്ധ്യക്ഷന്‍. കമ്മിറ്റിയിലെ എല്ലാവര്‍ക്കും ന്യൂട്ടണ്‍ ഇഷ്ടപ്പെട്ടെന്നും 26 ചിത്രങ്ങളില്‍ നിന്ന് ഏകകണ്ഠേനയാണ് ചിത്രം ഔദ്യോഗിക എന്‍ട്രിയായി തിരഞ്ഞെടുത്തെന്നും സിവി റെഡ്ഡി പറഞ്ഞു. ദേശീയ പുരസ്‌കാര ജേതാവ് രാജ് കുമാര്‍ റാവുവാണ് കേന്ദ്ര കഥാപാത്രമായ ന്യൂട്ടണ്‍ കുമാറിനെ അവതരിപ്പിക്കുന്നത്.

മാവോയിസ്റ്റ് ഭീഷണികള്‍ക്കും ആശങ്കകള്‍ക്കും സംശയങ്ങള്‍ക്കുമിടയില്‍ ഛത്തീസ്ഗഡിലെ ഒരു ഗ്രാമത്തില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തുന്ന പ്രിസൈഡിംഗ് ഓഫീസറാണ് ന്യൂട്ടണ്‍ കുമാര്‍. ദൃശ്യം ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രം വിതരണം ചെയ്യുന്നത് എറോസ് ഇന്റര്‍നാഷണലാണ്. പങ്കജ് ത്രിപാഠി, അഞ്ജലി പാട്ടീല്‍, രഘുബീര്‍ യാദവ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ഇന്നാണ് ചിത്രം തീയറ്ററുകളിലെത്തിയത്. ഛത്തീസ്ഗഡില്‍ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിക്കുന്നത് എന്നാണ് ചിത്രം പറയുന്നതെന്ന് സംവിധായകന്‍ അമിത് മസൂര്‍കര്‍ Scroll.inനോട് പറഞ്ഞു. നമ്മുടെ ജനാധിപത്യം ചിലയിടങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോളും മറ്റ് ചിലയിടങ്ങളില്‍ ഇത് പ്രവര്‍ത്തനരഹിതമാണ്. ഇത് വളരെ ദൗര്‍ഭാഗ്യകരമാണ്. നമ്മുടെ ഈ പോരായ്മകളെ പരിഹരിക്കാന്‍ ആവശ്യമായ ശ്രമങ്ങളുണ്ടാകണം. ന്യൂട്ടണെ ഓസ്‌കാര്‍ എന്‍ട്രിയായി തിരഞ്ഞെടുത്ത കമ്മിറ്റിക്ക് നന്ദി പറയുന്നതായും മസൂര്‍കര്‍ പറഞ്ഞു.

റൂബന്‍ ഓസ്റ്റ്ലന്‍ഡിന്റെ സ്വീഡിഷ് ചിത്രം ദ സ്‌ക്വയര്‍, ഫെയ്ത് അകിന്റെ ജര്‍മ്മന്‍ ചിത്രം ഫേഡ്, ആഞ്ജലീന ജോളിയുടെ കമ്പോഡിയന്‍ ചിത്രം ഫസ്റ്റ് ദേ കില്‍ഡ് മൈ ഫാദര്‍, സെബാസ്റ്റ്യന്‍ ലിലിയോയുടെ ചിലിയില്‍ നിന്നുള്ള സിനിമ എ ഫന്റാസ്റ്റിക് വുമണ്‍, ഫറാന്‍ ആലമിന്റെ പാകിസ്ഥാന്‍ ചിത്രം സാവന്‍, റോബിന്‍ കാമ്പിലോയുടെ ഫ്രഞ്ച് ചിത്രം ബീറ്റ്സ് പെര്‍ മിനുട്ട് എന്നിവയുമായാണ് മികച്ച വിദേശചിത്രത്തിനുള്ള ഓസ്‌കാറിനായി ന്യൂട്ടണ്‍ മത്സരിക്കുന്നത്. 2018 മാര്‍ച്ച് നാലിന് ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കുന്ന 90ാമത് അക്കാഡമി അവാര്‍ഡ്സ് ചടങ്ങ് ലോസ് ഏഞ്ചലസില്‍ നടക്കും. ഇന്ത്യയില്‍ നിന്ന് ഇതുവരെ ഒരു സിനിമ പോലും മികച്ച വിദേശചിത്രത്തിനുള്ള ഓസ്‌കാര്‍ നേടിയിട്ടില്ല. അപുര്‍ സന്‍സാര്‍ (1959), ഗൈഡ് (1965), സാരാംശ് (1984), നായകന്‍ (1987), പരിന്ദ (1989), അഞ്ജലി (1990), ഹേ റാം (2000), ദേവ്ദാസ് (2002), ഹരിശ്ചന്ദ്രാചി ഫാക്ടറി (2008), ബര്‍ഫി (2012), കോര്‍ട്ട് (2014), എന്നിവയാണ് ഇന്ത്യയുടെ ഇതുവരെയുള്ള ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രികള്‍. ഇതില്‍ മൂന്ന് ചിത്രങ്ങള്‍ മാത്രമാണ് നോമിനേഷന്‍ നേടി അവസാന റൗണ്ടിലെത്തിയത് – മെബബൂബ് ഖാന്റെ മദര്‍ ഇന്ത്യ (1957), മീര നായരുടെ സലാം ബോംബെ (1988), അശുതോഷ് ഗവാരിക്കറുടെ ലഗാന്‍ (2001) എന്നിവ.

 

 

എ എം

 

Share this news

Leave a Reply

%d bloggers like this: