ഇന്ത്യയില്‍ മിണ്ടിയാല്‍ രാജ്യദ്രോഹക്കുറ്റമെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണല്‍

ഇന്ത്യയിലെ രാജ്യദ്രോഹകുറ്റങ്ങള്‍ക്കെതിരെ മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷ്ണല്‍ രംഗത്ത്. വിമര്‍ശിക്കുന്നവര്‍ക്കെതിരെ രാജ്യദ്രോഹകുറ്റം പ്രയോഗിക്കുകയെന്നതാണ് ഇപ്പോള്‍ ഇന്ത്യന്‍ ഭരണകൂടം ചെയ്യുന്നത്. ഇന്ത്യയില്‍ നിലനില്‍ക്കുന്നതില്‍ ഏറ്റവും കിരാതമായ നിയമമാണ് രാജ്യദ്രോഹകുറ്റം എന്നാണ് ആംനെസ്റ്റി ആരോപിച്ചിരിക്കുന്നത്. സംഘടനയുടെ മനുഷ്യാവകാശ റിപ്പോര്‍ട്ടിലാണ് ഭാരതത്തിന്റെ രാജ്യദ്രോഹനിയമത്തെയും മനുഷ്യാവകാശ ധ്വംസനങ്ങളെയും നിശിതമായി വിമര്‍ശിച്ചിരിക്കുന്നത്.

ഇന്ത്യയില്‍ ഇന്നും ജാതിയുടെയും മതത്തിന്റെയും പേരില്‍ നടക്കുന്ന അക്രമങ്ങളും, ഗുജറാത്ത്, ഹരിയാന, മധ്യപ്രദേശ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഗോസംരക്ഷണത്തിന്റെ പേരില്‍ നടന്ന കൊലകുറ്റങ്ങളുമെല്ലാം റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്.
കൊളോണിയല്‍ കാലത്തെ ഓര്‍മിപ്പിക്കും വിധമുള്ള നിയമങ്ങള്‍ സാധാരണക്കാര്‍ക്കുനേരെ പ്രയോഗിക്കുന്ന സാഹചര്യമാണ് ഇന്ത്യയില്‍ നിലനില്‍ക്കുന്നതെന്നും , ഇതിലൂടെ ശക്തമായ മനുഷ്യാവകാശ ധ്വംസനങ്ങളാണ്‌നടക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ഈ അടുത്തകാലത്തായി നടന്ന ആക്രമങ്ങളെയും റിപ്പോര്‍ട്ട് അപലപിച്ചു. ഉറിയിലെയും ജമ്മുകാശ്മീരിലെയും സൈനികാക്രമണങ്ങള്‍ ഉദാഹരണമായി സൂചിപ്പിച്ചുകൊണ്ടാണ് ആംനെസ്റ്റി അഭിപ്രായം രേഖപ്പെടുത്തിയത്. ഇത്തരം ആക്രമണങ്ങള്‍ ലോകത്തുമുഴുവന്‍ ഭീതി സൃഷ്ടിക്കുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. കള്ളപ്പണം തടയുക എന്ന ലക്ഷ്യത്തോടെ നോട്ട് പിന്‍വലിച്ച സര്‍ക്കാരിന്റെ തീരുമാനം കോടികണക്കിന് ആളുകളെ ബാധിച്ചെന്നും അത് ആഗോള വിപണിയെയും ബാധിച്ചെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു.

2017ലും ഈ സ്ഥിതി തുടരുകയാണെങ്കില്‍ മുഴുവന്‍ ലോകത്തിനും അതിന്റെ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും ആംനെസ്റ്റി മുന്നറിയിപ്പ് നല്‍കി. പ്രശ്‌നങ്ങള്‍ കൃത്യമായി പരിഹരിച്ചില്ലെങ്കില്‍ അത് മുഴുവന്‍ രാഷ്ട്രങ്ങളെയും ബാധിക്കുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിച്ചു. സിറിയ, ഇറാഖ്, സൗത്ത് സുഡാന്‍, യെമന്‍, ലിബിയ, തുടങ്ങി ഇരുപത്തിമൂന്നോളം രാഷ്ട്രങ്ങളില്‍ 2016 ല്‍ യുദ്ധം നടന്നെന്നാണ് ആംനെസ്റ്റി കണ്ടെത്തിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: