ഇന്ത്യയില്‍ 200 വിമാനങ്ങള്‍ സ്വന്തമാക്കിയ ആദ്യ വിമാനക്കമ്പനിയെന്ന ബഹുമതിയുമായി ഇന്‍ഡിഗോ

ഫ്രാന്‍സിലെ എയര്‍ബസ് ഫാക്ടറിയില്‍ നിന്നു വ്യാഴാഴ്ചയാണ് ഇരുനൂറാമത്തെ വിമാനമായ എ320 നിയോ ഇന്‍ഡിഗോ ആസ്ഥാനത്തെത്തിയത്. ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയ്ക്കു നിലവില്‍ 118 വിമാനങ്ങളാണുള്ളത്. ജെറ്റ് എയര്‍വേയ്സിന് 124 വിമാനങ്ങളുണ്ട്. സ്പൈസ്ജെറ്റിന് 61 വിമാനങ്ങളുണ്ട്. 2026 ആകുമ്പോഴേക്ക് നാനൂറിലേറെ വിമാനങ്ങള്‍ കൂടി സ്വന്തമാക്കാനുള്ള പദ്ധതിയാണ് ഇന്‍ഡിഗോയുടേത്. ഇതില്‍ 220 എ320 നിയോ വിമാനങ്ങളും 150 എ321 നിയോ വിമാനങ്ങളും 40എടിആര്‍ വിമാനങ്ങളും ഉള്‍പ്പെടും.

ചെലവു കുറഞ്ഞ സര്‍വീസ് ശ്രേണിയില്‍ 2006ലാണ് ഇന്‍ഡിഗോ ഇന്ത്യയില്‍ വാണിജ്യ സര്‍വീസുകള്‍ ആരംഭിച്ചത്. ചിട്ടയാര്‍ന്ന പ്രവര്‍ത്തനത്തിലൂടെ 12 വര്‍ഷം കൊണ്ട് രാജ്യത്തെ ഏറ്റവും വലിയ വിപണി വിഹിതമുള്ള വിമാനകമ്പനിയായി ഇന്‍ഡിഗോ മാറി. നിലവില്‍ 43 ശതമാനമാണ് ഇന്‍ഡിഗോയുടെ വിപണി പങ്കാളിത്തം. ഇക്കഴിഞ്ഞ ഒക്ടോബറില്‍ 50 ലക്ഷം യാത്രക്കാര്‍ ഒരു മാസം യാത്ര ചെയ്ത ഇന്ത്യയിലെ ആദ്യ വിമാനകമ്പനിയെന്ന ബഹുമതിയും ഇന്‍ഡിഗോയെ തേടിയെത്തി. ഇപ്പോള്‍ പ്രതിദിനം ആയിരത്തിലേറെ സര്‍വീസുകള്‍ ഇന്‍ഡിഗോ നടത്തുന്നുണ്ട്.

രാഹുല്‍ ഭാടിയ, രാകേഷ് ഗാങ്വാള്‍ എന്നിവര്‍ മുഖ്യ പ്രമോട്ടര്‍മാരായ ഇന്‍ഡിഗോയുടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ സാമ്പത്തികനിലവാരവും രാജ്യത്തെ മികച്ചതു തന്നെ. ഇന്‍ഡിഗോ 2018ല്‍ നേടിയ വരുമാനം 23,920 കോടി രൂപയാണ്. ടിക്കറ്റ് വില്‍പനയില്‍ നിന്നുമാത്രം ഇന്‍ഡിഗോ കഴിഞ്ഞ വര്‍ഷം നേടിയത് 19,943 കോടി രൂപയാണ്. മുന്‍ വര്‍ഷം ഇത് 16,197 കോടി രൂപയായിരുന്നു. 23% വളര്‍ച്ച. ലാഭം 3,126 കോടി രൂപ.

ഓരോ വിമാനത്തിലെയും ശരാശരി യാത്രക്കാരുടെ എണ്ണം 84.8 ശതമാനത്തില്‍നിന്നു വര്‍ധിച്ച് കഴിഞ്ഞ വര്‍ഷം 87.4 ശതമാനമായി. വിമാനസര്‍വീസുകളുടെ എണ്ണം 3,00,526ല്‍ നിന്നും 17 ശതമാനം വര്‍ധിച്ച് 3,47,640 ആയി ഉയര്‍ന്നു ഇന്‍ഡിഗോയുടെ ചരിത്രത്തില്‍ ആദ്യമായാണ് 2018 രണ്ടാം പാദത്തില്‍ 652 കോടി രൂപ നഷ്ടത്തിലായത്. ഉയര്‍ന്ന ഇന്ധനവിലയും പ്രവര്‍ത്തനച്ചെലവുകളില്‍ വന്ന ക്രമാതീതമായ വര്‍ധനയുമാണ് ഇതിനു കാരണമായത്.

ഇതിനെ മറികടക്കാനായി വരുമാനം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ ഇന്‍ഡിഗോ ആരംഭിച്ചുകഴിഞ്ഞു. വെബ് ചെക്ഇന്‍ ചാര്‍ജ് ഈടാക്കല്‍, യാത്രാ വിമാനങ്ങളില്‍ ബാക്കിയുള്ള സ്ഥലത്തു കാര്‍ഗോ കയറ്റല്‍ തുടങ്ങിയവ. രാജ്യത്തെ കൂടുതല്‍ സെക്ടറുകളിലേക്ക് പറക്കുന്നതിനൊപ്പം തന്നെ രാജ്യാന്തര സര്‍വീസുകളില്‍ കൂടുതല്‍ ശ്രദ്ധയും പതിപ്പിച്ചിരിക്കുകയാണ് ഇപ്പോള്‍ കമ്പനി. ഇന്ത്യയിലെ മറ്റു വിമാനക്കമ്പനികളും അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ പുതിയ വിമാനങ്ങള്‍ സ്വന്തമാക്കുന്നതിനായി വമ്പന്‍ ഓര്‍ഡറുകളാണ് നല്‍കിയിട്ടുള്ളത്. എയര്‍ഇന്ത്യക്ക് ഈ വര്‍ഷം 11 വിമാനങ്ങളാണെത്തുക. എയര്‍ഏഷ്യയ്ക്ക് 5 വര്‍ഷത്തിനുള്ളില്‍ 60 വിമാനങ്ങളെത്തും.

ഗോ എയറിന് നാലു വര്‍ഷത്തിനുള്ളില്‍ 119 വിമാനങ്ങളെത്തും. ജെറ്റ് എയര്‍വേയ്സ് ആറു വര്‍ഷത്തിനുള്ളില്‍ 156 പുതിയ വിമാനങ്ങള്‍ വാങ്ങും. സ്പൈസ്ജെറ്റിന് 2023നകം 157 വിമാനങ്ങളാണ് ലഭിക്കുക. വിസ്താര 60 പുതിയ വിമാനങ്ങള്‍ക്കാണ് ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: